Wednesday 11 November 2020 09:53 AM IST

നമിതയുടെ സ്‌റ്റൈലിസ്റ്റ് നാദിർഷയുടെ മകൾ! സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ പരീക്ഷണവുമായി ആയിഷ

V.G. Nakul

Sub- Editor

aayisha-4

മലയാളത്തിന്റെ പ്രിയനായിക നമിത പ്രമോദ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട ഫാഷൻ പ്രേമികൾക്കെല്ലാം ഒരേ അഭിപ്രായം– തകർത്തു... തിമിർത്തു... പൊരിച്ചു...!!!

നമിതയുടെ ഗംഭീര ലൂക്കിനും കോസ്റ്റ്യൂമിനും പിന്നിൽ ആരാണെന്ന് തേടിപ്പോയവർ ചെന്നു നിന്നതാകട്ടെ മലയാള സിനിമയിലെ മറ്റൊരു ഓൾറൗണ്ടറുടെ മുന്നിലും, നാദിർഷായുടെ... ഫോട്ടോഷൂട്ടിന്റെ സ്‌റ്റൈലിസ്റ്റ് ആരെന്നല്ലേ? നാദിർഷായുടെ മൂത്ത മകൾ ആയിഷ. ഉന്നത പഠനം പൂർത്തിയാക്കി സെലിബ്രിറ്റി ഫാഷൻ ഡിസൈനിങ്ങിലേക്കുള്ള ആയിഷയുെട ചുവടുവയ്പ്പു കൂടിയായി നമിതയുടെ ഫോട്ടോഷൂട്ട്.

aayisha-2

ലെഹങ്കയും അതിനിണങ്ങുന്ന കുന്തൻ സ്റ്റോണിൽ തീർത്ത ആഭരങ്ങളുമാണ് അടുത്ത സുഹൃത്തു കൂടിയായ നമിതയ്ക്കു വേണ്ടി ആയിഷ തിരഞ്ഞെടുത്തത്. നമിതയ്ക്കു വേണ്ടി മറ്റു ചില ലുക്കുകള്‍ കൂടി ആയിഷ ഒരുക്കിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങളും ഫാഷൻ ലോകത്ത് ശ്രദ്ധേയമാണ്. കോസ്‌റ്റ്യൂമുകൾ ശ്രദ്ധേയമായതിന്റെ ‘ത്രില്ലിൽ’ വനിത ഓൺലൈനുമായി സംസാരിക്കുമ്പോൾ ആയിഷ പങ്കുവച്ചത് ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകളെക്കുറിച്ചായിരുന്നു.

aayisha-3

ആദ്യ സെലിബ്രിറ്റി ഷൂട്ട്

‘‘ലണ്ടൻ കോളജ് ഓഫ് സ്റ്റൈലിസ്റ്റ് സർട്ടിഫൈഡ് ആണ് ഞാൻ. ഇപ്പോൾ ദുബായിൽ ഫാഷൻ ബിസിനസ്സ് മാനേജ്മെന്റ് വിദ്യാർഥിയാണ്. ആദ്യമായിട്ടാണ് സെലിബ്രിറ്റി ഷൂട്ട് ചെയ്യുന്നത്. മുൻപ് ദുബായിൽ ചില ഷൂട്ടുകൾ ചെയ്തിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് സാംസൺ ലീയെ മോഡലാക്കിയും ഒരു ഫോട്ടോഷൂട്ട് ചെയ്തു. നമിതച്ചേച്ചിയുടെ ഷൂട്ടിന് സാംസൺ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. രണ്ടു വ്യത്യസ്ത ലുക്കുകളാണ് നമിത ചേച്ചിക്കു വേണ്ടി പ്ലാൻ ചെയ്തിരുന്നത്. വിന്റേജ് ലുക്കും ഹെവി പാർട്ടിവെയർ ലെഹങ്ക ലുക്കും’.– ആയിഷയുടെ വാക്കുകളിൽ ഫാഷൻ ‍ഡിസൈനറുടെ പക്വത.

നമിതച്ചേച്ചി അടുത്ത സുഹൃത്താണ്. ഫാഷനെക്കുറിച്ചൊക്കെ സംസാരിക്കുമെങ്കിലും ഇതുവരെ ഇങ്ങനെയൊന്ന് പ്ലാൻ ചെയ്തിരുന്നില്ല. അവിചാരിതമായാണ് ഈ ഷൂട്ടിലേക്ക് എത്തിയത്. ഞങ്ങൾക്കൊപ്പം ഫോട്ടോഗ്രാഫർ ജീസും, സാംസണും ഒക്കെച്ചേർന്നപ്പോൾ ഷൂട്ട് നന്നായി. നേരിട്ടും സമൂഹമാധ്യമങ്ങളിൽ കൂടിയും എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. തൽക്കാലം പുതിയ പദ്ധതികൾ ഒന്നുമില്ല.

നമിതച്ചേച്ചി ഇടയ്ക്ക് ചില പോസ്റ്റുകളിൽ എന്നെ ടാഗ് ചെയ്യുന്നതു കൊണ്ട് പലർക്കും ഞാൻ നാദിർഷയുടെ മകളാണ് എന്നറിയാം. അങ്ങനെയാണ് ഈ ഷൂട്ട് വന്നപ്പോഴും ആളുകൾ തിരിച്ചറിഞ്ഞത്. ‘നാദിർഷിക്കയുടെ മകളാണോ’ എന്ന് ചേദിച്ച് മെസേജുകൾ വരാറുണ്ട്.

aayisha-1

ഉപ്പ അഭിപ്രായം പറയാറുണ്ട്

നമിതച്ചേച്ചിയുടെ ഷൂട്ട് വന്ന ശേഷം കുറേ പേർ ചോദിക്കുന്നുണ്ട്, സ്റ്റൈൽ ചെയ്തു കൊടുക്കാമോയെന്ന്. അക്കൂട്ടത്തിൽ സെലിബ്രിറ്റീസും ഉണ്ട്. നമിതച്ചേച്ചി സുഹൃത്തായതിന്റെ കംഫർട്ട് വർക്കിലും കിട്ടും. നമുക്ക് സ്വാതന്ത്യത്തോടെ കാര്യങ്ങള്‍ പറയാം. അതിന്റെ റിസൾട്ട് ഔട്ടിൽ ലഭിക്കും.

എന്റെ വർക്കിനെക്കുറിച്ച് ഉപ്പ അഭിപ്രായം പറയാറുണ്ട്. ഗൈഡ് ചെയ്യും. പക്ഷേ, എനിക്കു വേണ്ടി ആരെയും വിളിച്ച് ശുപാർശ ചെയ്യുകയൊന്നുമില്ല. നമ്മൾ സ്വന്തം പ്രതിഭ കൊണ്ടു വിജയിക്കണം എന്നാണ് വാപ്പയുടെ പക്ഷം. എനിക്കും അതാണ് താൽപര്യം. ഉപ്പ നല്ല ഫാഷൻ സെൻസുള്ള ആളാണ്. ഉമ്മയടക്കം കുടുംബത്തിലെ എല്ലാവരും നല്ല സപ്പോർട്ടാണ്.