Wednesday 31 January 2024 04:10 PM IST

‘റിവ്യൂ ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, പക്ഷേ അധിക്ഷേപങ്ങള്‍ കേൾക്കുമ്പോൾ വേദന തോന്നും’: സിദ്ദിഖ്

Vijeesh Gopinath

Senior Sub Editor

siddique-actor

നര   സ്ഥിരതാമസം തുടങ്ങുമ്പോൾ  നിക്കറിട്ടു നടന്ന കാലത്തെ സ്വപ്നങ്ങളിലേക്ക് ഒാർമവണ്ടിയും പിടിച്ചൊന്നു പോയി നോക്കിയിട്ടുണ്ടോ? നല്ല രസമാണ്.
ആകാശത്തോളം വലിയ മോഹങ്ങൾ ഒരപ്പൂപ്പൻതാടി പോലെ കയ്യിലിങ്ങനെ കിടക്കുന്നതു കാണുമ്പോൾ ചുണ്ടിലൊരു ചിരി വിരിയും. അന്നു സങ്കട മുളകു കടിച്ച് എരിഞ്ഞതൊക്കെയും ഇന്നു മധുരിക്കുമ്പോഴുള്ള, കനൽ ചവിട്ടി നടന്ന വഴികളൊക്കെയും തണൽ വിരിച്ചത് അറിയുമ്പോഴുള്ള   ഹൃദയച്ചിരി. ആ പുഞ്ചിരിയാണ് ഇപ്പോൾ സിദ്ദിഖിന്റെ മുഖത്ത് വിരിയുന്നത്.   
തൊട്ടുമുൻപ്, ക്യാമറയ്ക്കു മുന്നിൽ അറുപതിനെ തോൽപ്പിച്ചു മസിൽ വിരിച്ചു നിന്ന സിദ്ദിഖല്ല ഒാർമകളിലേക്ക് ഒാടിയ വണ്ടിയിലിരുന്നത്. കഥകൾ പറയുമ്പോൾ കണ്ണിൽ സങ്കട മേഘം നിറയുന്നുണ്ട്. സന്തോഷ  മഴവില്ലു വിരിയുന്നുണ്ട്...

എടവനക്കാട്ടെ കൊല്ലിയിൽ മാമദ് സാഹിബിന്റെ മകന്റെ ആദ്യ സ്വപ്നം ഒരു റേഡിയോ ആയിരുന്നു. ഏഴുമണിയാകുമ്പോൾ അയൽപക്കത്തേക്കു കാതു തുറന്നുവയ്ക്കും. അ വരുടെ ഉമ്മറവാതിലും കടന്നു വരുന്ന പാട്ടു കേൾക്കാൻ ആ മുറ്റത്തു ചുറ്റിപ്പറ്റി നിൽക്കും. അങ്ങനെയൊരു ദിവസം രസം പിടിച്ചു പാട്ടു കേ ൾക്കുകയാണ്.

‘‘കൈതപ്പുഴ കായലിലെ... കാറ്റിന്റെ കൈകളിലെ

കളിചിരി മാറാത്ത കന്നിയോളമേ
കാണാക്കുടം നിറയെ കക്കയോ കവിതയോ
കറുത്തപൊന്നോ’’

പെട്ടെന്നു വീട്ടുകാർ  റേഡിയോ ഒാഫ് ചെയ്തു കളഞ്ഞു.  അന്നൊരു സങ്കട നീറൽ വീണിരുന്നു, സിദ്ദിഖിന്റെ മനസ്സിൽ. ‘പടച്ചോനെ,  ന്റെ വീട്ടിലും ഒരു റേഡിയോ ഉണ്ടായിരുന്നെങ്കിൽ’ എന്നാശിച്ചിരുന്നു.

