Wednesday 04 September 2024 11:22 AM IST : By സ്വന്തം ലേഖകൻ

നിവിൻ കൂടെ ആരുമില്ലെന്ന് പറയരുത്, ഈ നിയമ പോരാട്ടത്തിൽ നിങ്ങള്‍ ഒറ്റയ്ക്കല്ല: നിവിനു ബാലയുടെ പിന്തുണ

bala-nivin

നടൻ നിവിൻ പോളിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയിൽ നടനെ പിന്തുണച്ച് ബാല. നിവിൻ കാണിച്ച ധൈര്യം സമ്മതിക്കണമെന്ന ആമുഖത്തോടെയാണ് ബാലയുടെ വിഡിയോ തുടങ്ങുന്നത്. . ഈ നിയമപോരാട്ടത്തിൽ കൂടെ ആരുമില്ലെന്ന് നിവിൻ ഒരിക്കലും ചിന്തിക്കരുത്. താനടക്കമുള്ള സുഹൃത്തുക്കൾ നിവിനൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടെന്നും ബാല പറയുന്നു.

‘‘നിവിൻ പോളിയെ ബഹുമാനിക്കണം. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണ് ഞാൻ പറയുന്നത്. അദ്ദേഹണം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്.’ അതു തന്നെയാണ് വേണ്ടത്. . തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ തന്നെ ഉണ്ടാകണം. എത്ര ധൈര്യമുണ്ടെങ്കിൽ അവർ തെറ്റായ ആരോപണം ഉന്നയിക്കും.

നിങ്ങള്‍ ആർക്കും അറിയാത്ത മറ്റൊരു പോയിന്റും കൂടി ഞാൻ പറയാൻ പോകുകയാണ്. എന്താണ് ആരോപണം എന്നു പറയുന്നത്. ആണോ പെണ്ണോ ഒരു ആരോപണവുമായി വരുമ്പോൾ അതു തെളിയിക്കേണ്ടത് നിവിന്റെ കടമയല്ല. ആരോപണം കൊടുത്തയാളുടെ കടമയാണത്. നിയമം പഠിക്കണം. ഇതിൽ നിവിൻ പോളിയുടെ കടമയല്ല.

സ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കൊടുത്താൽ അതിന്റെ വരുംവരായ്കകൾ അവർ നേരിടണം. ഈശ്വരതുല്യമായി ഞങ്ങൾ കാണുന്നതാണ് സിനിമാ മേഖല. എത്രയോ കുടുംബങ്ങൾ ഇത് വിശ്വസിച്ചു ജീവിക്കുന്നു. ഇങ്ങനെയൊരു സ്റ്റാർ വന്ന് കാര്യം പറയുമ്പോൾ മനസ്സുകൊണ്ട് ബഹുമാനം തോന്നുന്നു.

നിവിൻ പറഞ്ഞു, ഏതറ്റം വരെയും പോകും. ഞാൻ പുള്ളിയെ കാണാത്ത ഒരാളാണ്. പക്ഷേ കുറച്ച് താരങ്ങൾ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്മെയിലിങ് ഉണ്ട്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോൾ, കോമഡിക്കു ചെയ്തതാണെന്നു പറഞ്ഞു. നമുക്കും ശരിക്കും കോമഡി കാണിക്കാൻ പറ്റും.

നിയമം ജയിക്കണം. യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിൻ പോളിയെ ഈ കേസിൽ പിടിച്ചിട്ടത്. നിവിൻ പോളിക്ക് ഞാൻ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയർന്നപ്പോൾ ഉടനടി തന്റെ ഭാഗം വിശദീകരിക്കുകയും, പത്രസമ്മേളനം വിളിച്ചു ചേർക്കുകയും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. അതിൽ ഒരു വലിയ ആണത്തം ഉണ്ട്. പിന്നീട് നിവിൻ പറഞ്ഞു, ഇതിൽ ഗൂഢാലോചനയുണ്ട്. നിവിന് ആരുമില്ല ഒറ്റയ്ക്ക് നേരിടണമെന്നു പറഞ്ഞു, ഒരിക്കലുമല്ല ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്. ‘അമ്മ’ സംഘടന കൂടെയുണ്ട്.

നിവിൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുൻപ് നിയമം പഠിക്കുക. വലിയ വലിയ താരങ്ങൾ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോൾ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായി പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവർ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വർഷം കോടതിയിൽ കഷ്ടപ്പെട്ട മനുഷ്യനാണ് ഞാൻ. അതിന്റെ പുറകിൽ ഒരുപാട് ആളുകൾ ഉണ്ട്. മനസുകൊണ്ട് പറയുകയാണ്. ആരെയെങ്കിലും കുറിച്ച് കുറ്റം പറയുമ്പോൾ അത് തെളിയിക്കണം. നിവിന്‍ ഓൾവോയ്സ് വിത്ത് യൂ... ലവ് യൂ ഡാ..– ’’–ബാലയുടെ വാക്കുകൾ.