Saturday 12 September 2020 03:54 PM IST

ഷോർട് ഫിലിമുകളിൽ നിന്നും അർച്ചനയുടെ ‘നോട്ട് ഔട്ട്’ ലോകത്തേക്ക് ; ആദ്യ സിനിമാ വിശേഷങ്ങളുമായി അഖിൽ അനിൽകുമാർ

Unni Balachandran

Sub Editor

archanaaaa

ദേവിക പ്ലസ് ടു ബയോളജി, അവിട്ടം, അബിൻ മൈക്കിൽ എന്നീ ഷോർട് ഫിലിമുകളിലൂടെ പ്രിയങ്കരമായ അഖിൽ അനിൽകുമാർ ആദ്യമായി സിനിമാ സംവിധായകനാകുകയാണ്. ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന സിനിമയിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്. ഷോർട് ഫിലിമുകളുടെ ഓർമകളും ആദ്യ സിനിമയുടെ തയാറെടുപ്പുകളുടെയും വിശേഷം അഖിൽ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഷോർട് ‘ഫിലിം’ സ്വപ്നങ്ങൾ

സുഹൃത്തുക്കൾ ,ഷോർട് ഫിലിമുകളെടുക്കുമ്പോൾ അതിനു പിറകേ പോയിരുന്നയാളായിരുന്നു ഞാൻ . ആ കാലത്ത് നടനാകാനായിരുന്നു ആഗ്രഹം. അഭിനയത്തിന് വേണ്ടി കഷ്ടപ്പെടാനൊന്നും വയ്യ, ആരെങ്കിലും ചോദിക്കുമ്പോള്‍ കേൾക്കാൻ കൊള്ളാവുന്ന ഒരു എക്സ്ക്യൂസ്. അതായിരുന്നു സിനിമ അന്നെനിക്ക്. എല്ലാവരും പാടിപുകഴ്തുന്ന വലിയ ഹോളിവുഡ് സിനിമകളെനിക്ക് ബോറ‍‍ടി പടമായെ തോന്നിയിട്ടുള്ളൂ. അങ്ങനെ പതുക്കെ കൂട്ടുകാരുടെയൊപ്പം ഷോർട് ഫിലിം ഡയറക്ഷനിലേക്ക് പോയി. അത്ര സീരിയസ്സ രീതികളൊന്നും ഇല്ല. കഥകിട്ടിയാൽ ആദ്യമേ എഴുതുന്നത് ഷോട് ഡിവിഷനാണ് , സ്ക്രിപ്റ്റൊന്നും ഇല്ലാത്ത ഒരൊറ്റ പോക്കായിരുന്നു.

പക്ഷേ, കഥ മാറിയത് ‘അവിട്ടം’ ചെയ്തോടെയാണ്. അതൊരു യഥാർഥ സംഭവത്തിൽ നിന്നും ഉണ്ടാക്കിയെടുത്ത കഥയാണ്. ‘ഉണ്ണിക്കുട്ടേട്ടാ ഓടിക്കോ ’ എന്ന് പറയുമ്പോൾ കാരണമറിയാത ഓടുന്നൊരു കഥാപാത്രമായിരുന്നു ആ കഥയുടെ ബേസ്. ആ കഥ ഷൂട്ട് ചെയ്തതോടെ എന്റെ ജീവിതം സിനിമയായിരിക്കുമെന്നു തോന്നി തുടങ്ങി. പിന്നീടായിരുന്നു ദേവിക പ്ലസ് ടു ബയോളജി തുടങ്ങിയത്. ആ സമയത്ത് എന്റെ കോ–റൈറ്റർ വിവേകിന് തിരക്കായതുകൊണ്ട് സ്ക്രിപ്റ്റ് ഞാൻ ഒറ്റയ്ക്ക് എഴുതേണ്ടി വന്നു. ആദ്യം ഒരു പെൺകുട്ടി ആർക്കോ വേണ്ടി വെയ്റ്റ് ചെയ്യുന്നു എന്നൊരു ഐഡിയയേ ഉണ്ടായിരുന്നുള്ളൂ. പല്ല് വൃത്തിയാക്കാൻ ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന ദേവികയെന്ന ഡെന്റിസ്റ്റിന്റെ മാനറിസങ്ങൾ രസകരമായി തോന്നിയതോടെ പ്ലോട്ട് വളർന്നു. അത് പിന്നീട് ‘ദേവിക പ്ലസ് ടു ബയോളജി’ എന്ന കഥയായി മാറി. ദേവിക പൂർത്തിയാക്കിയതോടെ കോൺഫിഡെൻസ് ശക്തിയായി, നുണ പറഞ്ഞ് ആളുകളെ കൺവിൻസ് ചെയ്യാലാണല്ലോ സിനിമാക്കഥകൾ. അതിലെനിക്കൊരു ഭാവിയുണ്ടെന്ന് തോന്നി.