പടച്ചോന്റെ ഒാരോ കളികൾ, ആ പാട്ടുപാടിയ യേശുദാസിന്റെ ഒരുപാടു വോയ്സ് മെസേജുകൾ ഇന്ന് സിദ്ദിഖിന്റെ വാട്ട്സാപ്പിലുണ്ട്. ദാസേട്ടന്റെ പാട്ടു കേൾക്കാൻ ആകാംക്ഷയോടെ നിന്ന അതേ മനസ്സോടെ സിദ്ദിഖ് ഒാർമിക്കുന്നു, ‘‘ പ്രഭചേച്ചി പറയും, ഇത്ര മധുരമായി ആരും ‘ദാസേട്ടാ...’ എന്നു വിളിക്കുന്നത് കേട്ടിട്ടില്ലെന്ന്. ആ സ്വരം ഒന്നു കേൾക്കാൻ മാത്രം കൊതിച്ച് അയൽവീടിന്റെ വാതിൽക്കൽ പോയി നിന്ന കുട്ടിയാണ് ഇപ്പോഴും ഞാൻ.  അപ്പോൾ പിന്നെ അത്രയും സ്നേഹത്തോടെ, ആരാധനയോടെയല്ലേ എനിക്കു  വിളിക്കാനാവൂ.’’
പഴയ കാലത്തെക്കുറിച്ച് പറയുമ്പോൾ 3045 എന്ന നമ്പരും മറന്നിട്ടുണ്ടാവില്ലല്ലോ...

എങ്ങനെ മറക്കാനാണ്? പോളിടെക്നിക്  പഠനം കഴിഞ്ഞ് ഗ ൾഫിൽ പോയി. അവിടെ എന്റെ എംപ്ലോ യ്മെന്റ് നമ്പരായിരുന്നു 3045.   ആദ്യത്തെ ശമ്പളം കിട്ടിയപ്പോൾ തന്നെ ടേപ് റിക്കോർഡർ വാങ്ങി കുട്ടിക്കാലത്തെ  ആ  മോഹം സാധിച്ചെടുത്തു. മൂന്നു വർഷം ഗൾഫിൽ. ഒരു ദിവസം നോട്ടീസ് ബോർഡിനു മുന്നിൽ ഒരു ആൾക്കൂട്ടം. കമ്പനിയിൽ ഒരു പ്രോജക്ട് കഴിഞ്ഞു. അടുത്തതു കിട്ടാത്തതു കൊണ്ടു കുറച്ചു പേരെ പിരിച്ചു വിടുന്നു. ആ ലിസ്റ്റിൽ‌ എന്റെ പേരും ഉണ്ടായിരുന്നു.

സത്യം പറഞ്ഞാൽ സന്തോഷമാണു തോന്നിയത്. ജോ ലി കിട്ടിയിട്ടു നാട്ടിൽ പോയിട്ടേയില്ല. വീടിനടുത്തു പോ ലും അന്ന് ഫോൺ ഇല്ല. ഉമ്മയുടെ ശബ്ദം  കേട്ടിട്ടു മൂന്നു വർഷമായി.  പോരെങ്കിൽ   വീട്ടിൽ നിന്നെത്തിയ കത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു – നിന്നെ തേടി സിനിമയിൽ നിന്ന് തമ്പി കണ്ണന്താനം എന്നൊരാൾ വന്നിരുന്നു.  ജോലി പോയ സങ്കടം തീരാൻ ആ വരി ധാരാളം. അതൊരു കച്ചിത്തുരുമ്പായി. അതിൽ പിടിച്ചാണു കയറിയത്.

അഭിനയിക്കണം എന്ന ആഗ്രഹം  ഉണ്ടായിരുന്നെങ്കിലും  മദ്രാസില്‍ പോയി താമസിച്ച് അവസരങ്ങൾ അന്വേഷിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ നടീനടന്മാരെ ആവശ്യം ഉണ്ടെന്ന പരസ്യം  ഞാനും കണ്ടിരുന്നു. പക്ഷേ, ഒരുപാടു പേർക്കൊപ്പം നിന്ന് അഭിനയിച്ചു കാണിക്കാനൊക്കെ അന്നു പേടിയായിരുന്നു.  എനിക്കൊപ്പമുള്ളവർ എന്നേക്കാൾ നന്നായി അഭിനയിക്കുന്നവരാണെന്ന് അന്നും ഇന്നും എനിക്കു തോന്നും.

