Thursday 21 May 2020 01:51 PM IST

ഇക്കയുമായി ഇനി മോഹന്‍ലാല്‍ സിനിമയ്ക്കില്ല! ഭാര്യയുടെ പരാതികേട്ട ലാല്‍ ആരാധന; സഫീറിന്റെ ചങ്കിനകത്താണ് ലാലേട്ടന്‍

Binsha Muhammed

saf-main

 ഇഷ്ടമെന്ന് പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ ഒരിഷ്ടം...?  മോഹന്‍ലാല്‍ എന്ന അഭിനയ സൗകുമാര്യത്തോട് മലയാളിക്കുള്ള അഭിനവേശത്തെ അളന്നു കുറിച്ചിടാന്‍ 'ഇഷ്ടമെന്ന' വാക്ക് പോരാതെ വരും. ഏട്ടനായും, മകനായും, കൂടപ്പിറപ്പായും ചങ്കില്‍ കുടിയേറിയ ഈ മനുഷ്യന്‍ മലയാളിക്ക് ആരൊക്കെയോ ആണ്. മോഹന്‍ലാല്‍ സിനിമയുടെ റിലീസ് ദിനത്തില്‍ ടിക്കറ്റ് സംഘടിപ്പിച്ച്, ആരവം മുഴക്കുന്നത് മാത്രമാണ് ലാല്‍ ആരാധനയെന്ന് പറയുന്നവര്‍ ഒന്നിതുവഴി വരണം. ഇവിടെയൊരു മനുഷ്യന്‍ ലാല്‍ എന്ന സര്‍വ വിജ്ഞാനകോശത്തെ ചങ്കില്‍ കോറിയിട്ട് നടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശിയും ഖത്തറില്‍ പ്രവാസിയുമായ സഫീര്‍ അഹമ്മദിന് മോഹന്‍ലാല്‍ എന്നത് വെറുമൊരു പേരല്ല. മോഹന്‍ലാലിനോടുള്ള മൊഹബ്ബത്ത് കൂടികൂടി ആ മനുഷ്യനെ നെഞ്ചിലേക്ക് ആവാഹിച്ച ആരാധകന്‍ കൂടിയാണ് സഫീര്‍. പുലിമുരുകനെ കടമെടുത്താല്‍ 'ലക്ഷത്തിലൊന്നേ കാണൂ...' ഇങ്ങനെയൊരു ആരാധകന്‍. സഫീറിന്റെ മോഹന്‍ലാല്‍ ഇഷ്ടങ്ങളുടെ തെളിവെന്തെന്ന് ചോദിച്ചാല്‍...ഒരൊന്നൊന്നര മറുപടിയായിരിക്കും ലഭിക്കുക. തിരനോട്ടം മുതല്‍ ബിഗ്ബ്രദര്‍ വരെയുള്ള 340 ലാല്‍ ചിത്രങ്ങള്‍ 5 മിനിറ്റില്‍ ലിസ്റ്റ് ചെയ്യും ഈ കട്ട ലാലേട്ടന്‍ ഫാന്‍. കൂടാതെ ഈ മുഴുവന്‍ സിനിമയിലേയും കഥാപാത്രങ്ങളില്‍ തുടങ്ങി അണിയറ പ്രവര്‍ത്തകരെ വരെ ഓര്‍ത്തു പറയാനും ഈ മനുഷ്യന് കഴിയും. തീര്‍ന്നില്ല കഥ, ഒരു പക്ഷേ മലയാള മനോരമയുടെ ആര്‍ക്കൈവില്‍ മാത്രമുള്ള മോഹന്‍ലാലിന്റെ ദേശീയ അവാര്‍ഡ് വാര്‍ത്താ ചിത്രം നിധി പോലെ സൂക്ഷിച്ചു വയ്ക്കുകയാണ് ഈ മനുഷ്യന്‍. മിന്നിമറയുന്ന ലാല്‍ ഭാവങ്ങളുടേയും നെഞ്ചില്‍ പതിഞ്ഞ ചിത്രങ്ങളുടേയും കളക്ഷന്‍ വേറെ. സാക്ഷാല്‍ മോഹന്‍ലാലിന്‍റെ പോലും കണ്ണുതള്ളിച്ച ആരാധനയുടെ കഥ വനിത ഓണ്‍ലൈനോട് പറയുമ്പോള്‍ നിറഞ്ഞ അഭിമാനമായിരുന്നു സഫീറിന്...

safee6

താളവട്ടത്തില്‍ തുടങ്ങിയ പ്രേമം

എല്ലാ ഇഷ്ടങ്ങള്‍ക്കും ആരാധനകള്‍ക്കും ഒരു ലിമിറ്റ് ഉണ്ട് എന്ന് നമ്മളെ പലരും ഉപദേശിക്കും. പക്ഷേ എത്ര ഋതുഭേദങ്ങള്‍ കഴിഞ്ഞാലും ലാലേട്ടന്‍, ഇഷ്ടത്തിനും മേലെ ഇഷ്ടമായി നമ്മുടെ മനസിലുണ്ടാകും. അതിന്റെ രഹസ്യം ലാലേട്ടനും പടച്ചോനും മാത്രമേ അറിയൂ. കുട്ടിക്കാലം മുതല്‍ തന്നെ അത്യാവശ്യം എല്ലാ സിനിമകളും കൊടുങ്ങല്ലൂരിലെ തിയേറ്ററുകളില്‍ പോയി കാണുമായിരുന്നു, എന്റെ ഇക്കയായിരുന്നു എനിക്ക് കൂട്ട്. അന്നത്തെ കുട്ടികള്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത ഫ്രീഡം ഞങ്ങള്‍ രണ്ട് പേര്‍ക്കും കിട്ടിയിരുന്നു.1986 ല്‍ താളവട്ടത്തോട് കൂടിയാണ് ഞാന്‍ മോഹന്‍ലാലിനെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട് തുടങ്ങിയത്. കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരിയില്‍ ഇരുന്ന് കണ്ണീരണിഞ്ഞ നിമിഷം ഇന്നും ഓര്‍മയുണ്ട്. വില്ലന്‍ ഇമേജൊക്കെ മാറ്റി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു ആ ആ മനുഷ്യന്‍. ആറാം ക്ലാസുകാരനായ ഞാന്‍ 3 വട്ടമാണ് ആ ചിത്രം തീയറ്ററില്‍ നിന്നും കണ്ടത്  ആ ഇഷ്ടം 34 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ 2020 ലും മാറ്റമില്ലാതെ തുടരുന്നു.- സഫീര്‍ പറയുന്നു. 

safeer-cover

അതു പോലെ തന്നെ എന്റെ വീടിന്റെ മുന്‍വശത്ത് ഒരു സി ക്ലാസ് തീയറ്ററും ഉണ്ടായിരുന്നു.  ആ കുഞ്ഞ് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയിലെ സംഭാഷണങ്ങളും പശ്ചാത്തല സംഗീതവും ഒക്കെ പുറത്തേക്ക് കേട്ടിരുന്നു. എന്നും ആ ടാക്കീസിലെ സിനിമ സംഭാഷണങ്ങളും മ്യൂസിക്കും കേട്ടാണ് ഞാന്‍ ഉറങ്ങിയിരുന്നത്. അന്ന് കേട്ട ഡയലോഗുകളില്‍, മൂളിയ പാട്ടുകളില്‍ കൂടു കൂട്ടിയതെല്ലാം മോഹന്‍ലാല്‍ മാത്രം. അതില്‍പ്പിന്നെ മോഹന്‍ലാല്‍ ആയിരുന്നു, ചങ്കും ചങ്കിടിപ്പും. 

