Thursday 01 April 2021 01:10 PM IST

‘അച്ഛന് കൂലിപ്പണിയാണ്, അമ്മ തൊഴിലുറപ്പിന് പോകും’! പരിഹസിച്ചവരും മിണ്ടാതെ നടന്നവരും കാണണം, ‘കണ്ണന്റെ’ ജീവിതകഥ

V.G. Nakul

Sub- Editor

achu1

അഭിനയ മോഹിയായ ഒരു പതിനാലു വയസ്സുകാരന്റെയും മകന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന കൂലിപ്പണിക്കാരനായ പിതാവിന്റെയും കഥയാണിത്. ആഗ്രഹിക്കും പോലെ മകനൊരു സിനിമാനടനാകാൻ തന്നെക്കൊണ്ടാകും പോലെ എന്തു പിന്തുണയും നൽകാൻ ആ സാധുവായ മനുഷ്യൻ തയാറായിരുന്നു. അതാണ് ഒരാൾ മുതലെടുത്തതും. താൻ അടുത്തു തന്നെ ഒരു സിനിമ നിർമിക്കുമെന്നും അതിൽ താങ്കളുടെ മകനെ നാല് നായകൻമാരില്‍ ഒരാളാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്, ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്വന്തം വീട്ടിലെ ചില പണികൾ അയാള്‍ അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചു. മകനു വേണ്ടി ആ പിതാവ് രാപ്പകലില്ലാതെ പണിയെടുത്തു. ഇടയ്ക്ക് അച്ഛനെ കാണാനെത്തിയ മകനും വീട്ടുടമ മോഹന വാഗ്ദാനങ്ങൾ നൽകി. അവനതിൽ വളരെയധികം സന്തോഷിക്കുകയും കൂട്ടുകാരോടും അധ്യാപകരോടുമൊക്കെ തനിക്കു കിട്ടിയ വലിയ അവസരത്തെക്കുറിച്ച് വാചാലനാകുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നാണ്. ജോലി തീർന്നതും വീട്ടുടമയുടെ സ്വഭാവം മാറി. ചാൻസിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈ മലർത്തി, നിസ്സാരമായ തുക പണിക്കൂലിയായി നൽകി അയാൾ ആ പിതാവിനെ ചതിച്ചു. അഭിമാനിയായ ആ പിതാവിന് അതു സഹിക്കാനാകുന്നതിനുമപ്പുറമായിരുന്നു. നീട്ടിയ പണം നിരസിച്ച്, വീട്ടിലെത്തിയ അദ്ദേഹം നിരാശയുടെ പടുകുഴിയിലേക്കു വീണ മകനെ ചേർത്തു പിടിച്ച്, നിറകണ്ണുകളോടെ പറഞ്ഞു – ‘‘വിഷമിക്കേണ്ട. നീയൊരു നടനാകും. നിന്നെയൊരു നടനാക്കുകയാണ് എന്റെ ജീവിതലക്ഷ്യം. അച്ഛൻ അതിനു വേണ്ടി എന്തും സഹിച്ച് നിനക്കൊപ്പം നിൽക്കും...’’.

വായനക്കാർക്കിതൊരു സിനിമാക്കഥയെന്നു തോന്നുന്നുണ്ടാകും. അല്ല, ഇതൊരു കഥയല്ല, യാഥാർഥ്യമാണ്. ഇതിലെ അഭിനയ മോഹിയായ മകന്റെ പേര് അച്ചു സുഗന്ധ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഹിറ്റ് പരമ്പര ‘സാന്ത്വന’ത്തിലെ കണ്ണന്‍. അച്ചുവിന്റെയും മകനെ ജീവനുതുല്യം സ്നേഹിക്കുന്ന, മകന്റെ വളർച്ചയിൽ അഭിമാനിക്കുന്ന പിതാവ് സുഗന്ധന്റെയും ജീവിതാനുഭവമാണിത്.

achu-3

‘സാന്ത്വന’ത്തിലെ കണ്ണന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി വിജയയാത്ര തുടരുമ്പോൾ അച്ചു സുഗന്ധ് ‘വനിത ഓൺലൈനോട്’ പറയുന്നു – തന്റെ ജീവിതത്തെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്.

