Wednesday 12 June 2024 04:38 PM IST : By സ്വന്തം ലേഖകൻ

സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷം, പക്ഷേ ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല: ബൈജു

suresh-gopi-baiju-fb-post-cover ബൈജു, സുരേഷ് ഗോപി

‘‘ഞാൻ എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത് അറിഞ്ഞു. സുരേഷ് ഗോപി ചേട്ടനെപ്പറ്റി ഞാൻ എഴുതിയത് എന്ന രീതിയിലാണ് ആ കുറിപ്പ് ആളുകൾ പ്രചരിപ്പിക്കുന്നത്. ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല. അത് ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല. ഇത് ഏതോ ഒരാളുടെ ഭാവനയിൽ ഉണ്ടായതാണ് അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആ പോസ്റ്റ് കണ്ടാൽ സ്വപ്നം കാണുന്നതുപോലെ ആണ് എഴുതിയിരിക്കുന്നത് ‘‘അമ്മയുടെ ഓഫിസിലേക്ക് നടന്നു കയറുന്ന നിമിഷം’’ എന്നൊക്കെ. ആരോ ഫാന്റസി ലോകത്ത് ഇരുന്നു എഴുതിയതുപോലെ ഉണ്ട്.’’

ഇങ്ങനൊരു കുറിപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ബൈജു മനോരമ ഒാൺലൈനിനോട് പറഞ്ഞു. ആ കുറിപ്പ് താൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുതെന്നും ബൈജു.

‘‘ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്. സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിജയം ബിജെപി എന്ന പാർട്ടിയുടെ വിജയമല്ല, അത് അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്. അല്ലെങ്കിൽ ബിജെപിയുടെ സ്ഥാനാർഥികൾ എല്ലാം വിജയിക്കണ്ടേ. അത് സുരേഷ് ഗോപി എന്ന വ്യക്തിക്ക് കിട്ടിയ വിജയമാണ്. അദ്ദേഹം വിജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മാത്രമല്ല ഇനി ആ മണ്ഡലത്തിൽ എന്തെങ്കിലുമൊക്കെ വികസനം ഉണ്ടാവുകയും ചെയ്യും ഒരു സംശയവുമില്ല. എന്നുകരുതി സ്വപ്‌നാടനം നടത്തുന്നതുപോലെ ഉള്ള ആ കുറിപ്പ് ഞാൻ എഴുതിയതായി ആരും പ്രചരിപ്പിക്കരുത്. ഞാൻ സ്വപ്നം കാണാറില്ല.’’–ബൈജു പറഞ്ഞു.