ഫോട്ടോ ഷൂട്ടിൽ ബ്ലൂ ഡെനിം ഫോർമാറ്റിലും  ഇറ്റാലിയൻ ക്രെയ്പ് ഷർട്ടിലും നിൽക്കുമ്പോൾ അറുപത്തിമൂന്നു വയസ്സായെന്നു തോന്നുകയേയില്ല...
രൂപമാറ്റത്തിനു ശ്രമിക്കുന്നതു മനപൂർവമാണ്. എന്റെ ലുക്കിന് ഒരുപാടു പരിമിതികൾ ഉണ്ട്. പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല.  പ്രേക്ഷകർക്ക് എന്നെ മടുക്കുമോ എന്ന പേടികൊണ്ടാണു സിനിമയിലെ ലുക്സ് മാറ്റാറുള്ളത്. 

സംവിധായകൻ ആവശ്യപ്പെട്ടില്ലെങ്കിൽ കൂടി രൂപം മാറ്റാനുള്ള പരീക്ഷണങ്ങൾ ചെയ്യും. പ ക്ഷേ, പൊലീസ് കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോഴാണു  പെട്ടു പോവുക.   നടത്തത്തിലും സംഭാഷണത്തിലും മാത്രമല്ലേ വ്യത്യാസം കൊണ്ടു വരാൻ പറ്റൂ. ഇതൊന്നും എ ന്റെ മാത്രം കഴിവല്ല.  മേക്കപ്മാന്റെയും കോസ്റ്റ്യൂമറുടെയുമൊക്കെ ക്രിയേറ്റിവിറ്റിയ്ക്കാണു നന്ദി പറയേണ്ടത്.
 ക്യാമറയ്ക്കു മുന്നിൽ എന്തു കൃത്രിമത്വവും കൊണ്ടുവരാം. എന്നാൽ പൊതുവേദിയിൽ അതിന്റെ ആവശ്യം ഇല്ല. അതുകൊണ്ടാണ് വിഗ്ഗൊന്നും വയ്ക്കാതെ വെള്ള മുണ്ടും ഷർട്ടും ഇട്ടു വരാറുള്ളത്. വിഗ് വച്ചും വയ്ക്കാതെയും പ്രേക്ഷകരുടെ മുന്നിലെത്തുന്നതു നടന്റെ ആത്മവിശ്വാസമാണോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, ആത്മവിശ്വാസത്തെക്കാൾ പൊതുവേദിയിൽ വിഗ് വച്ചു വന്നാൽ മറ്റുള്ളവർ പരിഹസിക്കും എന്ന തോന്നലെനിക്കുണ്ട്. അതില്ലാതാക്കാനാണ് ഇങ്ങനെ നടക്കുന്നത്.


പുതിയ സിനിമ ‘നേരി’നെക്കുറിച്ചു പറയാമോ?

ജീത്തു ജോസഫിനൊപ്പം ഞാൻ വീണ്ടും എത്തുന്ന സിനിമയാണിത്. ദൃശ്യത്തിനു ശേഷം തുടർച്ചയായി ജീത്തുവിന്റെ സിനിമകളിൽ അഭിനയിക്കുന്നു. ഒരു തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ സിനിമകളിൽ തുടർച്ചയായി അഭിനയിക്കുന്നതു ഭാഗ്യമാണ്. കോർട്ട് റൂം ഡ്രാമയായ ഈ സിനിമയിൽ  മോഹൻലാലിന്റെ എതിര്‍ഭാഗത്തിനിൽക്കുന്ന വക്കീലിന്റെ വേഷമാണ്.

പ്രായമാകും തോറും അതിന് അനുസരിച്ചുള്ള കഥാപാത്രങ്ങൾ സിനിമ കാത്തു വയ്ക്കുന്നു, ഭാഗ്യമല്ലേ?

ഭാഗ്യം മാത്രമാണത്. ആദ്യമൊക്കെ അവസരങ്ങൾ ചോദിക്കുന്നതുകൊണ്ടു സിനിമകൾ കിട്ടും. പിന്നെ അടുപ്പവും  പരിചയവും ഉള്ള ആൾക്കാർ നമ്മളെ സഹായിക്കാനായി  അവസരങ്ങൾ തരും. പിന്നീട് ഒരു വേഷത്തിന് ഒന്നിലേറെ താരങ്ങളുടെ ഒാപ്ഷനുകൾ വരും. ആ നടനില്ലെങ്കിൽ സിദ്ദിഖിനെ വിളിക്കാം എന്ന മട്ട്. അതും കഴിഞ്ഞു മുന്നോട്ടു പോകുമ്പോൾ നമുക്കായി മാത്രമുള്ള വേഷങ്ങൾ ഉണ്ടായി തുടങ്ങും. കഥാപാത്രത്തെ ആലോചിക്കുമ്പോഴേ ഇതു സിദ്ദിഖിനെ കൊണ്ടു ചെയ്യിക്കാം എന്നു തിരക്കഥാകൃത്തും സംവിധായകനും തീരുമാനിക്കുന്നു. ഈ ഘട്ടമാണു ഞാൻ ഏറ്റവും കൂടുതൽ മോഹിക്കുന്നത്.