‘‘വാനമ്പാടിയാണ് എന്റെ ആദ്യ സീരിയൽ. അതിൽ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രത്തെ ഇരുപത്തിയെട്ടോളം എപ്പിസോഡുകളിൽ അവതരിപ്പിച്ചു. അഭിനയ മോഹത്തോടെയാണ് എത്തിയതെങ്കിലും വാനമ്പാടിയിൽ ആദിത്യൻ സാറിന്റെ സഹസംവിധായകനായാണ് തുടക്കം. ഞാൻ ലൊക്കെഷനില്‍ മിമിക്രിയൊക്കെ കാണിക്കും. അതൊക്കെ കണ്ട്, എന്റെ എന്റെ അഭിനയ മോഹവും കൂടി അറിഞ്ഞപ്പോഴാകും തിരക്കഥാകൃത്ത് ജെ.പള്ളാശ്ശേരി സാർ അതിലെ ഒരു വർക്ക് ഷോപ്പ് ഏരിയയിൽ എന്നെക്കൂടി ഉൾപ്പെടുത്തിയത്. ആദിത്യൻ സാറിനും സന്തോഷമായി. അത് വന്നു തുടങ്ങിയതോടെ നാട്ടിലൊക്കെ എന്നെ കണ്ടാൽ മിണ്ടാതെ പോയിരുന്നവരും പുശ്ചിച്ചവരുമൊക്കെ സംസാരിക്കാനും ചിരിക്കാനും തുടങ്ങി’’.– അച്ചു പറയുന്നു.

achu-2

നിർത്തിയാലോ എന്നു തോന്നി

ആ ക്യാരക്ടറിന്റെ എപ്പിസോഡുകൾ തീർന്നതോടെ ഞാൻ വീണ്ടും ഒന്നര വർഷത്തോളം സഹസംവിധായകന്‍ മാത്രമായി. അതിനിടെ വലിയ നിരാശ തോന്നി. ചില കോംപ്ലക്സുകളും തലപൊക്കി. ഈ ശരീരവും പൊക്കവും വച്ച് എനിക്കെന്ത് ക്യാരക്ടർ കിട്ടാനാ. കൂടിപ്പോയാൽ ഒരു പാപ്പിക്കുഞ്ഞ്. അത്രയൊക്കെയേയുള്ളൂ... അങ്ങനെ അഭിനയം നിർത്തി സംവിധാനത്തിൽ ശ്രദ്ധിച്ചാലോ എന്നു ചിന്തിച്ചിരിക്കെയാണ് ഒരു ദിവസം ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളർ സജിയേട്ടൻ എന്നെ കാര്യമായി ശ്രദ്ധിക്കുന്നതായി മനസ്സിലായത്. ചോദിച്ചപ്പോൾ, ഇതേ ടീമിന്റെ മറ്റൊരു സീരിയൽ തുടങ്ങുന്നു. അതിൽ ഒരു അനിയന്റെ ക്യാരക്ടറുണ്ട്. ഓഡീഷനിൽ പങ്കെടുക്കാൻ പറഞ്ഞു.

