നടി ഹണി റോസ് മുന്നോട്ടു വച്ച ലൈംഗികാധിക്ഷേപ പരാതിയിൽ പിന്തുണ അറിയിച്ച് സാംസ്കാരിക കേരളം അണിനിരന്നു കഴിഞ്ഞു. ദ്വയാർഥ പ്രയോഗങ്ങളും അശ്ലീല പരാമർശവും നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ മുഖം നോക്കാതെ നിയമപോരാട്ടത്തിനൊരുങ്ങിയ താരത്തിന്റെ ശ്രമങ്ങളും ഫലം കാണുകയാണ്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വാർത്ത സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതാണ്.
ഹണിയുടെ നിയമയുദ്ധം ഫലം കാണുമ്പോൾ ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോയ നടി പ്രവീണയുടെ അനുഭവവും ചർച്ചയാകുകയാണ്. സൈബർ അധിക്ഷേപങ്ങൾ മാത്രമല്ല കുടുംബത്തെ കൊല്ലും എന്ന ഭീഷണി വരെ നേരിട്ട പ്രവീണയുടെ അനുഭവം വിശദമായി വനിതയിലൂടെ പുറംലോകത്തെത്തിയിരുന്നു.
പ്രധാനമന്ത്രി വരെ ഇടപെട്ട് നീതി ഉറപ്പാക്കിയ പ്രവീണയുടെ നിയമപോരാട്ടത്തിന്റെ അനുഭവം ഒരിക്കൽ കൂടി വായിക്കാം...
––––
അഞ്ചു വർഷം മനസ്സിനെ നോവിച്ച ഒരു പ്രതിസന്ധിയിൽ നിന്നു കരകയറിയതിന്റെ ആശ്വാസമുണ്ടു പ്രവീണയുടെ വാക്കുകളിലെങ്കിലും ആ മുഖത്തിപ്പോഴും ഭയം നിഴലിക്കുന്നുണ്ട്.
‘‘ഇത്രകാലത്തെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. അഞ്ചു വർഷം മുൻപാണ് എല്ലാത്തിന്റെയും തുടക്കം. എന്റെ ചില ഫേക്ക് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. സുഹൃത്തുക്കളും പരിചയക്കാരും വിളിച്ചു പറഞ്ഞപ്പോഴാണു ശ്രദ്ധിച്ചത്. സീരി യലുകളുടെ സീനുകളിൽ നിന്നു വ്യത്യസ്ത മുഖഭാവങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത്, നഗ്നശരീരങ്ങളുമായി ചേർത്തു വച്ചിരിക്കുകയാണ്. കള്ളമാണെന്ന് എല്ലാവർക്കുമറിയാം, അതിനാൽ പേടിയൊന്നും തോന്നിയില്ല. എങ്കിലും ആരാണ് ഇതിനു പിന്നിൽ എന്നറിയണമെന്ന് ഉറപ്പിച്ചു.
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എന്റെ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. അതിനു ധാരാളം ഫോളോവേഴ്സുമുണ്ട്. ഒപ്പം എന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും അയച്ചു കൊടുക്കുന്നുമുണ്ട്.’’
മറഞ്ഞിരിക്കുന്ന ശത്രു
‘‘ആരാണിതു ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എനിക്കങ്ങനെ ശത്രുക്കളുമില്ല. ഓരോ ദിവസം കഴിയും തോറും ഉപദ്രവം കൂടി. കൃത്യമായി എന്നെ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഒന്നോ രണ്ടോ അല്ല, ആയിരക്കണക്കിനു ചിത്രങ്ങൾ. അതും കൃത്രിമമെന്നു തോന്നാത്തത്ര ഫിനിഷിങ്ങിലാണ് ഓരോന്നും.
ഞാൻ എന്റെ ഡിപി മാറ്റിയാൽ സെക്കൻഡുകൾക്കകം ഫേക്ക് അക്കൗണ്ടിലെ ഡിപിയും അതാക്കി മാറ്റും. എന്റെ സുഹൃത്തുക്കൾ ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോൾ, മറ്റൊരു അക്കൗണ്ടിൽ നിന്നു ചിത്രങ്ങൾ വരും. എന്നെ തേജോവധം ചെയ്യുക എന്നതാണുക്ഷ്യം എന്നുറപ്പായി. ഇതിനായി നൂറുകണക്കിനു വ്യാജ ഐഡികളാണു സൃഷ്ടിച്ചിരിക്കുന്നത്.
