ആറു വർഷം മുൻപു ‘വനിത’യ്ക്കു വേണ്ടി ലെനയോടു സംസാരിക്കുമ്പോ ൾ ‘എങ്ങനെ ഇത്ര എനർജി കിട്ടുന്നു’ എന്നു ചോദിച്ചിരുന്നു. ‘ഒന്നും പ്ലാൻ ചെയ്യാതെ ജീവിക്കുന്നതിന്‍റെ സന്തോഷം തരുന്ന എനര്‍ജിയാണിത്’ എന്നായിരുന്നു ലെനയുെട മറുപടി. ലെന അന്നു പറഞ്ഞു, ‘ദൈവത്തിന്റെ സമ്മാനം എന്നൊന്നുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. നമ്മൾ പ്ലാൻ ചെയ്യുന്നതിനേക്കാൾ മനോഹരമായ അനുഭവങ്ങളാകും ജീവിതം തിരിച്ചുതരിക. അപ്പോഴേ അത് ആസ്വദിക്കാനാകൂ.’
ലെനയും ഇന്ത്യയുടെ ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബി. നായരും വിവാഹിതരായ വാർത്ത വന്ന ദിവസം ഇക്കാര്യം പറഞ്ഞാണു സംസാരം തുടങ്ങിയത്. ‘ആറു വർഷം മുൻപു സംസാരിച്ച കാര്യം ഈ നിമിഷത്തിലാണല്ലോ ഓർമ ഉള്ളത്. ആ ഓർമ ഈ നിമിഷത്തിൽ ഇല്ലെങ്കിൽ ആ ഓർമ ഇല്ല...’ ആ ‘സ്പിരിച്വൽ’ അവലോകനത്തിനു ശേഷം ലെന ഉറപ്പു നൽകി, ‘എല്ലാ വിശേഷങ്ങളും പറയാം, ഒരുപാടു വൈകാതെ തന്നെ...’ ഇന്ത്യയുടെ അ ഭിമാന ബഹിരാകാശ പദ്ധതി ഗഗൻയാന്റെ ഭാഗമായി അമേരിക്കയിലെ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലേക്കു പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ പ്രശാന്ത് ബി. നായരുമുണ്ട്. വനിതയുെട ഒാണപ്പതിപ്പിനു വേണ്ടി ലെനയാണു സംസാരിച്ചത്. സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിനാൽ പ്രശാന്തിനു മാധ്യമങ്ങളോടു സംസാരിക്കാനാകില്ല.
ആ രഹസ്യം, വിവാഹം
പന്ത്രണ്ടു വർഷം സിംഗിളായി ജീവിച്ച, ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം പെട്ടെന്നാണ് എന്നു പറഞ്ഞാണ് ലെന സംസാരം തുടങ്ങിയത്. ‘‘ഞാനെഴുതിയ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച പിറകേ നല്‍കിയ അഭിമുഖത്തോടൊപ്പം വന്ന വിഡിയോ വൈറലായതിൽ നിന്നാണു തുടക്കം.
‘കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു’ എന്നൊക്കെയുള്ള പരാമർശങ്ങൾ അതിലുണ്ടായിരുന്നു. സ്പിരിച്വാലിറ്റിയെ കുറിച്ച് അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉള്ളതു കൊണ്ടാകാം കുറേ ട്രോളുകളും റീലുകളും പിന്നാലെ വന്നു. സിനിമാക്കാരുടെ ഇന്റർവ്യൂ കാണുക പോലും ചെയ്യാത്ത കുറേ പേരുണ്ടെന്ന് എനിക്കു മനസ്സിലായത് അതിനു ശേഷമാണ്. അക്കൂട്ടത്തിൽ ഒരാളാണു പ്രശാന്തേട്ടനും.