എന്നെ ചിപ്പിച്ചേച്ചിക്കും രഞ്ജിത് സാറിനും നേരത്തേ അറിയാമല്ലോ. വലിയ സപ്പോർട്ടാണ്. ഓഡീഷനിൽ ഒത്തിരിപ്പേർ പങ്കെടുത്തെങ്കിലും എനിക്കാണ് അവസരം കിട്ടിയത്. പിന്നീട് ചിപ്പിച്ചേച്ചി പറഞ്ഞത്, നിന്റെ ശരീര പ്രകൃതം കാരണമാണ് ഈ കഥാപാത്രം കിട്ടിയതെന്നാണ്. അതോടെ ശരീരത്തെക്കുറിച്ചുള്ള എന്റെ കോംപ്ലക്സ് മാറിയെന്നു മാത്രമല്ല, അഭിമാനവും തോന്നി.

achu-4

സാന്ത്വനം എന്ന ഭാഗ്യം

‘സാന്ത്വനം’ വലിയ ഭാഗ്യവും ബ്രേക്കുമാണ് തന്നിരിക്കുന്നത്. സീരിയൽ തുടങ്ങിയ സമയത്ത് ഞാനിത്ര പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് പേർ വിളിക്കും. എല്ലാവരും തിരിച്ചറിയും. ഒത്തിരി സന്തോഷം. ഞാനിപ്പോൾ അച്ചു സുഗന്ധല്ല, പ്രേക്ഷകരുടെ കണ്ണൻ എന്ന മുരളീകൃഷ്ണനാണ്.

ജീവിതം

തിരുവനന്തപുരത്ത് അയിരൂർ ആണ് നാട്. പഠിക്കുന്ന കാലത്തേ നാടകവും മിമിക്രിയുമൊക്കെയാണ് പ്രധാനം. നടനാകുകയായിരുന്നു ലക്ഷ്യം. പ്ലസ് ടൂ കഴിഞ്ഞ്, ഡിഗ്രിക്ക് ഡിസ്റ്റൻസായി ജോയിൻ ചെയ്തെങ്കിലും അപ്പോഴേക്കും സീരിയലിൽ അവസരം വന്നു.

അച്ഛൻ സുഗന്ധൻ പി അയിരൂർ. മേശിരിപ്പണിയാണ് അച്ഛന്. അമ്മ രശ്മി തൊഴിലുറപ്പിന് പോകും. അനിയത്തി അഞ്ജു നഴ്സിങ് കഴിഞ്ഞ് ഇപ്പോൾ മഞ്ചേരി സർക്കാർ ആശുപത്രിയിൽ താൽക്കാലികമായി ജോലി ചെയ്യുന്നു.

achu-5

പഠനം പൂർത്തിയാക്കും മുൻപ് ഞാൻ സീരിയൽ രംഗത്തേക്കെത്തിയപ്പോൾ വീട്ടിൽ നിന്നു പൂർണ പിന്തുണയായിരുന്നു. ഒരാൾ അച്ഛനെ പറഞ്ഞു പറ്റിച്ച് പണിയെടുപ്പിച്ച സംഭവം പോലും ആ പിന്തുണ തെളിയിക്കുന്നതാണല്ലോ. ഞാൻ അഭിനയ മോഹവുമായി നടക്കുന്നതിൽ നാട്ടിൽ പലരും പരിഹസിച്ചിരുന്നു. ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. അനിയത്തിയാണ് എന്റെ ജീവൻ. അവൾ തരുന്ന പിന്തുണ എനിക്കു നൽകുന്ന ഊർജം വളരെ വലുതാണ്. എന്റെ വലിയ വിമർശകയും അവളാണ്.

വാനമ്പാടിയുടെ ടീമാണ് സാന്ത്വനത്തിന്റെത്. എല്ലാവരും ഒരു കുടുംബം പോലെയാണ്. ചിപ്പിച്ചേച്ചി, രഞ്‍ജിത് സാർ, ആദിത്യൻ സാർ, ജെ. പള്ളാശ്ശേരി സാർ, സജിച്ചേട്ടൻ, ഹരിച്ചേട്ടൻ, രാജീവേട്ടൻ തുടങ്ങി എല്ലാവരും. ഞാനും സജിനേട്ടനും സീരിയലില്‍ കാണും പോലെ തന്നെയാ. ഞങ്ങൾ എപ്പോഴും ഒന്നിച്ചാണ്.