‘ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ’ എന്ന് അൽഫോൻസ്: മറുപടിയുമായി മേജർ രവി
Mail This Article
പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് 2015ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43. സൈനികരുടെ ജീവിതത്തിന്റെ വൈകാരിക തലങ്ങൾ അടയാളപ്പെടുത്തിയ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ, പിക്കറ്റ് 43 പോലെ ഒരു ചിത്രം കൂടി ചെയ്തുകൂടെ എന്ന് മേജർ രവിയോട് ചോദിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഈ ആഗ്രഹം പങ്കുവച്ചുള്ള അൽഫോൺസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാണ്.
‘‘മേജർ രവി സാർ.. ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാൻ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോൾ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫിസറിൽ നിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉൾക്കാഴ്ചയാണ് ചിത്രം തന്നത്. അത്തരമൊരു ചിത്രം വീണ്ടും ചെയ്യാൻ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പർശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാൻ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളിൽ നിന്ന് താങ്കൾക്ക് മനസിലാകും’.– അൽഫോൻസ് പുത്രൻ കുറിച്ചതിങ്ങനെ.
അൽഫോൻസ് പുത്രന് മറുപടി കമന്റുമായി ഉടൻ തന്നെ മേജർ രവിയുമെത്തി.
‘പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വർഷമായി ഞാൻ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടൻ തന്നെ വെളിപ്പെടുത്തും. നിങ്ങൾക്കും അതും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാൻ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടൻ തന്നെ നമുക്ക് നേരിൽ കാണാം. ജയ്ഹിന്ദ്.’– മേജർ രവി കുറിച്ചതിങ്ങനെ.