എണ്ണംപറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടംനേടിയ കലാകാരിയാണ് അന്തരിച്ച സുബ്ബലക്ഷ്മി. നിഷ്ക്കളങ്കമായ പുഞ്ചിരികൊണ്ടും ഹൃദയം നിറയ്ക്കുന്ന നർമം കൊണ്ടും ശ്രദ്ധേയയായ പ്രിയ മുത്തശ്ശി കഴിഞ്ഞ വ്യാഴാഴ്ചയാണ് വിടവാങ്ങിയത്. മരണം എത്തുന്നതിനു മുമ്പുള്ള അവസാന നാളുകളിലും നിറഞ്ഞു ചിരിച്ച് പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്ന സുബ്ബലക്ഷ്മിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വേദന പടർത്തിയിരുന്നു.
ഇപ്പോഴിാ ആരോഗ്യാവസ്ഥ മോശമായ സാഹചര്യത്തിൽ നടി സുബ്ബലക്ഷ്മിയെ സന്ദർശിക്കാനെത്തിയ ദിലീപിന്റെ വിഡിയോ മകൾ താര കല്യാൺ പങ്കുവയ്ക്കുകയാണ്. അവശതയിൽ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ‘ഒരേയൊരു ദിലീപ്’ എന്ന അടിക്കുറിപ്പോടെയാണ് താര കല്യാൺ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സുബ്ബലക്ഷ്മിയും ദിലീപും കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ദിലീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പലപ്പോഴായി അഭിമുഖങ്ങളിൽ ദിലീപ് പറഞ്ഞിട്ടുമുണ്ട്.
സുബ്ബലക്ഷ്മി അവശതയിലായശേഷം താര കല്യാണിന്റെ സംരക്ഷണയിലായിരുന്നു. അതിനു മുമ്പ് വരെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയുടെ താമസം. തനിക്കൊപ്പം താമസിക്കാൻ വിളിച്ചപ്പോൾ അമ്മ വരാൻ തയാറായിരുന്നില്ലെന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും താര കല്യാൺ പറഞ്ഞിട്ടുണ്ട്.
‘‘അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്. നിങ്ങളുടെ മകൾ ആയതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. അമ്മയ്ക്ക് എന്നും അംഗീകാരം വേണമായിരുന്നു, ഇന്നലെ അതിന്റെ പെരുമഴയായിരുന്നു! എല്ലായിടത്തും എല്ലാവരും അമ്മയോട് സ്നേഹവും ബഹുമാനവും കാണിച്ചു. എന്റെ അമ്മയ്ക്ക് അവിസ്മരണീയമായ ഒരു യാത്രയയപ്പ് നൽകിയതിന് എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ആത്മാർഥമായി നന്ദി പറയുന്നു.’’–അമ്മയുടെ വിയോഗവേളയിൽ ആദരാഞ്ജലികൾ അർപ്പിച്ചവർക്കെല്ലാം നന്ദി അറിയിച്ചു കൊണ്ട് താരാ കല്യാൺ കുറിച്ചു.