‘‘ഇന്റർവ്യൂവില്‍ ആത്മീയതയും കുറേയുള്ളതു െകാണ്ടാകാം, അതു കണ്ടു കുറേപേർ വിളിച്ചു. കവികളും എഴുത്തുകാരും ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. നവംബർ 30 ന് ഒരു മെസേജ്. ‘അയാം ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, എ ഫൈറ്റർ പൈലറ്റ് വി ത് ദി ഇന്ത്യൻ എയർഫോഴ്സ്. യുട്യൂബ് ഇന്റർവ്യൂ കണ്ടു, നിങ്ങളുടെ പുസ്തകം വാങ്ങി വായിച്ചു. വളരെ ഇംപ്രസീവായി തോന്നി, അഭിനന്ദനങ്ങൾ...’
അഭിമുഖത്തിലെയും പുസ്തകത്തിലെയും ചി ല പരാമർശങ്ങൾ എടുത്തു പറഞ്ഞു രണ്ടു മൂന്നു മെസേജുകൾ കൂടി പിന്നീടു വന്നു. നേരിൽ കാണാൻ അവസരം കിട്ടിയാൽ കൂടുതൽ സംസാരിക്കാം എന്ന അവസാന മെസേജ് മനസ്സിലുടക്കിയെന്നു ലെന ചെറുനാണത്തോടെ സമ്മതിക്കുന്നു.
അഭിമുഖം പ്രശാന്ത് കാണാൻ കാരണക്കാരൻ മോഹൻലാലാണ്. ഓഷോയുടെ പുസ്തകം മോഹൻലാൽ സജസ്റ്റ് ചെയ്ത കാര്യം പറയുന്ന ഷോർട്ട് വിഡിയോ ‘മോഹൻലാൽ എന്റെ ആത്മീയ ഗുരുവാണ്’ എന്ന തലക്കെട്ടോടെയാണു പോസ്റ്റു ചെയ്തിരുന്നത്. സ്പിരിറ്റിൽ അഭിനയിച്ച നടിയെ സ്പിരിച്വാലിറ്റി വിഡിയോയിൽ കണ്ട കൗതുകത്തിലാണു പ്രശാന്ത് ക്ലിക് ചെയ്തതത്രേ. സുഹൃത്തായ രജനിയുടെ ഭർത്താവു ശ്യാമിനു പരസ്യമേഖലയിലാണു ജോലി. ആ വഴിക്കാണു നമ്പർ സംഘടിപ്പിച്ചത്.
ഇടി, വിശ്രമം, പ്രണയം
ഇടിയൻ ചന്തു എന്ന സിനിമയിൽ ലെന അഭിനയിക്കുന്ന സമയമാണത്. പീറ്റർ ഹെയ്നാണു സ്റ്റണ്ട് കൊറിയോഗ്രാഫർ. ഒരു നിർണായക രംഗത്തിൽ ലെനയ്ക്കു ഫൈറ്റുണ്ട്. ആദ്യ മൂന്നു ടേക്കും ഓക്കെയായെങ്കിലും പീറ്റർ ഹെയ്ന് കുറച്ചുകൂടി പെർഫെക്‌ഷൻ വേണമെന്ന് ആഗ്രഹം. അടുത്ത ടേക്ക് ഓക്കെ, പക്ഷേ, ലെനയുടെ കൈ ഒടിഞ്ഞു.
‘‘പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണു പ്രശാന്തിന്റെ മെസേജ് വന്നത്.’’ ലെന ഒാര്‍ക്കുന്നു. ‘‘സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടം പോലെ സമയം കിട്ടിയതോടെ പരസ്പരം വൈബ് മനസ്സിലായി. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ കഴിക്കുന്നയാളാണു ഞാൻ. പ്രശാന്തേട്ടനും അങ്ങനെ തന്നെ. വായിച്ചിട്ടുള്ള പുസ്തകങ്ങളും ഇഷ്ടമുള്ള ഭക്ഷണവും സിനിമയുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും സാമ്യം. ഇന്നലെ ചെയ്ത കാര്യമോർത്തു കുറ്റബോധത്തോടെ ഇരിക്കാനും നാളെ എന്താകും എന്നോർത്തു ടെൻഷനടിക്കാനും രണ്ടുപേർക്കും ഇഷ്ടമില്ല.
