പണവും പ്രശസ്തിയും ഒരുപോലെ കിട്ടുന്ന കരിയർ – സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ വലുതാണ്. പണ്ട് സിനിമയുടെ വലിയ സ്ക്രീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്േനഹവും മൊബൈലിന്റെ കുഞ്ഞു സ്ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എ ന്തിന് ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താര മാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.
ഈ ഗ്ലാമർ ലോകത്ത് ഡിസ്‍ൈലക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തുവന്ന വിവരങ്ങൾ.
കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.
അഭിനയം, മോഡലിങ് തുടങ്ങി എന്തുമാകട്ടെ,സെലിബ്രിറ്റി എന്ന വാക്ക് നൽകുന്ന സന്തോഷവും അഭിമാനവും സ്വപ്നം കണ്ട് ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. ഏതൊരു ജോലിയും പോലെ മികച്ച കരിയർ തന്നെയാണിത്. പക്ഷേ, ഇറങ്ങും മുൻപ് ഈ മേഖലയെ കുറിച്ച് പഠിക്കുക. എന്നിട്ട് ക്യാമറയ്ക്കു മുന്നിലേക്ക് കാലെടുത്തു വയ്ക്കാം.
‘സ്ത്രീകൾ മാത്രം സൂക്ഷിക്കണം,’ ‘അവരെ കുടുക്കാനുള്ള വലയുമായി ചിലർ ഇറങ്ങിയിട്ടുണ്ടേ.’ എന്നൊക്കെ പറയേണ്ട കാലം കഴിഞ്ഞു. സ്ത്രീയുടെ തെറ്റുകൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ വീണു പോയാൽ തുറന്നു പറയാൻ പോലും മടിക്കുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ നിയമ സുരക്ഷകൾ നൽകാനാകും... ഈ മേഖലയിലെ പ്രശസ്തർ നൽകുന്ന ചില അനുഭവ പാഠങ്ങൾ.ആരാണ് കുറ്റക്കാർ?-റിമ കല്ലിങ്കൽ, നടി
പലരും പറയുന്നത് പെൺകുട്ടികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ്. എന്തൊരു വിഡ്ഢിത്തമാണ് അതെന്ന് ആലോചിക്കൂ.
ഒരു പെൺകുട്ടിയും താൻ ആക്രമിക്കപ്പെടണം എന്നു കരുതി ഒന്നും ചെയ്യുന്നില്ല. സമൂഹം ചിന്തിക്കേണ്ടത്, ലൈംഗികകാര്യങ്ങളിൽ മനോവൈകൃതമുള്ളവർക്കും സ്ത്രീ പീഡകർക്കും ഈ ധൈര്യം എവിടെ നിന്നു കിട്ടുന്നു എന്നാണ്. അത്തരം ആളുകൾക്കാണ് ചികിത്സ വേണ്ടത്. അവരെയാണ് ഉപദേശിക്കേണ്ടത്. അല്ലാതെ പെൺകുട്ടികൾക്ക് ചതിക്കുഴിയിൽ വീഴാതെ നടക്കാനുള്ള ഉപദേശം പറഞ്ഞു കൊടുക്കേണ്ട കാലം കഴിഞ്ഞു. അവരല്ല ശ്രദ്ധിക്കേണ്ടത്.
കുറ്റം അവളുടെയാണോ? അവളെ സുരക്ഷിതയാക്കാ ൻ സമൂഹം എങ്ങനെ മാറണമെന്നല്ലേ ചിന്തിക്കേണ്ടത്. ആ പുനർചിന്തനമല്ലേ വേണ്ടത്? സിനിമാ മേഖലയിൽ ഡബ്ല്യുസിസി മുന്നോട്ടു വച്ച ചോദ്യം അതാണ്.
തുറന്നു പറച്ചിലുകൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ടിതു നേരത്തെ പറഞ്ഞില്ലെന്നു ചോദിക്കുന്നുണ്ടല്ലോ? ഒരു കുട്ടി ഏന്തെങ്കിലും സംസാരിക്കാന്‍ തയാറാകുകയാണെന്നു കരുതുക. അവൾ അതുവരെ അനുഭവിച്ച വേദനയെക്കാൾ വലുതാകും പിന്നീട് അനുഭവിക്കേണ്ടി വരിക. ആ പെൺകുട്ടിയെ മാത്രമല്ല വീട്ടുകാരെ പോലും സമൂഹം ഒറ്റപ്പെടുത്തില്ലേ? ഒറ്റപ്പെടുത്താൻ അല്ല, അവളെ ഒപ്പം നിർത്താൻ എന്നാണ് പഠിക്കുക?
