Thursday 11 April 2019 03:25 PM IST

പിന്നീടൊരിക്കലും പുക വലിക്കണമെന്ന് തോന്നിയിട്ടില്ല; അവിടെയും അമ്മ പഠിപ്പിച്ച നന്മകൾ കൂട്ടായി: കുഞ്ചൻ

Rakhy Raz

Sub Editor

kunchan-film

കഷ്ടപ്പെട്ടു ശ്രമിച്ചിട്ടും തനിക്കൊരു ദുശ്ശീലം ഉണ്ടായില്ല എന്നാണ് കുഞ്ചൻ പറയുന്നത്. ‘‘എങ്ങനെയുണ്ടാകാനാണ്... നല്ല അസ്സൽ അടി തന്നല്ലേ അമ്മ ഞങ്ങളെ വളർത്തിയത്. ഞങ്ങൾ അഞ്ചു മക്കളായിരുന്നു. അമ്മയ്ക്ക് പണ്ടേ പുരാണകഥകളിലും പുരാണ സിനിമകളിലുമൊക്കെയാണ് കമ്പം. പുരാണ സിനിമ കണ്ടു വരുന്ന ഞങ്ങൾക്കു പിറ്റേന്നു മുതൽ പുരാണകഥ കളിക്കണം. ആവനാഴിയിലെ അമ്പായി ഞങ്ങൾക്ക് ഇഷ്ടം അമ്മച്ചിയുടെ ചൂലായിരുന്നു. അന്നത്തെ ഏറ്റവും വലിയ ദുശ്ശീലമായിരുന്നു ചൂലെടുക്കൽ. ചൂല് തൊട്ടാൽ കൈകഴുകാതെ വേറൊന്നും ചെയ്യാൻ സമ്മതിക്കാത്ത അമ്മച്ചി അതു മുതുകിൽ തൂക്കി ഇട്ടോണ്ട് നടക്കുന്നത് കണ്ടാൽ വെറുതേ വിടുമോ... അങ്ങനെ ആ ശീലം വന്ന വഴിയേ പോയി.

പക്ഷേ, ഒരിക്കൽ ഒരു ദുശ്ശീലത്തിലേക്ക് വഴി തുറന്നു കിട്ടി. എനിക്ക് 12 വയസ്സുള്ളപ്പോഴാണ്. ആ കാലത്ത് എന്നെ പഠിപ്പിക്കാൻ വീട്ടിൽ ഒരു ട്യൂഷൻ മാസ്റ്റർ വന്നിരുന്നു. കക്ഷിക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. മാഷിന്റെ ബീഡി വലി കണ്ടതോടെ എനിക്കും ഒരാഗ്രഹം ബീഡി വലിക്കാൻ. വീട്ടിലറിഞ്ഞാൽ കൊല്ലും. എന്നിട്ടും എനിക്ക് ആഗ്രഹം അടക്കാൻ വയ്യ. എങ്ങനെയൊക്കെയോ കൈയിൽ വന്ന പണം ഉപയോഗിച്ച് ഒരു ദിവസം രണ്ടും കൽപിച്ച് ഞാൻ ഒരു കെട്ട് ബീഡി വാങ്ങി. വിജനമായ ഒരിടത്തിരുന്ന് ആദ്യത്തെ ബീഡി കത്തിച്ചു വലിച്ചു. പുക അകത്തു ചെന്നതോടെ ചുമച്ചു തുടങ്ങി. ചുമച്ചുചുമച്ച് ഒരു പരുവമായി. എന്നിട്ടും നിർത്തിയില്ല. രണ്ടാമത്തെ ബീഡി ആയതോടെ സംഗതി എങ്ങനെയാണെന്നു പഠിച്ചു.

മനസ്സിൽ അതുവരെ തോന്നിയ ആവേശമൊക്കെ അങ്ങു തണുത്തു. പക്ഷേ, ബാക്കി വന്ന ബീഡി എന്തു ചെയ്യും. വാങ്ങിയതു മുഴുവനും വലിച്ചിരിക്കണം എന്നാണ് എന്റെ  ധാരണ. അതുകൊണ്ട് അടുത്ത ബീഡി കത്തിച്ചു. അങ്ങനെ ഒരു കെട്ടു മുഴുവൻ ഒറ്റയടിക്ക് ഇരുന്നു വലിച്ചു തീർത്തു. പക്ഷേ, എന്തുകൊണ്ടോ പിന്നെ ഒരിക്കലും എനിക്കു ബീഡിയോ സിഗററ്റോ വലിക്കണം എന്നു തോന്നിയതേയില്ല.

സിനിമയ്ക്ക് വേണ്ടി ചിലപ്പോൾ പുകവലിക്കേണ്ടി വരാറുണ്ട്. പക്ഷേ അതൊരിക്കലും എന്റെ ശീലമായില്ല. ഈ സംഭവം ഓർക്കുമ്പോൾ തോന്നാറുണ്ട് പലപ്പോഴും മുതിർന്നവരുടെ അശ്രദ്ധയാണ് കുട്ടികൾക്കു ദുശ്ശീലങ്ങൾ സമ്മാനിക്കുന്നതെന്ന്. അമ്മ പഠിപ്പിച്ച നന്മകൾ എന്നും എനിക്കു കൂട്ടായിരുന്നു ദുശ്ശീലങ്ങളിലേക്ക് വീഴാതിരിക്കാൻ. ഇന്ന് സ്കൂൾ കുട്ടികൾ മദ്യപിക്കുന്നു, ലഹരി ഉപയോഗിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ തോന്നാറുണ്ട്, ഒരു അമ്മയുടെ സ്നേഹവും താക്കീതും ആ കുഞ്ഞുങ്ങൾക്കു കി ട്ടുന്നുണ്ടാകില്ല എന്ന്... മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇതിനൊക്കെ കാരണമാകുന്നതെന്ന്...