സ്പിരിച്വൽ കാര്യങ്ങൾ മാത്രമല്ല, ജീവിതവും ഒരുപോലെ ആസ്വദിക്കുന്നവരാണു ഞങ്ങളെന്നു മനസ്സിലായി. ഇ ക്കാര്യമൊക്കെ വീട്ടിൽ പറഞ്ഞതോെട അവരാണു വിവാഹാലോചനയായി മുന്നോട്ടു പോയത്.’’
ജീവിതത്തെക്കുറിച്ചു ലെനയുടെയും പ്രശാന്തിന്റെയും ഒരു യെമണ്ടൻ തിയറിയുണ്ട്, ‘മറ്റുള്ളവർ വളരെ മോശം സമയമെന്നു വിചാരിക്കുന്നതൊക്കെ യഥാർഥത്തിൽ നമുക്കു നല്ലതായിരിക്കും.’
ഇന്റർവ്യൂ വൈറലായ പിറകേ ട്രോളുകളുമായി അക്ഷരാർഥത്തിൽ ‘എയറി’ലായിരുന്നു ലെന. ‘അയ്യോ പാവം, ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും’ എന്നു മറ്റുള്ളവർ സ്വാഭാവികമായും ചിന്തിക്കാം. പക്ഷേ, ആ വിഡിയോയും ട്രോളുകളും കൊണ്ടു കുറേ നല്ല കാര്യങ്ങൾ ജീവിതത്തിലുണ്ടായെന്നു ലെന പറയുന്നു. ‘‘ഷാർജ ബുക്ഫെയറിനു ക്ഷണം കിട്ടിയതിനു പിന്നാലെ പെൻഗ്വിൻ ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധരായി വന്നു. അതു ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി.
ആ രഹസ്യം, വിവാഹം
അതിനേക്കാൾ വലിയ ടേണിങ്പോയിന്റ് ഉണ്ടായതു ജീവിതത്തിലാണ്. നവംബർ 30ന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി 17നു വിവാഹിതരായി. ജാതകപ്പൊരുത്തം നോക്കിയ ജ്യോത്സ്യൻ പറഞ്ഞത്, ‘ഉ ത്തമത്തില്‍ ഉത്തമം. ഇവ ചേർത്തു വയ്ക്കുന്നതു രണ്ടുപേർക്കും വളരെ നല്ല ഫലങ്ങൾ തരും, ഒട്ടും താമസിപ്പിക്കരുത്’ എന്നാണ്. അങ്ങനെ ഈ വർഷത്തെ ആദ്യത്തെ മുഹൂർത്തം തന്നെ എടുത്തു.
ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹത്തിൽ ഞങ്ങളുടെ അച്ഛനമ്മമാർ മാത്രമാണു പങ്കെടുത്തത്. ബെംഗളൂരുവിൽ പ്രശാന്തേട്ടന്റെ സീനിയർ ഓഫിസേഴ്സിനും അടുത്ത സുഹൃത്തുക്കൾക്കുമായി വിരുന്നും നടത്തി. ആ സമയത്തു ബഹിരാകാശ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല. ഞാൻ സിനിമയിലായതു കൊണ്ടു വിവാഹവാർത്ത പുറത്തുവന്നാൽ എന്റെ ഭർത്താവ് ആരാണെന്ന് ആളുകൾ ചികയുമല്ലോ. അതു ഗഗൻയാൻ മിഷന്റെ രഹസ്യസ്വഭാവത്തെ ബാധിക്കും. അതിനാൽ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല.
കല്യാണം കഴിഞ്ഞു 40 ദിവസത്തിനു ശേഷം ഫെബ്രുവരി 27നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്ന, ‘ആസ്ട്രോനോട് വിങ്സ്’ സമർപ്പണ ചടങ്ങു നടന്നത്. അന്നു തന്നെ വിവാഹവിവരം അറിയിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു.’’
വിവാഹവാർത്ത പുറത്തു വന്നതിനു പിറകേ വിവാഹ റിസപ്ഷനു പങ്കെടുത്ത ഷെഫ് പിള്ള പോസ്റ്റ് ചെയ്ത വിഡിയോയും വൈറലായി. ബെംഗളൂരുവിലെ ഷെഫ് പിള്ളയുടെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ചെന്ന് ആരാധകനായി പരിചയപ്പെട്ടു സൗഹൃദത്തിലായതാണ് അവർ. രുചികരമായ ഭക്ഷണത്തോടുള്ള ആ ഇഷ്ടം കൊണ്ടു താനൊരു നല്ല കുക്ക് ആയെന്നു ലെന പറയുന്നു.
