Tuesday 04 April 2023 03:41 PM IST

‘ഞാൻ വിക്കി സംസാരിക്കുമ്പോൾ പലർക്കും സഹതാപമാണ്’: നായകനായ സിനിമയ്ക്ക് പോസ്റ്ററൊട്ടിക്കാന്‍ പോലും ആളില്ല, കണ്ണീരോടെ സജൽ

Binsha Muhammed

sajal-

ഒരു സിനിമ പിറവിയെടുക്കുമ്പോൾ ഒരുപാട് പേരുടെ സ്വപ്നങ്ങൾ കൂടി പിറവികൊള്ളുന്നു. ചാൻസ് ചോദിച്ചും അലഞ്ഞും കാത്തിരുന്നും അധ്വാനിച്ചും നൂറു കണക്കിന് പേർ അരങ്ങിലും ക്യാമറയ്ക്കു പിന്നിലുമെത്തുന്ന മഹാസംഭവം കൂടിയാണ് സിനിമ. ഒരു വെള്ളിയാഴ്ചയിൽ കുറിക്കപ്പെടുന്ന തലവരയിൽ വിശ്വസിച്ച്, സിനിമയെ വ്രതം പോലെ ഉള്ളിൽ കൊണ്ടു നടക്കുന്ന ആയിരങ്ങളുടെ പ്രതിനിധിയാണ് സജൽ സുദർശനനും. കാത്തിരുന്ന് കാത്തിരുന്ന് നായകനായെത്തിയ തന്റെ സിനിമ അഭിമാനത്തോടെ പൂർത്തിയാക്കി സജൽ. പക്ഷേ ആ ചിത്രം തീയറ്ററിലെത്തുമോ എന്നു ചോദിക്കുമ്പോൾ നിറകണ്ണുകളോടെ സജൽ നിസഹനായിപ്പോകും.

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ 7നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ സ്ക്രീനിൽ കാണാൻ കൺകൊതിച്ച ചിത്രം തീയറ്ററിലെത്തുമോ എന്നു പോലും സജലിന് ഉറപ്പില്ല. എന്തിനേറെ റിലീസിന് 3 ദിനം മാത്രം ബാക്കി നിൽക്കേ പോസ്റ്റർ പോലും ഒട്ടിച്ചിട്ടില്ല. സ്വന്തം പഠനം പോലും പാതിവഴിക്ക് നിർത്തി സിനിമ സ്വപ്നം കണ്ട് ഈ പ്രോജക്ടിന്റെ ഭാഗമായതാണ് സജൽ. അതുപോലെ ജോലിയും സമയവും കളഞ്ഞ് രാപ്പകലോളം ഈ കുഞ്ഞ് ചിത്രത്തിനു വേണ്ടി സഹകരിച്ച എത്രയോ സജലുമാർ വേറെയും. എന്നിട്ടും തങ്ങളുടെ ചിത്രത്തിന് എന്താണ് സംഭവിച്ചത്. നിറകണ്ണുകളോടെ സജല്‍ വനിത ഓൺലൈനോട് മറുപടി പറയുന്നു.

കഷ്ടപ്പാടാണ്... കാണാതെ പോകരുത്

എന്നെ കേൾക്കുമ്പോൾ 2 മിനിറ്റ് കൂടുതൽ എടുത്തേക്കാം. ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാൾ. അതായത് എനിക്ക് അൽപം വിക്കുണ്ടേ... അതു കൊണ്ട് ക്ഷമിക്കണം.– കുറവുകളെ മറയ്ക്കുന്ന പുഞ്ചിരിയോടെ സജൽ പറഞ്ഞു തുടങ്ങുകയാണ്.

അവകാശവാദങ്ങളില്ല, വൻ താരനിരകളുടെ ചിത്രങ്ങൾ ബോക്സോഫീസിൽ തകർത്തോടുന്ന കാലത്ത് ഇതൊരു മഹാസംഭവമാണെന്നും പറയുന്നില്ല. പക്ഷേ ഊണും ഉറക്കവും ഉപേക്ഷിച്ച് ഞങ്ങൾ കുറേ പേർ ഈ സിനിമയ്ക്കു വേണ്ടി ഏറെ അധ്വാനിച്ചിരുന്നു. കാത്തിരുന്നും കെഞ്ചിച്ചോദിച്ചും കുറച്ചു സ്ക്രീനുകൾ മാത്രമായിരിക്കും ഞങ്ങളുടെ കായ്പോളയ്ക്ക് കിട്ടുന്നത്. അതുപോലും ഇല്ലാതാകുമോ എന്ന പേടിയാണ് ഇപ്പോൾ. എത്ര തീയറ്ററുകളുണ്ടെന്നറിയില്ല, എന്തൊക്കെയാണ് ഒരുക്കങ്ങളെന്ന് അറിയില്ല. എന്തിനേറെ സിനിമയുടെ പോസ്റ്റർ പോലും ഒട്ടിച്ചിട്ടില്ല.– വേദനയോടെ സജൽ പറയുന്നു.