‘വിട്ടുകള, ഇത്തരം കുറേ ‘രോഗി’കളുണ്ട്’ എന്നൊക്കെ പലരും പറഞ്ഞിട്ടും അങ്ങനെയങ്ങു തള്ളിക്കളയാൻ തോന്നിയില്ല. സീരിയൽ ഷൂട്ടിങ്ങിനായി അപ്പോൾ ചെന്നെയിൽ ആയിരുന്നു. അതുകൊണ്ട് അവിടത്തെ സൈബർ സെല്ലിൽ പരാതി കൊടുത്തു. അവർ ഇടപെട്ട് ആ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. പക്ഷേ, ആ ആശ്വാസം അധികം നീണ്ടില്ല. തൊട്ടടുത്ത ദിവസം പുതിയ അക്കൗണ്ടുകൾ വന്നു. പിന്നെയും പരാതികളുമായി ഒരു വർഷം ചെന്നൈ സൈബർസെൽ ഓഫിസിൽ കയറിയിറങ്ങി. പക്ഷേ, കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. നാട്ടിലെത്തി എ.ഡി.ജി.പി മനോജ് ഏബ്രഹാം സാറിനെ നേരിട്ട് പോയി കണ്ട് പരാതി നല്‍കി.
സൈബർ സെൽ ഇടപെട്ട് അക്കൗണ്ടുകൾ നീക്കം ചെയ്തെങ്കിലും അനുഭവം പഴയതു തന്നെ. പുതുതായി ക്രിയേറ്റ് ചെയ്ത അക്കൗണ്ടുകളിൽ നിന്നു കൂടുതൽ ചിത്രങ്ങൾ വന്നു.
ഇൻസ്റ്റഗ്രാമിൽ ഇതേ സമയത്ത് എനിക്കൊരു പയ്യന്റെ വോയിസ് മേസേജ് സ്ഥിരമായി വരുന്നുണ്ടായിരുന്നു. തമിഴും ഹിന്ദിയും കലർത്തിയാണ് സംസാരം. കേട്ടു മനസ്സിലാക്കാൻ കുറച്ചു പാടാണ്. ‘ആരാണ് ? എന്തു വേണം?’ എന്നൊക്കെ ഞാൻ ഇംഗ്ലിഷിൽ മറുപടി കൊടുത്തപ്പോൾ അയാൾക്ക് മനസ്സിലായില്ല. തിരിച്ച് ‘സ്റ്റുഡൻഡ്, ഡൽഹി, ഐ ആം ഫാന്‍’ എന്നൊക്കെയാണു പറയുന്നത്.
എല്ലാ ദിവസവും അവന്റെ മെസേജുകൾ വരും. എല്ലാം ദീർഘമാണ്. ‘നാന്‍ അമ്മാവോട പെരിയ ഫാൻ’ എന്നൊക്കെ പറഞ്ഞ്, യാതൊരു കാര്യവുമില്ലാത്ത സംസാരമാണ്.
ഇതിനിടെ, ‘അമ്മാ..അമ്മാവോട ചില ഫേക്ക് ഫോട്ടോസ് വൈറൽ ആണ്’ എന്നും അവൻ പറഞ്ഞിരുന്നു.
‘നിങ്ങളാണോ അതു ചെയ്യുന്നത്’ എന്നു ഞാൻ പെട്ടെന്നു ചോദിച്ചു. ‘അല്ല’ എന്നായിരുന്നു മറുപടി. പക്ഷേ, എനിക്കെന്തോ സംശയം തോന്നി. അപ്പോഴെല്ലാം പരാതിയുമായി സൈബർ സെല്ലിന്റെ ഓഫിസിൽ കയറിയിറങ്ങുകയാണ്. ഒടുവിൽ ഈ സംശയം കൂടി പറഞ്ഞപ്പോൾ, അന്വേഷണം എത്തി നിന്നതു ഡൽഹിയിലുള്ള ഒരു ഐപി അഡ്രസിലാണ്. ഡൽഹിയിൽ താമസിക്കുന്ന തമിഴ് കുടുംബം. ഒരു സ്ത്രീയുടെ വിലാസമാണത്. അതായത് അവന്റെ അമ്മ. മകൻ കംപ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥി. പേര് ഭാഗ്യരാജ്. 22 വയസ്സ്. അച്ഛൻ ബിഎസ്എൻഎൽ ഉദ്യേഗസ്ഥൻ.