‘‘പ്രശാന്തേട്ടന്റെ അച്ഛനും അമ്മയും പാലക്കാടാണ്. എന്റെ അച്ഛനും അമ്മയും തൃശൂരിലും. കർശന നിയന്ത്രണങ്ങളുള്ളതു കൊണ്ടു വിവാഹശേഷം ഒന്നിച്ചു യാത്രകളൊന്നും പോയില്ല. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ചയായിരുന്നു റിപബ്ലിക് ഡേ. അന്നു തിയറ്ററിൽ പോയി ഫൈറ്റർ സിനിമ കണ്ടു. ഫൈറ്റർ പൈലറ്റായി ഹൃത്വിക് റോഷൻ തകർത്തഭിനയിച്ച ആ സിനിമ എന്നെ കാണിച്ചത് എയർഫോഴ്സ് ലൈഫ് മനസ്സിലാക്കി തരാനായിരുന്നു. അതിനപ്പുറം ജോലിയുടെ ഒരു വിവരങ്ങളും ഭാര്യയോടു പോലും പറയാനാകില്ല.
വിവാഹശേഷം ബെംഗളൂരുവിലെ വീട്ടിൽ പാചകവും വാചകവുമായിരുന്നു മെയിൻ. എല്ലാ ഭക്ഷണവും ആസ്വദിച്ചു കഴിക്കുമെങ്കിലും ഗഗന്‍യാന്‍ ദൗത്യത്തിനു വേണ്ടി ഫിസിക് നോക്കണം. അതുകൊണ്ടു കൃത്യമായ ഡയറ്റുണ്ട് പ്രശാന്തേട്ടന്. ചിട്ടകളിലുള്ള ഡിസിപ്ലിൻ ലെവൽ നമ്മളെ ഞെട്ടിക്കും. ഭക്ഷണം, ഉറക്കം, എക്സർസൈസ്, പഠനം തുടങ്ങിയവയൊക്കെ കിറുകൃത്യം. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും നട്സും പ്രധാനമാണ്. പ്രോട്ടീൻ നന്നായി കഴിക്കും. കാർബോഹൈഡ്രേറ്റ് ഹൈ ക്വാളിറ്റിയിലും മിനിമം ക്വാണ്ടിറ്റിയിലുമാണ് കഴിക്കുക. ചോറ് വല്ലപ്പോഴും മാത്രം. അതും തവിടുള്ള അരിയുടേത്. മില്ലെറ്റ് ആണു കൂടുതലും. കൂടാതെ വ്യായാമം. ഏഴു മണിക്കൂർ നിർബന്ധമായും ഉറങ്ങും.
വീട്ടിൽ തന്നെ പാചകം ചെയ്തു െചയ്ത് ഞാൻ വളരെ നല്ല കുക്കായി. പാചകം എനിക്കു വഴങ്ങുമെന്നു തിരിച്ചറിഞ്ഞതു തന്നെ കല്യാണശേഷമാണ്. എക്സ്പെർട് കുക്കാണെന്നു പറഞ്ഞ് പ്രശാന്തേട്ടൻ കൈപ്പുണ്യത്തിനു നൂറുമാർക്കും തന്നിട്ടുണ്ട്. നാടൻഭക്ഷണവും ആംഗ്ലോ ഇന്ത്യനും മാത്രമല്ല, ഇടയ്ക്കു ചൈനീസ് പോലുള്ള പരീക്ഷണങ്ങളുമുണ്ട്.’’
ഓണം, പൊന്നോണം
കുവൈത്തിലായിരുന്നു പ്രശാന്തിന്റെ കുട്ടിക്കാലം. അച്ഛന് അവിടെയായിരുന്നു ജോലി. കുവൈത്ത് യുദ്ധകാലത്താണു നാട്ടിലേക്കു വന്നത്. പാലക്കാട് ചിന്മയ വിദ്യാലയയിൽ നിന്നു പ്ലസ്ടു പാസ്സായ ശേഷം നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേർന്നു. പിന്നെ എയർഫോഴ്സിലേക്ക്.