വില്ലൻ വേഷങ്ങൾ ചെയ്യാറുള്ള നടനെ പലപ്പോഴും ‘നന്മയുള്ള കഥാപാത്രങ്ങളിലേക്ക്’ വിളിക്കാറില്ല. എന്റെ കാര്യത്തിൽ   അങ്ങനെയല്ല. കോമഡി റോളും വില്ലൻ വേഷവും ഒരേ സമയം ചെയ്തിട്ടുണ്ട്. ‘മിഖായേലി’ൽ കുട്ടിയെ ക്രൂരമായി കൊല്ലുന്ന വില്ലനാണ്. അപ്പോൾ തന്നെയാണ് ‘ബാലൻ വക്കീലിലെ’ അച്ഛനായി അഭിനയച്ചത് .  ഇങ്ങനെ  നടനുവേണ്ടി മാത്രം ജനിക്കുന്ന കഥാപാത്രങ്ങളിലേക്ക് എത്തുക – അതാണ് ഭാഗ്യം.

സെലക്ടീവ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്. ഞാനല്ല, എന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. ആരുടെയൊ ക്കെയോ മനസ്സിൽ വരുന്ന സ്പാർക്ക് ആ ണ് ഞാൻ. അങ്ങനെ തേടി വരുന്ന ക ഥാപാത്രങ്ങളെ വ്യത്യസ്തമാക്കാനെ ശ്രമിച്ചിട്ടുള്ളൂ.

ഒരുപാടു സിനിമകളിൽ വില്ലനായില്ലേ? മടുക്കാറില്ലേ എന്ന് മറ്റുചിലർ ചോദി ക്കാറുണ്ട്. കൂടുതലും മ മ്മൂട്ടിയുടെയും  മോഹൻലാലിന്റെയും വില്ലൻ വേഷങ്ങൾ ചെയ്തതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്. ഒരിക്കൽ മമ്മൂക്കയുടെ വില്ലൻ ആയപ്പോൾ അദ്ദേഹം ചോദിച്ചു, ‘എടാ നമ്മള്‍ നസീറും  കെപി ഉമ്മറും ആകുമോ’ എന്ന്...
ഇപ്പോൾ നായകന്മാരായി നിൽക്കുന്ന എല്ലാവർക്കുമൊപ്പം അഭിനയിക്കാനായി. അതും മറ്റൊരു ഭാഗ്യം.

സിനിമയിലെ പുതുതലമുറക്കാർക്ക് സീനിയർ താരങ്ങളോട് അടുപ്പമില്ലെന്നു പരാതിയില്ലേ?

അങ്ങനെയുണ്ടോ? ഉണ്ടെങ്കിൽ തന്നെ സീനിയറാണെന്ന തോന്നാൽ ഇല്ലാതാക്കിയാൽ പോരെ? ഞാൻ മമ്മൂക്കയോ ടു സംസാരിക്കുമ്പോൾ എനിക്കു കിട്ടുന്ന അടുപ്പമുണ്ട്. ലാ ലും അതു തന്നെയാണു തരുന്നത്. അതേ കരുതലാണു ഞാനും പുതിയ തലമുറയ്ക്കു നൽകുന്നത്.


പലപ്പോഴും പുതു തലമുറയിൽ പെട്ടവർക്കു സീനിയർ താരങ്ങളോടു സംസാരിക്കാൻ ഒരു മടിയുണ്ടാകും. ഞങ്ങൾ അവതരിപ്പിച്ച കഥാപാത്രങ്ങളെയല്ലേ അവരാദ്യം കണ്ടത്. ആ ഒരു മതില്‍ മായ്ചു കളഞ്ഞാല്‍ എല്ലാം ശരിയായി.

