ADVERTISEMENT

സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വീട്ടില്‍ അഭിനന്ദിക്കാനെത്തിയ കൊച്ചി മേയറെ സ്വീകരിക്കാതിരുന്ന സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പടുത്തലുമായി നടന്‍ വിനായകന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. മേയര്‍ വന്നപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനും പരിപാടിയുമായി സഹകരിക്കാതിരുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് വിനായകന്‍ പറയുന്നു.  

‘‘എട്ടു മാസത്തിനു ശേഷമാണ് ജോലിസ്ഥലത്തു നിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോൾ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.

ADVERTISEMENT

അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാൻ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചു കൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട. ഷോർട്സ് ഇട്ട് കലൂരിൽ ഇരിക്കുന്ന ആളുടെ വീട്ടിനകത്ത് ഉണ്ടായ മണം എന്ന തരത്തിലായിരുന്നു പിറ്റേന്ന് വന്ന വാര്‍ത്ത.

ആ സംഭവത്തിന്റെ പേരില്‍ ഹീനമായ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വസ്തുത ആരും നോക്കിയില്ല. അന്ന് എന്റെ തള്ളയ്ക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളത്. ഞാന്‍ എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം.’’- വിനായകന്‍ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT