Friday 22 January 2021 02:01 PM IST

എടാ റാസ്കൽ... ഫ്ലാറ്റിൽ കുസൃതി കാട്ടുമ്പോൾ സിനിമാ സ്‌റ്റൈലിൽ അച്ഛച്ചൻ വിളിക്കും! തിലകനും ഷമ്മിക്കും പിന്നാലെ അഭിമന്യുവും?

V.G. Nakul

Sub- Editor

a1

മലയാളത്തിന്റെ മഹാനടനാണ് തിലകൻ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭകളിൽ ഒരാൾ. അദ്ദേഹത്തിന്റെ മകൻ ഷമ്മി തിലകനും മികച്ച നടൻമാരിലൊരാളാണ്. വില്ലനായാലും കോമഡി ആയാലും ക്യാടക്ടർ റോൾ ആയാലും അതു ഷമ്മിയുടെ കൈകളിൽ ഭദ്രം. ഇപ്പോഴിതാ, മലയാളത്തിന്റെ ഈ പ്രിയതാരകുടുംബത്തിൽ നിന്ന് ഒരു മൂന്നാം തലമുറക്കാരനും സിനിമയിലേക്കെത്തുമെന്നു പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ. ഷമ്മിയുടെ മകൻ അഭിമന്യു എസ് തിലകൻ ആണ് ഈ ഇളമുറക്കാരൻ.

a2

അഭിമന്യുവിന് ജൻമദിനാശംസകൾ നേർന്ന് ഷമ്മി തിലകൻ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീ‍ഡിയയിൽ വൈറൽ ആയതോടെയാണ്, അഭിമന്യുവിന്റെ സിനിമാ പ്രവേശനം എന്നാണെന്ന് പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങിയത്. അഭിമന്യുവിന്റെ മനോഹരമായ ഈ ഫോട്ടോഷൂട്ട് ചിത്രം കണ്ട്, തിലകന്റെ കുടുംബത്തിൽ നിന്ന് ഒരു മൂന്നാം തലമുറ താരത്തെ ഉടൻ പ്രതീക്ഷിക്കാം എന്നാണ് പലരുടെയും അഭിപ്രായം.

a6

‘‘ആഗ്രഹമുണ്ട്. അച്ഛനും സമ്മതം. അമ്മയ്ക്കാണ് പേടി. ഞാനൊരു ജോലിയൊക്കെ കണ്ടെത്തി, ജീവിതം സുരക്ഷിതമാക്കിയ ശേഷം സിനിമയില്‍ ശ്രമിച്ചാൽ മതി എന്ന അഭിപ്രായമാണ് അമ്മയ്ക്ക്. സിനിമ ഭാഗ്യത്തിന്റെ ലോകമാണല്ലോ. ശ്രമിച്ച് പരാജയപ്പെട്ടാൽ ജീവിതം മുന്നോട്ടു പൊകാന്‍ മറ്റൊരു തൊഴിൽ വേണമെന്നാണ് അമ്മ പറയുക. അച്ഛൻ നേരെ തിരിച്ചാണ്. ‘സിനിമയിൽ അഭിനയിക്കണോ... അഭിനയിക്ക്...’ എന്ന ലൈൻ’’.– സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ചോദിച്ചപ്പോൾ അഭിമന്യു ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘മെക്കാനിക്കൽ‌ എൻജിനീയറിങ്ങ് കഴിഞ്ഞ് കുറച്ചു കാലം ഫോർഡിൽ ജോലി ചെയ്തു. അതിനു ശേഷം സുഹൃത്തുക്കളുമായി ചേർന്ന് ബിസിനസ്സ് തുടങ്ങി. കാറുകളുടെ പെയിന്റിങ്ങും മോഡിഫിക്കേഷനുമൊക്കെയാണ് ചെയ്യുന്നത്. വണ്ടികളോട് എനിക്ക് വലിയ താൽപര്യമാണ്. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ അറിയാം. വണ്ടികളുടെ ചിത്രങ്ങളാണ് കൂടുതൽ’’. – അഭിമന്യു പറയുന്നു.

a8

പഠനം കഴിഞ്ഞു മതി

സ്കൂളിൽ പഠിക്കുന്ന കാലത്തും കോളജിൽ പഠിക്കുമ്പോഴുമൊക്കെ അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നു. പഠനം കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നു അച്ഛനും അമ്മയും. ഇപ്പോൾ സിനിമ മനസ്സിലുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരു കോഴ്സും ചെയ്യുന്നുണ്ട്. അവസരം ചോദിക്കുന്നില്ലെങ്കിലും നല്ല റോളുകൾ വന്നാൽ ശ്രമിക്കാം എന്നാണ് തീരുമാനം. എല്ലാം അതിന്റെതായ സമയത്ത് സംഭവിക്കട്ടെ. സ്വാഭാവികമായും നായക വേഷങ്ങളോട് കുറച്ചു താൽപര്യം കൂടുതലാണെന്നു പറയാം.

മോഡലിങ് ഇഷ്ടമാണ്. സുഹൃത്തുക്കളായ ഫോട്ടോഗ്രാഫേഴ്സ് എടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ പലതും.

a3

അച്ഛനും അച്ഛച്ചനും

അച്ഛൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ‘പ്രജ’യിലെ ബലരാമനാണ് ഏറെ പ്രിയപ്പെട്ടത്. ‘നേര’ത്തിലെ ഊക്കൻ ടിന്റുവും കസ്തൂരിമാനിലെ കഥാപാത്രവുമാണ് മറ്റുള്ളവ. കുട്ടിക്കാലത്ത് അച്ഛനൊപ്പം സ്ഥിരം ലൊക്കേഷനുകളിൽ പോയിരുന്നു. പിന്നീട് പഠനതിന്റെ തിരക്കിലായപ്പോൾ കുറഞ്ഞു. ഇപ്പോൾ വീണ്ടും പോയിത്തുടങ്ങി.

a7

അച്ഛച്ചന്റെ ഓർമകൾ ഒത്തിരിയുണ്ട്. ആദ്യത്തെ കൊച്ചുമോനാണ് ഞാൻ. ഏറ്റവും ഇഷ്ടവും എന്നെയായിരുന്നു. എന്നെ വീട്ടിൽ വിളിക്കുന്നത് കേശു എന്നാണ്. അച്ഛച്ചന്റെ അച്ഛന്റെ പേര് കേശവൻ എന്നാണ്. കുട്ടിക്കാലത്തൊക്കെ അച്ഛച്ചന്റെ ഫ്ലാറ്റിലിരുന്ന് ഞാൻ എന്തെങ്കിലും കുസൃതി കാണിക്കുമ്പോള്‍ ‘എടാ റാസ്ക്കൽ...’ എന്നു വിളിക്കും. സിനിമയിലൊക്കെ കേൾക്കു പോലെയുള്ള ശൈലിയിലാണ് വിളി. വലിയ ഇഷ്ടമായിരുന്നു. അച്ഛച്ചന്റെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടം കിലുക്കത്തിലെതാണ്. ഉസ്താദ് ഹോട്ടൽ, മൂക്കില്ല രാജ്യത്ത്, ഗോഡ് ഫാദറിലെയൊക്കെ കഥാപാത്രങ്ങളാണ് മറ്റുള്ളവ.