സിനിമയിൽ എന്നെ അത്രയ്ക്ക്  അത്യാവശ്യമുണ്ടാകില്ല, എനിക്ക് എല്ലാവരെയും വേണം. പലരുടെയും നമ്പരിലേക്ക് എന്റെ ഫോണിൽ നിന്നേ കോളുകൾ പോവാറുള്ളൂ. തിരിച്ചു വിളിക്കുന്നവർ കുറവാണ്.  അതിൽ വിഷമമില്ല.

siddique-2

എന്തൊരു മോഹമാണു സിനിമയോട്...

കോളജിൽ പഠിക്കുമ്പോൾ  ഷേണായിസ് തിയറ്ററിലെ ഒരു സിനിമയും വിട്ടുകളയാറില്ല.  രണ്ടു രൂപയാണു ടിക്കറ്റ്. വരുമാനമൊന്നുമില്ല. ടിക്കറ്റിനു  പണമൊപ്പിച്ച വഴിയുണ്ട്.  അന്നു കോളജിൽ പോകാൻ ഒരു ദിവസം രണ്ടു രൂപ വേണം. ടിക്കറ്റിന് ഒരു രൂപ, ഉച്ചയ്ക്കു ചോറുണ്ണാൻ ഒരു രൂപ. ചില ദിവസം ഉച്ചയ്ക്കൊന്നും കഴിക്കില്ല.  ഒരു രൂപ ലാഭം കിട്ടും. രണ്ടു ദിവസം പട്ടിണി ഇരുന്നാൽ ഒരു വെള്ളിയാഴ്ച സിനിമ കാണാനുള്ള ടിക്കറ്റ് കിട്ടും. ആ പട്ടിണി കിടക്കലായിരുന്നു സിനിമയിലേക്കുള്ള എന്റെ ആദ്യ ഇൻവെസ്റ്റ്മെന്റ്.  സിനിമ എത്രയോ ഇരട്ടിയായി എനിക്കതു തിരിച്ചു തന്നു. അതിരാത്രമൊക്കെ   തിയറ്ററിൽ  ഇടിച്ചു കുത്തി കയറി കണ്ട പടമാണ്. അന്ന് മമ്മൂക്കയെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ആ മമ്മൂക്ക  എന്റെ തോളത്തു കൈയിട്ട്  ഇപ്പോൾ നടക്കുന്നു. അദ്ദേഹത്തിന്റെ കാറിൽ ഒരുമിച്ചു യാത്ര ചെയ്യുന്നു. എന്നിട്ടും ഞാൻ ആ സ്വപ്നലോകത്തു നിന്ന് താഴേക്കിറങ്ങിയിട്ടില്ല.

ഹൊഗനക്കലിൽ നരൻ ഷൂട്ട് ചെയ്യുമ്പോൾ താമസ സൗകര്യം കുറവാണ്. ആകെ ഒന്നോ രണ്ടോ ഏസി മുറിയേയുള്ളൂ. ഒന്നിൽ മോഹന്‍ലാലാണ്. രാത്രി ലാൽ മുറിയിലേക്കുവിളിക്കും. കുറേ സംസാരിക്കും.  തിരികെ പോകാൻ നേരം ലാൽ പറയും, ഇന്നിവിടെ കിടക്കാം. ഞങ്ങൾ‌ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അത്രയും അടുപ്പമുണ്ടെങ്കിൽ  പോലും ലാൽ വരുന്നതു കണ്ടാൽ ഞാൻ എഴുന്നേറ്റു നിന്നു പോകും. അ പ്പോൾ ഞാൻ ലാലിനെ അല്ല  സൂപ്പർ സ്റ്റാറിനെ ആണു കാണുന്നത്. ഈയൊരു ആവേശം മമ്മൂക്കയോടും ലാലിനോടുമേ തോന്നിയിട്ടുള്ളൂ.
മകൻ ഷഹീനോട്   അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ടോ?