ഒടുവിൽ അയാൾ പിടിയിലായപ്പോൾ
നാലുപേരുടെ പൊലീസ് സംഘം ഡൽഹിയിൽ പോയാണ് അവനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ടപ്പോൾ അവൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അമ്മയാണെങ്കിൽ മകൻ ഇങ്ങനെയൊന്നും ചെയ്യില്ലെന്നു പറഞ്ഞു ഭയങ്കര കരച്ചിലും നിലത്തു കിടന്നുരുളലും. പക്ഷേ, ഇവനാണിതൊക്കെ ചെയ്യുന്നതെന്ന് അവന്റെ അച്ഛനു മനസ്സിലായി. അദ്ദേഹം പിന്നീട് എന്നോട് ക്ഷമ പറഞ്ഞതുമാണ്. അമ്മ മാത്രം സമ്മതിച്ചില്ല.
പൊലീസ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചപ്പോഴും മാധ്യമങ്ങളുടെ മുന്നിൽ യാതൊരു ഭാവഭേദവുമില്ലാതെ, വിജയിയെപ്പോലെയാണു നിന്നത്. ആദ്യം നിഷേധിച്ചെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മോർഫ് ചെയ്യാനുപയോഗിച്ച ആപ്പ് ഏതാണെന്നു കൃത്യമായി പറഞ്ഞു. രണ്ട് ഫോണിലും ലാപ് ടോപ്പിലുമായി അത്തരം 1500 ൽ കൂടുതൽ ചിത്രങ്ങളാണുണ്ടായിരുന്നത്.
പകയായി മാറിയ ആരാധന
ഇങ്ങനെയൊക്കെ ചെയ്തതിന്റെ കാരണമായിരുന്നു വിചിത്രം. എന്റെ ‘പ്രിയമാനവൾ’ എന്ന തമിഴ് സീരിയൽ കണ്ട് ആരാധന കൂടി പൊസസീവ് ആയതാണത്രേ. ഒഫീഷ്യൽ അക്കൗണ്ടിൽ വരുന്ന കമന്റുകൾക്ക് ഞാൻ ആർക്കും മറുപടി കൊടുക്കുന്നതോ, ഫാൻ പേജുകളിൽ വരുന്ന പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതോ ഒന്നും ഇഷ്ടമല്ല. എപ്പോഴും ഞാൻ അവനോടു മാത്രം സംസാരിക്കണമത്രേ. എന്തൊരു വിചിത്രമായ മാനസിക നിലയാണ്.
അതോടെ എല്ലാ പ്രശ്നങ്ങളും തീർന്നെന്നു കരുതി. മൂന്നു മാസത്തിനു ശേഷം അവനു ജാമ്യം കിട്ടി. ഒരു മാസം കൂടി യാതൊരു കുഴപ്പവുമുണ്ടായില്ല. പക്ഷേ, അതിലും ഭീകരമായിരുന്നു പിന്നീടുള്ള ഉപദ്രവം. ഇക്കുറി പ്രധാന ഇര എന്റെ മോളായിരുന്നു. അവളുടെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും അധ്യാപകർക്കും അയയ്ക്കാ ൻ തുടങ്ങി.
21 വയസ്സുള്ള കുട്ടിയല്ലേ. വല്ലാതെ തകർന്നു പോയി. പഠിക്കാൻ പറ്റുന്നില്ല. ആകെ നാണക്കേടും. വൈകാതെ മോളുടെ കൂട്ടുകാരുടെ ചിത്രങ്ങളും ഇത്തരത്തിൽ ഉപയോ ഗിക്കാൻ തുടങ്ങി. അവർക്കു മോളോടും അതു കാരണം മോൾക്കെന്നോടും ദേഷ്യം തോന്നണം. അതായിരുന്നു ല ക്ഷ്യം. കൂടാതെ എന്റെ ചിത്രത്തിനൊപ്പം ‘ആദരാഞ്ജലികൾ’ വച്ചും പ്രചരിപ്പിച്ചു.