‘‘അപാർട്മെന്റിലെ മലയാളി കുടുംബങ്ങൾ ചേർന്നൊരുക്കുന്ന ഓണസദ്യയിലാണു പ്രശാന്തേട്ടന്റെ ഓണം ഓർമകൾ തുടങ്ങുന്നത്.’’ ലെന പറയുന്നു. ‘‘ഓരോ വീടുകളി ൽ തയാറാക്കിയതെല്ലാം ഒന്നിച്ചു കൊണ്ടുവന്ന് ഇലയിൽ വിളമ്പി എല്ലാവരും കൂടി കഴിക്കും. സദ്യയുടെ രുചിയും കേരളത്തനിമയുമൊക്കെ അറിഞ്ഞു മക്കൾ വളരണമെന്ന് അച്ഛനമ്മമാർക്കു നിർബന്ധമായിരുന്നു. പ്രശാന്തേട്ടന്റെ അമ്മ നന്നായി നാടൻ ഭക്ഷണമുണ്ടാക്കും.
എന്റെ കുറേ വർഷങ്ങളായുള്ള ഓണവും വിഷുവുമൊക്കെ വടക്കാഞ്ചേരിയിലെ മീനാക്ഷി മുത്തശ്ശിയുടെ ഒപ്പമാണ് ആഘോഷിച്ചിരുന്നത്. കഴിഞ്ഞ വർഷം മേയിൽ മുത്തശ്ശി മരിച്ചു. അന്നു ഞാൻ കരുതിയത് ഇനി ജീവിതത്തിൽ വിഷുവും ഓണവുമൊന്നും ഇല്ല എന്നാണ്. ജീവിതം മാറിയതു പെട്ടെന്നല്ലേ. അതുവരെ ഉണ്ടായിരുന്നതിനെക്കാൾ ഗംഭീരമായി വലിയൊരു കുടുംബവും ആഘോഷവും ജീവിതത്തിലേക്കു വന്നു.
അച്ഛൻ വിളംപിൽ ബാലകൃഷ്ണൻ നായരും അമ്മ കൂളങ്ങാട്ടു പ്രമീളയും പ്രശാന്തേട്ടന്റെ സഹോദരങ്ങളായ പ്രദീപും പ്രവീണും പ്രതിഭയുമൊക്കെയായി വീട്ടിൽ എന്നും ആഘോഷമാണ്. വിവാഹം കഴിഞ്ഞ് ആദ്യ വിഷു പാലക്കാട്ടെ പ്രശാന്തേട്ടന്റെ വീട്ടിലായിരുന്നു.
കണി കണ്ട പിറകേ കൈനീട്ടം കിട്ടി. എന്റെ വീട്ടിലെ മൂത്ത പേരക്കുട്ടിയാണു ഞാൻ. പ്രശാന്തേട്ടന്റെ വീട്ടിലെ അനിയത്തിക്കുട്ടിയും. അതുകൊണ്ടു ചേട്ടന്മാരും കസിൻസുമൊക്കെ കൈനീട്ടവും സമ്മാനങ്ങളും തന്നു. ഇക്കുറി ഓണം എങ്ങനെയാകുമെന്നു പ്ലാൻ ചെയ്യാനായില്ല. കൊച്ചിയിലെ വീടുപണി അവസാന ഘട്ടത്തിലാണ്.’’
സിനിമ, ആകാശം
ഹിമാലയൻ യാത്രയും തല മൊട്ടയടിക്കുന്നതുമൊക്കെ ലെനയ്ക്കു പുതിയ കാര്യമല്ല. ഇക്കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുമ്മാട്ടികളി എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനം തല മൊട്ടയടിച്ചത്. ‘ഞാൻ മൊട്ടത്തല ആയിരുന്ന സമയത്തു പ്രശാന്തേട്ടനെ മീറ്റ് ചെയ്തില്ല. അല്ലെങ്കിൽ രണ്ടു മൊട്ടത്തലകളുടെയും ഫോട്ടോ എടുക്കാമായിരുന്നു’ എന്നു പറഞ്ഞു ലെന പൊട്ടിച്ചിരിച്ചു.