siddique-family ഭാര്യ സീന, സിദ്ദിഖ്, മകൾ ഫർഹീൻ, മകൻ ഷഹീൻ, ഭാര്യ അമൃത, മകൻ റാഷിൻ

അനുഭവങ്ങൾ കേൾക്കാൻ മക്കൾക്ക് ഇഷ്ടമാണ്. അവർ വെറുതെ കേൾക്കുകയല്ല, മനസ്സിലേക്ക് എടുക്കുകയാണെന്നു ഷഹീന്റെ ചില അഭിമുഖങ്ങൾ കണ്ടപ്പോഴാണ് മനസിലായത്. അത്തരം സംസാരങ്ങൾ അവരിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. അവൻ സിനിമയിൽ ശ്രദ്ധിക്കപ്പെടും എന്നാണുപ്രതീക്ഷ.  ഞാൻ സിനിമയോടു കാണിക്കുന്ന പാഷൻ അവനും കാണിക്കുന്നുണ്ട്.
  വൈകുന്നേരം വീട്ടിലെത്തി കുടുംബത്തിനൊപ്പം കഴിയാൻ പറ്റുന്ന ജോലിയാണ് ഏറ്റവും നല്ല ജോലി എന്നാണ് എന്റെ വിശ്വാസം. വീട്ടിലെത്തി  ചായയും കുടിച്ചു ചാരുകസേരയിൽ ഇരിക്കുന്നതാണ് ഏറ്റവും വലിയ രസം. ഒരുപാട് ഹോട്ടൽ മുറികളിൽ പതുപതുത്ത മെത്തയിൽ കിടന്നുറങ്ങിയിട്ടുണ്ടെങ്കിലും എന്റെ കിടപ്പുമുറിയില്‍ കിടന്നുറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടാറില്ല.

വീട്ടിലെത്തിയാൽ മക്കളോട് സംസാരിച്ചിരിക്കാനാണ്  ഇഷ്ടം. പിന്നെ സിനിമ കാണാനും.  ഭാര്യ സീനയ്ക്കും മ കൻ റാഷിനുമെല്ലാം സിനിമ തന്നെയാണ് ഇഷ്ടം. മകൾ ഫർഹീൻ യു.കെയിൽ ഉപരിപഠനത്തിനായി  തയാറെടുക്കുന്നു. ഷഹീന്റെ വിവാഹം കഴിഞ്ഞു. അമൃതയാണ് ഭാര്യ .
മക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്, നിങ്ങൾ‌ക്ക്  എന്തു പ്രശ്നമുണ്ടെങ്കിലും എന്നോടു  പറയാം. നിങ്ങൾക്കാണ് അതു വലിയ പ്രശ്നം.  എനിക്കു നിസ്സാരമായി  പരിഹാരം കണ്ടെത്താനാകും.   നിങ്ങളുടെ ഭാഗത്തു നിന്നേ ഞാനും സീനയും ചിന്തിക്കുകയുള്ളൂ. അത് അവർക്കു കൊടുക്കുന്ന ആത്മവിശ്വാസം വലുതാണ്.

സംവിധായകൻ സിദ്ദിക്കിന്റെ സിനിമയിൽ കാൽനൂറ്റാണ്ടുകാലം അഭിനയിക്കാതിരുന്നതു നഷ്ടമല്ലേ?

വലിയ നഷ്ടമാണ്. ഗോഡ്ഫാദറും കഴിഞ്ഞ് 25 വർഷത്തിനു ശേഷമായിരുന്നു ഫുക്രി.  ഇതിനിടയിൽ ഒരുപാടു സിനിമകളുടെ ചർച്ചകൾക്കായി സിദ്ദിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഒാരോ കഥാപാത്രവും ആരു വേണം എന്നുവരെ ചർച്ചചെയ്തിട്ടുണ്ട്.  അഭിനയിക്കാതിരുന്ന സിനിമകളിൽ  എനിക്ക് പറ്റുന്ന വേഷമില്ലായിരുന്നു എന്നു നൂറുശതമാനം ഉറപ്പുമുണ്ട്. ആ സിനിമയിലെ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെക്കാൾ പെർഫക്റ്റ് അല്ല ഞാൻ.