സിനിമ റിലീസ് ആകുന്നതിന് ഒരാഴ്ച മുൻപേ എങ്കിലും പോസ്റ്റർ ഒട്ടിക്കണ്ടേ. ചെറിയ രീതിയിലെങ്കിലും പ്രമോഷൻ വേണ്ടേ. അതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. പത്ത് പോസ്റ്ററുകളെങ്കിലും കണ്ടാലല്ലേ ഈ സിനിമ കാണണോ വേണ്ടയോ എന്നെങ്കിലും പ്രേക്ഷകർ തീരുമാനിക്കുകയുള്ളൂ. അണിയറ പ്രവർത്തകരോട് ചോദിക്കുമ്പോൾ അറിയാൻ കഴിയുന്നത് ഈ സിനിമയുടെ അനുബന്ധ ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കി പ്രമോഷനുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പിൽ ആർക്കോ കോൺട്രാക്ട് കൊടുത്തുവെന്നാണ്. പക്ഷേ ഈ സിനിമയ്ക്കു വേണ്ടി ഒരു ചെറുവിരൽ പോലും ഇതുവരേയും അനക്കുന്നതായിട്ട് കണ്ടിട്ടില്ല. ഒടുവിൽ ഏറെ വേദനയോടെയും സങ്കടത്തോടെയും ഞങ്ങൾ കുറച്ചു പേർ പോസ്റ്ററുകളുമായി കൊച്ചിയിലേക്കിറങ്ങി. സിനിമ റിലീസാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഓരോ ചുമരുകളും തേടി ഞങ്ങൾ കുറച്ചു പേർ നടക്കുകയാണ്, ഞങ്ങളാലാകുന്നത് ചെയ്യാൻ. സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നത് മഹാകാര്യമാണെന്നല്ല പറഞ്ഞു വരുന്നത്, പക്ഷേ എന്തിന് ഞങ്ങളുടെ ഈ കഷ്ടപ്പാടിനെ കണ്ടില്ലെന്ന് നടിക്കുന്നു എന്നതാണ് ചോദ്യം.

പരിമിതികൾ താണ്ടി സ്വപ്നം

എനിക്ക് വിക്കലുണ്ട്, അതിന്റെ പേരിൽ ഞാനെന്റെ സ്വപ്നങ്ങളെ പാതിവഴിക്കാക്കിയിട്ടില്ല. ഈ വിക്കലും വച്ച് പോകാത്ത ഓഡീഷനുകളില്ല. പക്ഷേ പലർക്കും എന്നോട് സഹതാപമാണ്. ഇവനെ കൊണ്ട് ഇതൊന്നും ചെയ്യിക്കേണ്ട എന്ന സെന്റി മൈൻഡാണ് പലർക്കും. പക്ഷേ അത്തരം മുൻവിധികളൊക്കെ മറികടന്നാണ് ഞാൻ ഈ സിനിമയെ ഹൃദയത്തോടു ചേർത്തു നിർത്തിയത്. പഠനം പോലും പാതിവഴിക്ക് നിർത്തി ഇറങ്ങിയത് അതുകൊണ്ടാണ്. എ ഫോര്‍ ആപ്പിൾ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അത് വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. എന്നെപ്പോലുള്ള തുടക്കക്കാർക്ക് കായ്പോള എന്ന ഈ ചിത്രം കച്ചിത്തുരുമ്പാണെന്ന് വീണ്ടും പറയട്ടെ. ആരാണ് ഈ സിനിമയെ അവഗണിക്കുന്നതെന്ന് അറിയില്ല. എന്റെ പപ്പ സുദർശനൻ കാഞ്ഞിരംകുളം സിനിമയിൽ പ്രൊഡ്യൂസറാണ്. പക്ഷേ സ്വന്തം നിലയിൽ സിനിമയിൽ ഇടം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വീണ്ടും പറയുന്നു, ദയവു ചെയ്ത് കൈവിടരുത്. – സജൽ പറയുന്നു.  

സർവൈവൽ സ്പോര്‍ട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രം കെ ജി ഷൈജുവാണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്.

അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.