കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി നടി കനി കുസൃതി. പാതി മുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കാനില്‍ താരമെത്തിയത്. ഗാസയിൽ തുടരുന്ന ഇസ്രായേൽ വംശഹത്യയില്‍ പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് വ്യക്തമാക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ.
ആഗോള വേദിയിൽ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ബാഗും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന കനിയുടെ ചിത്രം നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്.
30 വർഷത്തിനുശേഷം കാൻ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കനിക്കൊപ്പം ദിവ്യപ്രഭയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനിയുടെ വസ്ത്രം.