Wednesday 22 February 2023 11:47 AM IST

‘നീയെനിക്കെന്റെ അമ്മയെ പോലെയാ...’: സുബി എപ്പോഴും പറയും: ഇത്രവേഗം മടങ്ങുമെന്ന് കരുതിയില്ല: ദേവി ചന്ദന

Binsha Muhammed

subi-suresh-foto

‘നീയെനിക്കെന്റെ അമ്മയെ പോലെയാ.... അടുത്തുണ്ടെങ്കിൽ, എന്റെ അമ്മ എന്നെ കരുതും പോലെ നീയെന്നെ സൂക്ഷിക്കും.’

പ്രിയ കുട്ടുകാരിയുടെ വിയോഗം നെഞ്ചിൽ കനലായി എരിയുമ്പോൾ ദേവി ചന്ദനയുടെ മനസിൽ നിറയുന്നത് ഈ വാക്കുകളാണ്. മിമിക്രി വേദിയിലെ ഒരു കൂട്ടം ആങ്ങളമാർക്കിടയിലെ രണ്ട് പെൺസാന്നിദ്ധ്യങ്ങൾ. ഇരുവരേയും പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയതില്‍ അദ്ഭുതപ്പെടാനില്ല.

‘അസുഖമാണെന്ന് അറിയാമായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകളുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. പക്ഷേ ഇത്രവേഗം മടങ്ങുമെന്ന് കരുതിയില്ല.’– പ്രിയ കൂട്ടുകാരിയെ ഓർക്കുമ്പോൾ ദേവി ചന്ദനയുടെ വാക്കുകൾ മുറിയുന്നു.

‘അടുത്തുള്ളപ്പോഴും അകലെയായിരിക്കുമ്പോഴും സുബി എനിക്ക് പ്രിയപ്പെട്ടവളാണെന്ന ഫീൽ എപ്പോഴുമുണ്ട്. ആ സൗഹൃദം തുടങ്ങുന്നത് സ്കൂൾ കാലം തൊട്ടേയാണ്. അന്ന് ഞാന്‍ ആലപ്പുഴയിലും സുബി എറണാകുളത്തുമാണ്. എൻസിസി ക്യാമ്പിലെ സ്ഥിരം മുഖം ഹൃദയമറിയുന്ന കൂട്ടുകാരിയായി മാറിയത് അതിവേഗം.’

‘അന്ന് സുബിയും ഞാനും സ്റ്റേജ് ഷോകളിലോ സിനിമയിലോ ഒന്നും സാന്നിദ്ധ്യം അറിയിച്ചിട്ടില്ല. കലയുടെയും ചിരിയുടെയും വഴി തിരഞ്ഞടുത്ത് ഞങ്ങൾ ഒരേ പാതയിൽ സഞ്ചരിച്ചു തുടങ്ങിയപ്പോൾ ആ പഴയ കൂട്ടുകാരിയെ വീണ്ടും എനിക്ക് കിട്ടി. കെഎസ് പ്രസാദേട്ടന്റെ കൊച്ചിൻ ഗിന്നസ് എന്ന മിമിക്രി ട്രൂപ്പിൽ ഡാൻസറായാണ് സുബി വരുന്നത്. ഞാനും അപ്പോൾ ട്രൂപ്പിന്റെ ഭാഗമായിരുന്നു. അവിടുന്നങ്ങോട്ട് എത്രയോ പ്രോഗ്രാമുകൾ.’– ദേവി ചന്ദന ഓർമിക്കുന്നു.

‘അടുത്തിടെ മനോജേട്ടന്റെ (മനോജ് കെ ജയൻ) അമേരിക്കൻ ഷോയുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ഞങ്ങൾ ഒരിമിച്ചുണ്ടായിരുന്നു. അവളെപ്പോഴും പറയും, ഷോയ്ക്ക് നീയുണ്ടെങ്കിൽ എന്റെ അമ്മയ്ക്ക് എപ്പോഴും സമാധാനമാ. സുബിയുടെ അമ്മ നോക്കും പോലെ ഞാൻ നോക്കിക്കോളും എന്നു പറയുമത്രേ. സമയത്തിന് ഭക്ഷണം കഴിക്കാനൊക്കെ പുള്ളിക്കാരിക്ക് മടിയാണ്. ഞാനാകുമ്പോ അവളുടെ കാര്യങ്ങൾ കൃത്യമായി നോക്കിക്കോളും എന്ന വിശ്വാസമാണ് അമ്മയ്ക്ക്. അവളുടെ വയ്യായ്കകളെക്കുറിച്ച് അറിയാമായിരുന്നു. ഗുരുതരമായ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞിരുന്നു. പക്ഷേ ഈ മടക്കം, അത് പെട്ടെന്നായിപ്പോയി. പ്രിയപ്പെട്ടവളുടെ ആത്മാവിന് ശാന്തി നേരുന്നു. അവൾ തന്നു പോയ ചിരിയോർമകൾ കൂട്ടിനുണ്ടാകും.’– ദേവി ചന്ദന പറഞ്ഞു നിർത്തി.