ഒരിക്കൽ സിദ്ദിക്കിനോടു പറഞ്ഞു,‘‘പണ്ട് സത്യൻ അ ന്തിക്കാടിന്റെ സിനിമകളിൽ നെടുമുടിവേണു 24 വർഷത്തോളം അഭിനയിക്കാതിരുന്നിട്ടുണ്ട്. ഒരു വേദിയിൽ വേണുച്ചേട്ടൻ പറഞ്ഞു, ‘സത്യന്റെ സിനിമയിൽ ഞാനഭിനയിച്ചിട്ട് 24 വർഷമായി. ജീവപര്യന്തം 12 വർഷമാണ്. അപ്പോൾ ഇരട്ടജീവപര്യന്തമായി.’ ഇവിടെ നെടുമുടിയുടെ സ്ഥാനത്ത് ഞാനാണ്. 24 അല്ല. കാൽനൂറ്റാണ്ട് പൂർത്തിയായി.’’അത്രയും നാളായെന്ന് അപ്പോഴാണ് സിദ്ദിക്ക് മനസ്സിലാക്കുന്നത്. പിന്നെയാണ് ഫുക്രിയിൽ അഭിനയിക്കുന്നത്.

പുതിയകാല റിവ്യൂ രീതി

റിവ്യൂ ചെയ്യാനുള്ള  അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ, ഉപയോഗിക്കേണ്ട ഭാഷ എ ങ്ങനെയാകണമെന്ന് അവർ തീരുമാനിക്കണം. ഒരാളെ നമ്മൾ വിലയിരുത്തുന്നത്   ഉപയോഗിക്കുന്ന ഭാ ഷ മുൻനിർത്തിയാണല്ലോ.  മോശം സിനിമകളെ നല്ല ഭാഷയിൽ വിമർശിക്കുന്ന റിവ്യൂ അംഗീകരിക്കണം.  ആ വിമർശനങ്ങളെ ഭയക്കുമ്പോഴാണു നല്ല സിനിമകൾ ഉണ്ടാകുന്നത്. ‘ഈ ഡയലോഗ് പറഞ്ഞാൽ കുഴപ്പമാകുമോ’ എന്നൊക്കെ ഇപ്പോൾ ആലോചിക്കാൻ തുടങ്ങിയിട്ടുണ്ട്. അതുണ്ടായത് ഇത്തരം റിവ്യൂകൊണ്ടാണ്. പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും കേൾക്കുമ്പോള്‍ വേദന തോന്നും.  

സിദ്ദിഖ് എന്ന ബിസിനസുകാരന് എത്ര മാർക്ക്?

വട്ടപ്പൂജ്യം. പ്രസാധകനായി. ഹോട്ടൽ ബിസിനസ് നടത്തി. ഇതിനൊന്നും പറ്റുന്ന ആളല്ല ഞാനെന്നു തിരിച്ചറിഞ്ഞു.  ബിസിനസ് വിജയിക്കണം എങ്കിൽ മറ്റൊരാളുടെ കയ്യിലുള്ള പൈസ ചോദിച്ചു വാങ്ങാനുള്ള കഴിവു വേണം. എനിക്ക് അതില്ല. രണ്ടു പ്രാവശ്യം ചോദിച്ചു കിട്ടിയില്ലെങ്കിൽ പോട്ടെ എന്നു വയ്ക്കും. അതാണെന്റെ പരാജയം.
രണ്ടു സിനിമ നിർമിച്ചത് ആ സിനിമയോടും കഥാപാത്രത്തോടും തോന്നിയ ഇഷ്ടം കൊണ്ടാണ്. ‘രാവണപ്രഭു’ കഴിഞ്ഞപ്പോൾ ‘നിർമാതാക്കൾക്ക് മോഹൻലാലിനെ മീശപിരിപ്പിച്ചു സിനിമ വേണം. എനിക്ക് അതിനു വയ്യെന്നു പറഞ്ഞു രഞ്ജിത്. അപ്പോഴാണ് ‘നന്ദനം’ നിർമിക്കാം എ ന്നു തീരുമാനിച്ചത്. അതുപോലെ ‘ബഡാദോസ്ത്’ നിർമിച്ചത് അതിലെ ജി.വി. എന്ന കഥാപാത്രത്തെ അത്രയ്ക്ക് ഇഷ്ടപ്പെട്ടതു കൊണ്ടാണ്. പിന്നീട് നിർമാണത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലും ഇല്ല. അഭിനയിക്കാനാണ് എന്നും മോഹം. അത് തീരുകയേയില്ലല്ലോ.


ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ
ലൊക്കേഷൻ: റമദ റിസോർട്ട്, കൊച്ചി