Thursday 21 January 2021 09:24 AM IST

‘സമ്മതിക്കുമ്പോൾ നടത്തിത്തന്നാ മതി, അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല’! എലിനയുടെ ആറു വർഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തിയത് ഇങ്ങനെ

V.G. Nakul

Sub- Editor

a1

അവതാരകയും നടിയുമായ എലിന പടിക്കലിന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ആറു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കെത്തിയിരിക്കുന്നത്. രോഹിത് എൻജിനീയറാണ്.

തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹ വിശേഷങ്ങൾ വാർത്തയായ കാലത്ത് എലിന തങ്ങളുടെ പ്രണയത്തെക്കുറിച്ച് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖം ചുവടെ വായിക്കാം –

a2

‘‘ഒത്ത പൊക്കം, ചുള്ളൻ പയ്യൻ, സൽസ്വഭാവി...സുന്ദരനാണോ എന്നു ചോദിച്ചാൽ, നിങ്ങളുടെ കാഴ്ചപ്പാടിൽ എങ്ങനെയാണെന്ന് അറിയില്ല... പക്ഷേ, എനിക്കൊരു നല്ല മനുഷ്യനാണ്. അച്ഛനെയും അമ്മയെയും പോലെ എന്നെ സ്വാധീനിക്കാനാകുന്ന, എന്നെപ്പോലെ ഒരാൾ’’. – ഭാവി വരൻ രോഹിത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ രസകരമായ ശൈലിയിൽ എലിന പടിക്കൽ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാന്‍ ഡിഗ്രിക്കും രോഹിത് ബി.ടെക്കിനും പഠിക്കുകയായിരുന്നു. എന്റെ ഫ്രണ്ടിന്റെ വാട്സ് ആപ് ഡി.പിയിൽ എന്റെ ചിത്രം കണ്ട്, പരിചയമുണ്ടല്ലോ, ആരാ ? എന്നു ചോദിച്ചു. ഞാനപ്പോൾ ആങ്കറിങ് ചെയ്യുന്നുണ്ട്. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞു തുടങ്ങിയതാണ്’’. – എലിന ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

വാശിയോടെ പ്രണയം

സ്ഥിരം ക്ലീഷേ ലവ് ട്രാക്ക് തന്നെയായിരുന്നു ഞങ്ങളുടെത്. ആദ്യം ഫെയ്സ്ബുക്കിൽ ഹായ് പറയുന്നു. പിന്നീട് എന്റെ നമ്പർ എടുത്ത് വാട്സ് ആപ്പിൽ ഹായ് പറയുന്നു. വീണ്ടും വീണ്ടും ഹായ് പറയുന്നു. പ്രപ്പോസ് ചെയ്യുന്നു. ഞാൻ നോ പറയുന്നു. കുറേ സർപ്രൈസസ് തരുന്നു. രോഹിത് ചെന്നൈയിലാണ് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാൻ സർപ്രൈസായി വീക്കെൻഡിൽ ബാംഗ്ലൂരിൽ വരും. ഇംപ്രസ് ചെയ്യാൻ മാക്സിമം ശ്രമിച്ചു. ഒടുവിൽ 2014 അവസാനമായപ്പോഴേക്കും ഞാനും കൂടുതൽ അടുത്തു. അതുവരെ ചെറിയ ഗ്യാപ്പ് ഇട്ട് നിൽക്കുകയായിരുന്നു. പക്ഷേ, എന്നെ നേടണം എന്ന വാശിയിലായിരുന്നു കക്ഷി.

a3

ഒളിച്ചോടാനോ ഞാനോ ? ഇല്ലേയില്ല

പ്രണയത്തിന് സമ്മതം മൂളിയതിനൊപ്പം ഞാൻ കുറച്ചു ഡിമാൻ‍ഡുകൾ കൂടി വച്ചു. ‘ചീപ്പ് റൊമാൻസിനൊന്നും എനിക്ക് താൽപര്യമില്ല, ചുറ്റിക്കറക്കമൊന്നുമില്ല... ഇല്ലേയില്ല, വീട്ടിൽ പറയാം, അവരുടെ താൽപ്പര്യം പോലെ ബാക്കി കാര്യങ്ങൾ’ എന്നൊക്കെ. രോഹിത്തിനോട് ‘യെസ്’ പറഞ്ഞിട്ട് ഞാൻ അപ്പ ഫിലിപ്പോസ് പടിക്കലിനോടും അമ്മ ബിന്ദുവിനോടും കാര്യങ്ങൾ അവതരിപ്പിച്ചു. പഠനം കഴിയട്ടെ നോക്കാം എന്നാണ് അപ്പ പറഞ്ഞത്.

പഠനം കഴിഞ്ഞ് ഉടൻ രോഹിത് ജോലിക്ക് കയറി. പിന്നീട് സ്വന്തം ബിസിനസ് തുടങ്ങി. കഴിഞ്ഞ വർഷം അവസാനം ‘വീട്ടിൽ ഒന്നു കൂടി പറയാം’ എന്നു ഞാൻ രോഹിത്തിനോട് പറഞ്ഞു. വക്ഷേ വീട്ടുകാർ സമ്മതിച്ചില്ല. ഞാനും വിട്ടുകൊടുത്തില്ല. ‘സമ്മതിക്കുമ്പോൾ നടത്തിത്തന്നാ മതി, അല്ലാതെ ഒളിച്ചോടാനും പട്ടിണി കിടക്കാനുമൊന്നും പ്ലാനില്ല’ എന്ന നിലപാട്. വീട്ടിൽ ഞാനും അപ്പയും അമ്മയും വളരെ ഫ്രണ്ട്‌ലിയാണ്. ഇടയ്ക്കിടെ ഞാൻ ചോദിക്കും, ‘എന്താ അപ്പന്റെ പ്ലാൻ, നടക്കുമോ ഇല്ലയോ...?’. അതിനപ്പുറം വഴക്കോ ബഹളമോ ഒന്നുമില്ല.

നോ ഒടുവിൽ യെസ് ആയി

‘ബിഗ് ബോസി’ൽ പങ്കെടുക്കുമ്പോൾ ഞാൻ രോഹിത്തിനെക്കുറിച്ച് ആര്യച്ചേച്ചിയോട് പറഞ്ഞപ്പോഴാണ് വീട്ടുകാർക്ക് ഞങ്ങൾ സ്ട്രോങ്ങാണ് എന്ന് മനസ്സിലായത്. അപ്പോഴും രണ്ട് വീട്ടുകാരും കട്ടയ്ക്ക് ‘നോ’ എന്ന തീരുമാനത്തിലായിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം രണ്ടു വീട്ടുകാരും തമ്മിൽ സംസാരിച്ച് ഓക്കെ പറഞ്ഞു. അടുത്ത വർഷം ജനുവരി 20 ന് ആണ് നിശ്ചയം. വിവാഹം പിന്നാലെ. എന്നെപ്പോലെതന്നെ വീട്ടിലെ ഒറ്റക്കുട്ടിയാണ് രോഹിത്തും. അച്ഛൻ പ്രദീപിനും അമ്മ ശ്രീജയ്ക്കും ഉള്ള ഒരേയൊരു മകൻ. കോഴിക്കോടാണ് അവരുടെ നാട്.