കുടുംബം

പാലക്കാട് സ്ഥലം. അച്ഛൻ അനിൽകുമാർ റയിൽവേയിലാണ്, അമ്മ ശാന്ത അംഗനവാടിയിൽ ഹെൽപ്പർ അനിയത്തി അർച്ചന പിജി കഴിഞ്ഞു. ഇവരൊക്കെയാണെന്റെ കുടുംബം.റയിൽവേ സ്കൂളിൽ പ്ലസ് ടു കഴി‍ഞ്ഞ് പിന്നീട് ഐടിഐ, അത് കഴിഞ്ഞു കോയമ്പത്തൂരിൽ ഇലക്ട്രോണിക്സ് പഠിത്തവുമൊക്കെയായി നടപ്പായിരുന്നു ഞാൻ . അപ്പോഴേക്ക് സിനിമ എന്നെ വല്ലാതെ കീഴിപ്പെടുത്തിയിരുന്നു. സിനിമാ കൂട്ടുകാരെല്ലാം എറണാകുളത്താമ്, എങ്ങനെയെങ്കിലും അവിടെയെത്തണം. അങ്ങനെ ആലോചിച്ചപ്പോഴാണ് സൗണ്ട് ഡിസൈനിങ്ങ് മനസ്സിൽ വന്നത് . പണ്ടേ ഇഷ്ടമുള്ള പരിപാടിയായിരുന്നത്. വീട്ടുകാര് ചോദിച്ചാൽ സൗണ്ട് ഡിസൈനിങ് പഠിക്കാൻ എറണാകുളം പോകുകയാണെന്ന പറയാം. എനിക്ക് സേഫ് ഓപ്ഷനായി സൗണ്ട് ഡിസൈൻ പഠിച്ചു നിൽക്കാം, എറണാകുളത്തെ സുഹൃത്തുക്കളുടെയൊപ്പം സിനിമയും ആലോചിക്കാം. ഇപ്പോൾ മുപ്പത്തിയഞ്ചോളം ഷോർട് ഫിലിമുകളിൽ ഞാൻ സൗണ്ട് ഡിസൈനറായി വർക് ചെയിതിട്ടുണ്ട്.

arc

‘അർച്ചന’യുടെ ലോകം

എട്ട് ഷോർട് ഫിലിമുകളോളം ചെയ്തിട്ടുണ്ട് ‍ഞാൻ. പക്ഷേ, ആ സമയത്തെല്ലാം തന്നെ മനസ്സിൽ സിനിമയുണ്ട്. 2017ൽ ആയിരുന്നു ആർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയുടെ കഥയും സ്ക്രിപിറ്റിങ്ങും നടക്കുന്നത് . എന്നോടൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നീ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ ഷോർട് ഫിലിമുകള്‍ കണ്ട് ഇഷ്ടപ്പെട്ട് രഞ്ജിത് നായർ എന്നെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞു. അവിടുന്ന് മാർട്ടിൻ പ്രക്കാട്ടിലേക്ക് കഥയെത്തി, അങ്ങനെ പ്രൊഡക്ഷൻ ഓണായി. പിന്നീട് അവര് പറഞ്ഞ കറക്ഷനുകളോടെ ഞങ്ങൾ സ്ക്രിപ്റ്റ് മാറ്റിക്കൊണ്ടിരുന്നു. അവസാനം എല്ലാവരും കൺവിൻസ്ഡായ അവസഥിയിലാണ് ആർച്ചനയുടെ കഥയുമായി ഐശ്വര്യ ലക്ഷ്മിയുടെ അടുത്തെത്തുന്നത്. ഐശ്വര്യ ലക്ഷ്മി കൂടെ സമ്മതിച്ചതോടെ സിനിമയെന്ന വലിയ സ്വപ്നം സെറ്റാവുകയായിരുന്നു. ഒരു പാവം ഫീൽ ഗുഡ് സിനിമയാണ്  ‘അർച്ചന 31 നോട്ട് ഔട്ട്’.

ലോക്–ഡൗൺ പാര

ഏപ്രിൽ പതിനഞ്ചിന് ഷൂട്ട് തുടങ്ങണ്ട സിനിമയ്ക്ക് ലോക്ഡൗൺ കാരണം നല്ല പണി കിട്ടി. ഇടയ്ക്ക് സിനിമ നിന്നുപോകുമോന്ന് പോലും പേടിച്ചു. പക്ഷേ. പ്രൊഡ്യൂസേഴ്സ് കട്ടയ്ക്ക് കൂടെ നിന്നതോടെ സമാധാനമായി. ഞാൻ കുറച്ചധികം തിരക്കഥകൾ ഈ കൊറോണകാലത്ത് എഴുതി നോക്കി, എഴുത്ത് പഠിക്കാൻ. ‘മനോജ് മുനി’യെന്നൊരു വെബ് സീരീസും ചെയ്തു. എല്ലാം നന്നായി വന്നാൽ വരും മാസങ്ങളിൽ ഷൂട്ട് തുടങ്ങാമെന്ന് വിചാരിച്ചിരിക്കുകയാണ്. തിയറ്റർ തുറന്ന് അർച്ചനയെ എല്ലാവരുടെയും മുന്നിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഞാൻ.

Tags:
  • Movies