‘‘പ്രശാന്തേട്ടൻ വലിയ സിനിമാഭ്രാന്തനാണ്, സീരിയസായി തന്നെ സിനിമ കാണുന്നയാൾ. അമേരിക്കയിലെ എ യർഫോഴ്സ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിലെ ഇന്റർനാഷണൽ ഓഫിസർമാരുടെ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമിൽ അദ്ദേഹം തയാറാക്കിയ രണ്ടു റിസർച് പേപ്പറുകളും ബെസ്റ്റ് റിസർച് അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിലൊന്നിന്റെ വിഷയം തന്നെ കൗതുകമുള്ളതാണ്, ‘വാർ മൂവീസ് ഡീകോഡഡ്.’
എന്റെ സിനിമകളിൽ രണ്ടാം ഭാവവും സ്പിരിറ്റും പ്രശാന്തേട്ടൻ കണ്ടിട്ടുണ്ട്. 24 വർഷങ്ങൾക്കു ശേഷം ദേവദൂതൻ വീണ്ടും റിലീസായല്ലോ, അതു കാണിക്കണം. പുഷ്പകവിമാനം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. നീണ്ട ബ്രേക്കിനു ശേഷം ജോയ്ൻ ചെയ്തതു ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ്. ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയും ഹാപ്പി മാരീഡ് ലൈഫും ഷൂട്ടിങ് നടക്കുന്നുണ്ട്.
ജീവിതത്തിൽ എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നതെന്നു നമുക്കൊന്നും അറിയില്ല. എന്തൊക്കെ അപകടം വന്നേക്കാം എന്നു ചിന്തിക്കാറുണ്ട്. പക്ഷേ, എത്ര ഗ്രേറ്റ് ആയി ജീവിതം മാറുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ നമ്മൾ ശ്രമിക്കാറില്ല. അതിനുള്ള പ്രേരണയാകട്ടെ ഞങ്ങളുടെ കഥ.
പ്രശാന്തേട്ടന്റെ ജോലിയുടെ ഗൗരവസ്വഭാവം കൊണ്ടുതന്നെ ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കുന്ന കുറച്ചധികം ആഗ്രഹങ്ങളുണ്ട്. എനിക്കൊപ്പം ലൊക്കേഷനിൽ വന്നു ഷൂട്ടിങ് കാണുന്നതു മുതൽ ഒന്നിച്ചുള്ള യാത്രകൾ വരെ അക്കൂട്ടത്തിൽപെടും. ആ ലൈഫ് ജീവിച്ചു തുടങ്ങാൻ കുറച്ചു കൂടി സമയമെടുക്കും. അതിനായുള്ള കാത്തിരിപ്പിലാണു ഞങ്ങൾ.
ദൈവത്തിന്റെ ആത്മകഥ
സൈക്കോളജിയിൽ ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞു സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന കാലത്തേ പുസ്തകമെഴുതുന്ന ചിന്ത ലെനയുടെ മനസ്സിലുണ്ടായിരുന്നു. മുന്നിലെത്തുന്ന ആളുകൾ നേരിടുന്ന സംഘർഷം ചെറുതല്ല എന്ന തിരിച്ചറിവാണ് അതിനു കാരണം.
‘‘സംഘർഷങ്ങളെ മനോരോഗമായി കണ്ടു ചികിത്സിക്കാനാണു മിക്കവർക്കും തിടുക്കം. പക്ഷേ, നമ്മൾ തന്നെയാണു സംഘർഷം ഒഴിവാക്കാനുള്ള വഴി കണ്ടെത്തേണ്ടത്. ബിപി കൂടിയാൽ ഉപ്പു കുറയ്ക്കണം എന്നു നമുക്കറിയാം. പ്രമേഹം വന്നാൽ പഞ്ചസാര ഒഴിവാക്കണമെന്നും. ഈ തിയറിയാണു മാനസികാരോഗ്യത്തിലും വേണ്ടത്. സ്പിരിച്വാലിറ്റിയിലൂടെ ജീവിതത്തിലെ ‘ഉപ്പും പഞ്ചസാരയും’ കുറയ്ക്കുന്നത് എങ്ങനെയെന്നു പറയുന്നതാണ് ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം. സ്വയം സ്നേഹിക്കുക എന്നതാണു സ്പിരിച്വാലിറ്റിയുടെ അടിസ്ഥാന തത്വം.
അടുത്ത പുസ്തകത്തിന്‍റെ ആലോചനകളും തുടങ്ങിക്കഴിഞ്ഞു. ദാമ്പത്യത്തിലെ ഊഷ്മളതയും സ്നേഹവും എങ്ങനെ രണ്ടു വ്യക്തികളെ വളരാൻ സഹായിക്കുന്നു എന്നതൊക്കെ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.’’
പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന പാപ്പ
ഇന്ത്യൻ എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റായ ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ വിളിപ്പേര് (കോൾ സൈൻ) പാപ്പ എന്നാണ്. സുഖോയ് 30 MKI ഫൈറ്റർ സ്ക്വാഡ്രൺ കമാൻഡിങ് ഓഫിസറായ പ്രശാന്ത് നായർ ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഐഎസ്ആർഒയുടെ ഗഗൻയാനിലേക്കു തിരഞ്ഞെടുക്കപ്പെട്ട നാലു സഞ്ചാരികളിലൊരാളാണ്.
പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡിണ്ടിഗലിലെ എയർഫോഴ്സ് അക്കാഡമിയിലുമായിരുന്നു പഠനം. ബിരുദത്തിൽ രാഷ്ട്രപതിയുടെ മെഡലോടെ ഒന്നാമനായ പ്രശാന്ത് ബി. നായർക്കു എയർഫോഴ്സ് അക്കാഡമിയിലെ മികവിനു സ്വോഡ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 26 വർഷമായി എ യർഫോഴ്സിൽ ജോലി ചെയ്യുന്നു. യുദ്ധവിമാനങ്ങൾ 3000 മണിക്കൂറോളം പറത്തിയ പരിചയമുണ്ട്.
വിവിധ യുദ്ധവിമാനങ്ങളുടെയും മറ്റും പരീക്ഷണ പറക്കലിനു ചുമതലയുള്ള പ്രശാന്ത് ബി. നായർക്കു ഡിആർഡിഒയുടെ അഗ്നി എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികൻ രാകേഷ് ശർമയ്ക്കു ശേഷം റഷ്യയിലെ യൂറി ഗഗാറിൻ കോസ്മോനോട് ട്രെയ്നിങ് സെന്ററിൽ നിന്നു സിയൂസ് സ്പേസ് ക്രാഫ്റ്റിൽ ബിരുദം നേടിയെന്ന അപൂർവനേട്ടവും പ്രശാന്ത് ബി. നായരുടെ പേരിലുണ്ട്
സ്ട്രാറ്റജിക് സ്റ്റഡീസിൽ മാസ്റ്റേഴ്സ് ബിരുദവും ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫില്ലുമുള്ള പ്രശാന്ത് ബി. നായർ, അഡ്വാൻസ്ഡ് എയർ പ വർ എന്ന വിഷയത്തിൽ ഓസ്ട്രേലിയൻ എയർ പവർ ഡെവലപ്മെന്റ് സെന്ററിൽ നിന്നും നാഷനൽ സെക്യൂരിറ്റി സ്ട്രാറ്റജിയിൽ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മെറിറ്റ് സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എയ്റോനോട്ടിക്സിലെ എംടെക് റിസർച്ചിന്റെ ഭാഗമായി സ്പേസ് വെഹിക്കിൾ ഡിസൈനിൽ ഗവേഷണം പൂർത്തിയാക്കിയത് അടുത്തിടെയാണ്. മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനും കൂടിയാണു പ്രശാന്ത് ബി. നായർ.
രൂപാ ദയാബ്ജി