safee-3

പ്രിയപ്പെട്ട തിരുശേഷിപ്പുകള്‍ 

ബാല്യവും കൗമാരവും കടന്ന് കാലം മുന്നോട്ടു കുതിക്കുമ്പോഴും ലാല്‍ ഇഷ്ടങ്ങളുടെ തിരുശേഷിപ്പുകള്‍ കൂടെക്കൂടി. ലാലേട്ടന്റെ ചിത്രങ്ങള്‍, പത്രകട്ടിംഗുകള്‍ എല്ലാം എന്റെ ആല്‍ബങ്ങളിലേക്ക് കുടിയേറി. ലാലേട്ടന് മികച്ച നടനുള്ള ആദ്യ നാഷണല്‍ അവാര്‍ഡ് ലഭിച്ച വാര്‍ത്ത വന്ന 1992 ഏപ്രില്‍ 8ലെ മനോരമ പത്രം  പ്രീഡിഗ്രി  വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ചുമ്മാ ഒരു കൗതുകത്തിന് എടുത്ത് വെച്ചതാണ്. ഇന്നിപ്പോള്‍ 26 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ പേപ്പറിന്റെ ഹാര്‍ഡ് കോപ്പി എന്റെ കൈയ്യില്‍ മാത്രമേ ഉള്ളു എന്നാണ് എന്റെ വിശ്വാസം, പിന്നെ മനോരമയുടെ ആര്‍ക്കൈവിലും കാണും. ലാലേട്ടനെ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ഈ പപ്പര്‍ ലാലേട്ടനെ കാണിക്കണമെന്ന ആഗ്രഹം ഏറെനാള്‍ കൊണ്ടു നടന്നു. നിര്‍മാതാവ് സന്തോഷ് കുരുവിള വഴി അദ്ദേഹം വാട്‌സാപ്പിലൂടെ  പേപ്പര്‍ കട്ടിംഗ്. ഖത്തറിലെ ലാല്‍ കെയേഴ്‌സ് വഴിയാണ് സന്തോഷ് സാറിനെ പരിചയം.  അപ്പോഴും നേരിട്ട് കാണണമെന്ന ആഗ്രഹം മാത്രം ബാക്കിയായി. പക്ഷേ എന്റെ നിരാശയ്ക്കുള്ള ആദ്യ മറുമരുന്നുമായി ഒരു സര്‍പ്രൈസ് കോള്‍ എത്തി. ഫോണിന്റെ മറുതലയ്ക്കല്‍  സാക്ഷാല്‍ ലാലേട്ടന്‍! അന്ന് സംസാരിച്ചപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണാമെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. ആ വാക്കില്‍ തന്നെ എനിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം. ഒടുവില്‍ 2018 ഓഗസ്റ്റ് 28ന് എറണാകുളത്തുള്ള വിസ്മയ സ്റ്റുഡിയോയിലെത്തി പേപ്പര്‍ കട്ടിംഗ് കാണിച്ചു. പുള്ളി തോളില്‍ തട്ടി അഭിനന്ദിച്ചപ്പോള്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. 

ഹൃദയത്തിലുണ്ട് ലാല്‍!

എനിക്ക് തിരനോട്ടം മുതല്‍ ബിഗ്ബ്രദര്‍ വരെയുള്ള 340 ലാല്‍ ചിത്രങ്ങള്‍ 5 മിനിറ്റില്‍  ലിസ്റ്റ് ചെയ്യാന്‍ സാധിക്കും.കൂടാതെ ഈ 342 സിനിമകളിലെയും കഥാപാത്രങ്ങള്‍, സംവിധായകന്‍, മ്യൂസിക് ഡയക്ടര്‍, പുള്ളി നായകനായ എല്ലാ സിനിമകളുടെയും ക്യാമറമാന്‍മാരെ പറയാന്‍ സാധിക്കും. എന്റെ ഈ കടുത്ത ലാല്‍ ആരാധനയില്‍ ആകെപ്പാടെ പരാതിയുള്ളത് ഭാര്യ അമ്പിളിക്കാണ്. എനിക്കൊപ്പം ലാലേട്ടന്റെ സിനിമ മര്യാദയ്ക്ക് ഇരുന്നു കാണാന്‍ കഴിയില്ല എന്നാണ് അവളുടെ പരാതി. സിനിമയ്ക്കിടയ്ക്ക് ഞാന്‍ ലാലേട്ടനെ വര്‍ണിച്ചു കൊണ്ടേയിരിക്കും. പുള്ളിക്കാരിക്ക് മര്യാദയ്ക്ക് സിനിമ കാണാന്‍ സാധിക്കാറില്ല. രസകരമായ സംഗതിയെന്തെന്നാല്‍ എന്റെ മൂത്തമകന്‍ ഹാരിസ് ജനിച്ചത് 2005 മേയ് 21നാണ്. ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍. ജൂലായിലായിരുന്നു പ്രസവം പറഞ്ഞിരുന്നത്. പക്ഷേ പുള്ളിക്കാരന്‍ നേരത്തെ ഇങ്ങു പോന്നു. പുലിമുരുകന്‍ കണ്ട് കട്ടഫാനായ ഒരു ഛോട്ടാ ലാല്‍ ഫാന്‍ കൂടിവീട്ടിലുണ്ട്. ഇളയമകന്‍ ഹാസിഖ്.

ഇത്രയൊക്കെ പറയുമ്പോഴും ഏതാണ് ഇഷ്ടപ്പെട്ട ലാല്‍ ചിത്രമെന്ന ക്ലിഷേ ചോദ്യത്തിന് മാത്രം എനിക്കുത്തരമില്ല. കണ്ടത് മനോഹരം...ഇനി കാണാനിരിക്കുന്നത് അതിമനോഹരം...അതാണ് ലാല്‍ മാജിക്!- സഫീര്‍ പറഞ്ഞു നിര്‍ത്തി.