ഇതൊരു ജോലി മാത്രം എന്നു സമൂഹം തിരിച്ചറിയണം-ഡോ.സൈലേഷ്യ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൊച്ചി
ഇന്റലക്ച്വൽ ജോലി പോലെയല്ല ക്രിയേറ്റീവ് രംഗം. വൈകാരികമായ പല സംഘർഷങ്ങളും അവർക്കുണ്ടാകാം. അത് നിയന്ത്രിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്.
ആരെന്തു പറഞ്ഞാലും സ്വയം തീരുമാനിച്ച പാതയിലൂടെ നടക്കാനുള്ള ആത്മധൈര്യം വേണം. അതുപോലെ നമ്മുടെ പരിമിതികൾ മനസ്സിലാക്കി എവിടെ എ ത്തണം എന്നു തീരുമാനിക്കണം. പരിമിതികള്‍ മറികടക്കാൻ, കൂടുതല്‍ നേട്ടങ്ങളിലേക്കെത്താൻ ഒരിക്കലും വിട്ടുവീഴ്ചകൾക്ക് തയാറാകരുത്.
∙ സമൂഹം അനാവശ്യമായ മുൻവിധികൾ ഒഴിവാക്കണം. മോഡലിങും റാംപ് വാക്കും എല്ലാം അവർ ചെയ്യുന്ന ജോലികളാണെന്ന് തിരിച്ചറിയുക. ഉദാഹരണത്തിന് ജ്വല്ലറി പരസ്യത്തിന്റെ മോഡൽ. അവർ കഴുത്തിറക്കമുള്ള ഉടുപ്പിട്ട് മാല ധരിക്കുന്നു. കഴുത്ത് കാണുന്ന വിധത്തിലുള്ള ഫോട്ടോ വരുന്നു. ജോലിയുടെ ഭാഗമായാണ് ആ കുട്ടി ആ ഉടുപ്പിട്ടതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധമെങ്കിലും കാണുന്ന പ്രേക്ഷകന് വേണം.
പ്രസവം എടുക്കുന്ന പുരുഷ ഗൈനക്കോളജിസ്റ്റ്–അദ്ദേഹം ഒരു ദിവസം പത്തു സ്ത്രീകളുടെ സ്വകാര്യ ഭാഗം കാണുന്നു എന്ന് നമുക്ക് ആക്ഷേപിക്കാൻ പറ്റുമോ? അതു പോലുള്ള ജോലിയാണ് മോഡലിങും. അല്ലാതെ ശരീര ഭാഗങ്ങൾ കാണിക്കാനല്ല ആ കുട്ടി ജോലി ചെയ്യുന്നത്.
അതു മനസ്സിലാക്കാത്തവരാണ് ‘നാട്ടുകാരെ കാണിക്കാം നമ്മൾ ചോദിച്ചാലാണ് കാണിക്കാൻ പറ്റാത്തതെന്ന’ മനുഷ്യത്വമില്ലാത്ത കമന്റുകള്‍ സോഷ്യൽമീഡിയയിൽ തള്ളുന്നത്. മനുഷ്യരെ മനുഷ്യനായി കാണുക. ഇത് സമൂഹത്തെ പഠിപ്പിക്കാൻ പറ്റിയാൽ വിജയിച്ചു.
∙ വ്യക്തിത്വത്തിന് കോട്ടം തട്ടുന്ന എന്തു കാര്യമുണ്ടായാലും നിയമപരമായി തന്നെ മുന്നോട്ടു പോവുക. താമസിക്കും തോറും പല കുഴപ്പങ്ങളുമുണ്ടാകും. എന്തു കൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന ചോദ്യം ഉയർന്നേക്കാം. പലപ്പോഴും അത്തരം സംഭവങ്ങളുണ്ടാക്കുന്ന മാനസിക സംഘർഷവും ഭയവുമൊക്കെയാണ് നിശബ്ദയാക്കുന്നത്. ഇതൊഴിവാക്കാന്‍ മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടാം. നിഷ്പക്ഷമായി കാര്യങ്ങളെ വിശദീകരിക്കാൻ അവർക്ക് സാധിക്കും.
∙ വേണ്ടകാര്യം, വേണ്ട സമയത്ത് വേണ്ടപോലെ പറയാനാകണം. പലർക്കും ‘വേണ്ടപോലെ’ പറയാനറിയില്ല. അത് പരിശീലിക്കുക.