Thursday 05 August 2021 10:55 AM IST

‘മമ്മൂക്ക ആ വേദന പുറത്തു കാണിച്ചിട്ടില്ല, പറ്റില്ലെന്നു പറഞ്ഞു മാറി നിൽക്കാറുമില്ല’! അജയ് വാസുദേവ് പറയുന്നു

V.G. Nakul

Sub- Editor

ajay-1

‘‘ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ’’.– മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വാക്കുകളാണിത്.

കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്ത് മമ്മൂക്ക ഇതു പറയുന്നതിന്റെ വിഡിയോ കാണുമ്പോൾ യുവസംവിധായകൻ അജയ് വാസുദേവ് അമ്പരപ്പോടെ ചിന്തിച്ചത് മറ്റൊന്നാണ് – ഈ മനുഷ്യനാണല്ലോ ‘രാജാധിരാജ’യിലെയും ‘മാസ്റ്റർ പീസി’ലെയും ‘ഷൈലോക്കി’ലെയും ഹെവി ആക്ഷൻ രംഗങ്ങളിൽ യാതൊരു മടിയുമില്ലാതെ തകർത്താടിയത്. ഇത്രയും വേദന സഹിച്ചിട്ടും, ഒന്നിനും നോ പറയാതെ, ചിത്രത്തിന്റെ പൂർണതയ്ക്കാവശ്യമായ എന്തു ത്യാഗത്തിനും തയാറായത്... സമീപ കാലത്ത് മമ്മൂക്ക നായകനായ, മേൽ പറഞ്ഞ 3 വൻ ആക്ഷൻ ചിത്രങ്ങളുടെയും സംവിധായകനെന്ന നിലയിൽ അജയ് വാസുദേവ് ‘വനിത ഓൺലൈനോട്’ പറയുന്നതും മെഗാസ്റ്റാറിന്റെ ഈ അർപ്പണ മനോഭാവത്തെക്കുറിച്ചാണ്.

‘‘മമ്മൂക്കയ്ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഞാൻ സഹസംവിധായകനായിരുന്ന കാലത്തേ കേട്ടിട്ടുണ്ട്. പക്ഷേ, ഇത്രയും തീവ്രമാണെന്ന് അറിഞ്ഞിരുന്നില്ല.

ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ അദ്ദേഹം ഒരിക്കൽ പോലും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ല. ആക്ഷൻ സീനുകൾ ചിത്രീകരിക്കുമ്പോൾ മമ്മൂക്കയ്ക്ക് വലിയ ആവേശമാണ്. പലപ്പോഴും ആദ്യം ഞങ്ങൾ ഹെവി സീക്വൻസുകൾ എടുക്കാറില്ല. ഇൻവോൾവ് ആയിക്കഴിഞ്ഞാൽ അദ്ദേഹം തന്നെ ഇങ്ങോട്ടു പറയും, ‘റോപ്പ് ഷോട്ടുകളൊക്കെ പ്ലാൻ ചെയ്യ്, ഒറ്റയടിക്ക് എടുക്കാം’ എന്ന്. ‘മാസ്റ്റർ പീസി’ൽ മമ്മൂക്ക റോപ്പിൽ ഫുൾ കറങ്ങി വരുന്ന ഒരു സീക്വൻസൊക്കെയുണ്ട്. ഈ വേദനയും സഹിച്ചാണ് അദ്ദേഹം അതൊക്കെ ചെയ്തത് എന്നോർക്കുമ്പോൾ ബഹുമാനം ഇരട്ടിയാകുന്നു’’. – അജയ് പറയുന്നു.

ശരിക്കും സങ്കടമായി

മമ്മൂക്ക ആ വേദനയെക്കുറിച്ച് പറയുന്ന വിഡിയോ കണ്ടപ്പോൾ ശരിക്കും സങ്കടമായി. അപ്പോഴൊക്കെ എന്റെ മനസ്സിലൂടെ കടന്നു പോയത് മമ്മൂക്ക ഫൈറ്റ് ചെയ്യുന്ന രംഗങ്ങളാണ്. എത്രത്തോളം വേദന സഹിച്ചാകും അദ്ദേഹം അതൊക്കെ മനോഹരമായി ചെയ്തിരിക്കുക.

ഒരിക്കൽ പോലും മമ്മൂക്ക ആ വേദന പുറത്തു കാണിച്ചിട്ടില്ല. അദ്ദേഹം വേദനിക്കുന്നതായോ സ്ട്രെയിൻ ചെയ്യുന്നതായോ തോന്നിയിട്ടുമില്ല. ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു മാറി നിൽക്കാറുമില്ല. കാലിൽ ഒരു ബാൻഡ് വലിച്ചിടും. അത്രയേ ഉള്ളൂ.

ഡ്യൂപ്പില്ലാതെ

ആക്ഷൻ രംഗങ്ങളിൽ മമ്മൂക്ക ഡ്യൂപ്പിനെയാണ് ഉപയോഗിക്കുന്നതെന്ന് പരിഹസിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ അറിയില്ല. എന്റെ മൂന്നു സിനിമകളിലും ആക്ഷൻ രംഗങ്ങളിൽ മമ്മൂക്ക ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. എല്ലാവരും ഡ്യൂപ്പിനെ ഉപയോഗിക്കുന്ന രംഗങ്ങളിൽ മാത്രമേ മമ്മൂക്കയും ഡ്യൂപ്പിന്റെ സഹായം തേടാറുള്ളൂ.

ajay-2

ആരോടും പറയാതെ

‘രാജാധിരാജ’യുടെ ആക്ഷൻ കൊറിയോഗ്രഫർ സ്റ്റണ്ട് ശിവയാണ്. ‘മാസ്റ്റർ പീസി’ലും ‘ഷൈലോക്കി’ലും അനിൽ അരശ്, സ്റ്റണ്ട് സിൽവ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, രാജശേഖർ, പ്രഭു തുടങ്ങി നാലഞ്ചു പേർ ചേർന്നാണ് ആക്ഷൻ സീനുകൾ ഒരുക്കിയത്. ഇവരിൽ ശശിയേട്ടനൊഴികെ പലർക്കും മമ്മൂക്കയുടെ ഈ പ്രശ്നം അറിയില്ല. മമ്മൂക്ക പറയാറുമില്ല. എല്ലാവർക്കും മമ്മൂക്കയോട് വലിയ ബഹുമാനമാണ്. അനിൽ അരശൊക്കെ മമ്മൂക്കയോട് വലിയ ആരാധനയോടെയാണ് ഇടപഴകുന്നത്. മമ്മൂക്കയാണ് അനിലിനൊക്കെ ആദ്യ കാലത്ത് കൂടുതൽ അവസരം കൊടുത്തിട്ടുള്ളത്.