മാത്രമല്ല, 70 വയസ്സുള്ള എന്റെ അമ്മ, സഹോദരന്റെ ഭാര്യ, സുഹൃത്തുക്കൾ തുടങ്ങി കുടുംബത്തിലെ മറ്റംഗങ്ങളെയും ഉപദ്രവിച്ചു. കൊച്ചു കുഞ്ഞുങ്ങളെപ്പോലും വെറുതേ വിട്ടില്ല. രണ്ടാം ഘട്ടത്തിൽ എന്റെ പേരിലായിരുന്നില്ല ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയത്, വീട്ടിലെ മറ്റുള്ളവരുടെ പേരുകളിലായിരുന്നു. അതോടെ എല്ലാവരും സോഷ്യൽ മീഡിയ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു.
ഈ മാനസിക ഭാരം ജോലിയെപ്പോലും ബാധിക്കാൻ തുടങ്ങി. ആകെ സങ്കടം. ഭർത്താവു സന്തോഷ് നായരാണ് ആ ദിനങ്ങളിൽ എനിക്കു ധൈര്യം പകർന്നത്. വീണ്ടും പ രാതിയുമായി പോയെങ്കിലും സെബർ സെല്ലും നിസ്സഹായരായിരുന്നു. അവനെ വീണ്ടും അവിടെപ്പോയി പിടിക്കുന്നതിൽ സാങ്കേതികമായി പരിമിതികളുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ്, മോളുടെ കല്യാണം ക്ഷണിക്കാൻ വിളിച്ചപ്പോൾ സുരേഷ് ഗോപിച്ചേട്ടൻ ഇക്കാര്യം തിരക്കിയത്. ഞാനെന്റെ വിഷമം പറഞ്ഞപ്പോൾ, നീയെന്താ ഇതു നേരത്തേ പറയാഞ്ഞതെന്നായി അദ്ദഹം. വൈകാതെ ചേട്ടൻ വഴി, പ്രധാനമന്ത്രിക്ക് നേരിട്ടു പരാതി നൽകി.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ, മണിക്കൂറുകൾക്കകം കാര്യങ്ങൾ നീങ്ങി. അവൻ വീണ്ടും ജയിലിലായി. വലിയ ഭാരം ഇറക്കിവച്ച ആശ്വാസമാണ് ഈ ദിവസങ്ങളിൽ ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്. അഞ്ചു വർഷത്തിനിടെ അവനത്രത്തോളം ഞങ്ങളെ ദ്രോഹിച്ചു. എല്ലാ ദിവസവും ഇരയാക്കപ്പെടുകയായിരുന്നു.
പക്ഷേ, വീണ്ടും ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ അവൻ എന്താകും ചെയ്യുകയെന്നതിൽ എനിക്കു പേടി തോന്നുന്നു. ‘കൊല്ലും’, ‘കുടുംബം നശിപ്പിക്കും’ എന്നൊക്കെയാണു ഭീഷണി. അതോർക്കുമ്പോൾ വലിയ ആശങ്കയുണ്ട്.
ഗൗരിക്കും ഇഷ്ടം അഭിനയം
പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാത്ത ആളായിരുന്നു ഞാൻ. ധാരാളം അവസരങ്ങൾ വന്നെങ്കിലും രണ്ടോ രണ്ടരയോ വർഷമേ തുടക്കത്തിൽ സിനിമയിൽ സജിവമായി നിന്നുള്ളൂ. ഇരുപത്തിയൊന്നു വയസ്സിലായിരുന്നു വിവാഹം. വിവാഹശേഷവും അവസരങ്ങൾ വന്നു. അപ്പോഴേക്കും മോളായി. രണ്ടു മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം, അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന സിനിമയിലൂടെ മടങ്ങിയെത്തി. തുടർന്നു സ്വപ്നം മുതൽ ദേവീമാഹാത്മ്യം വരെ കുറേ സീരിയലുകൾ. തമിഴിൽ ഇപ്പോൾ മൂന്നാമത്തെ സീരിയലാണ് അഭിനയിക്കുന്നത്. പ്രിയമാനവളെ അവിടെ വൻഹിറ്റായ സീരിയലാണ്.
അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ വാസന്തിയും ലക്ഷ്മിയും പിന്നെ, ഞാനിലെ വാസന്തിയും ‘സ്വർണ’ത്തിലെ രാധയുമാണ്. സ്വർണത്തിലെ വേഷത്തിനു അവാർഡ് പ്രതീക്ഷിച്ചിരുന്നു. നേരത്തേ രണ്ടു സംസ്ഥാന പുരസ്കാരങ്ങളും അപ്രതീക്ഷിതമായിരുന്നു, അഗ്നിസാക്ഷിയും ഒരു പെണ്ണും രണ്ടാണും. ഡബ്ബിങ്ങിനും രണ്ടു സ്റ്റേറ്റ് അവാർഡുകള്‍ കിട്ടി.
മകൾ ഗൗരിക്കും അഭിനയത്തോടാണു താൽപര്യം. അവൾ ഇപ്പോൾ ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ മാസ് മീഡിയ കമ്യൂണിക്കേഷനിൽ പി.ജി വിദ്യാർഥിനിയാണ്. മുംബൈയിലെ അനുപം ഖേറിന്റെ ഇൻസ്റ്റ്യൂട്ടിലും ആദിശക്തിയിലും അഭിനയം പരിശീലിച്ചു. ചില പരസ്യങ്ങളിൽ അഭിനയിച്ചു. സിനിമയിൽ അവസരം വരുന്നുണ്ട്. നല്ലതു നോക്കി സ്വീകരിക്കും. പണ്ട് ‘അന്നയുടെ ലില്ലിപ്പൂക്കൾ’ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം മോൾക്കു ലഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഓമനകൾ
വീട്ടിലെ കോഴിക്കൂടിനടുത്ത് ഒരു ദിവസം മൂർഖൻ പാമ്പിന്റെ കുറേ കുഞ്ഞുങ്ങളെ കണ്ടു. പൂജപ്പുര സ്നേക്ക് പാർക്കില്‍ അറിയിച്ചു. അവർ വന്ന് എല്ലാത്തിനെയും എടുത്തപ്പോൾ, ഒന്നിനെ എന്റെ കയ്യില്‍ വച്ചു തന്നു. ആ വിഡിയോ യൂട്യൂബ് ചാനലിൽ ഇട്ടപ്പോൾ വാർത്തയായി. പിറ്റേന്ന് അടൂർ ഗോപാലകൃഷ്ണൻ സാർ എന്നെ വിളിച്ച് വഴക്കു പറഞ്ഞു. ‘പ്രവീണ എന്താ ഇത്. കുഞ്ഞുകളിയാണോ. കടിച്ചാൽ എന്തു ചെയ്യും’ എന്നു ചോദിച്ചു. അതിനു ശേഷം ഞാൻ പാമ്പുകളെക്കുറിച്ചു കുറേപഠിച്ചു.
അതു പോലെ ഇവിടത്തെ പൂച്ചക്കുട്ടിയെ ഒരു ഓടയിൽ നിന്നു കിട്ടിയതാണ്. വളർത്തു നായയായ പെപ്പയാണു ഞങ്ങളുടെ മറ്റൊരു ഓമന. വഴിയിൽ കിടക്കുന്ന പട്ടിക്കുഞ്ഞിനെയും പൂച്ചക്കുഞ്ഞിനെയും എ ടുത്തു വീട്ടിൽ കൊണ്ടു വരുന്നതു സ്കൂളിൽ പഠിക്കുമ്പോഴേ എന്റെ ശീലമാണ്. കോവിഡ് കാലത്തു ടെറസ്സിൽ കൃഷിയുണ്ടായിരുന്നു. വഴിയിൽ നിന്നു ഒരു തൈ വാങ്ങിക്കൊണ്ടു വന്ന്, മുറ്റത്തെ ടൈൽസ് ഒരെണ്ണം ഇളക്കിമാറ്റി അവിടെ നട്ടുവച്ചതാണ് ദേ, ആ നിറയെ കായ്ച്ചുനിൽക്കുന്ന മാവ്.
വി.ജി. നകുൽ
ഫോട്ടോ: ഹരികൃഷ്ണൻ
വനിത 2024 മാർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനം