ചക്ക കുഴഞ്ഞതു പോലെയൊരു കൂടുംബമാണ് ‘ചക്കപ്പഴ’ത്തിലെത്. ഗൃഹനാഥനായ കുഞ്ഞുണ്ണിയാകട്ടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായിട്ടും തന്റെ പേരു പോലെ ‘കുഞ്ഞുണ്ണി’യായാണ് ജീവിക്കുന്നത്. അൽപ്പസ്വൽപ്പം പിശുക്കും മക്കളോടും മരുമക്കളോടുമൊക്കെ ചങ്ങാതിമാരെപ്പോലെയുള്ള ഇടപഴകലും തമാശയും പിണക്കങ്ങളുമൊക്കെയായി നടക്കുന്ന ഒരു അറുപതുകാരൻ കാരണവർ.
പക്ഷേ, കുഞ്ഞുണ്ണിയായി തിളങ്ങുന്ന അമൽരാജ് യഥാർഥത്തിൽ അപ്പൂപ്പനല്ല. സീരിയലിൽ കൊച്ചുമക്കളായി അഭിനയിക്കുന്ന കുട്ടികളുടെ പ്രായത്തിലുള്ള രണ്ട് മക്കളുടെ അച്ഛനാണ്.ഈ നരയും കഷണ്ടിയുമൊക്കെയേ ഉള്ളൂ.ആളിപ്പോഴും ചെറുപ്പമാണ്. അമലിന്റെ ‘റിയൽ കുടുംബ ചിത്രം’ കണ്ട് ഈ കൗതുകം പങ്കുവച്ചപ്പോൾ മറുപടി ആരംഭിച്ചത് ചിരിയോടെയാണ്.
‘‘സീരിയലില്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രായം അറുപതിന് മുകളിലാണ്. കുഞ്ഞുണ്ണിയുടെ മൂത്ത മകനായ ഉത്തമന് മുപ്പത്തഞ്ചിന് മുകളിൽ പ്രായമുണ്ട്. മൂത്ത കൊച്ചുമകൾക്ക് പത്തു വയസിന് മേലെയും. പക്ഷേ, ജീവിതത്തിൽ ഞാൻ ഒരു അപ്പൂപ്പനല്ല. 13 ഉും 5 ഉും വയസ്സുള്ള രണ്ട് ആൺമക്കളാണ് എനിക്ക്’’.– അമൽ ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

ഡാഡി കൂളും നീലക്കുയിലും
‘ചക്കപ്പഴം’ എന്റെ ആദ്യത്തെ സീരിയല്‍ അല്ല. തൊട്ടു മുമ്പ് അഭിനയിച്ചത് ‘നീലക്കുയിലി’ൽ ആണ്. അതിൽ വേറെ ഒരു ലുക്കായിരുന്നു. അതാണ് പുതിയ ഗെറ്റപ്പിൽ കാണുമ്പോൾ പെട്ടെന്ന് മനസ്സിലാകാത്തത്.
ശ്രീകുമാരൻ തമ്പി സാറിന്റെ ‘ദാമ്പത്യഗീതങ്ങളാ’യിരുന്നു ആദ്യത്തെ സീരിയൽ. അതിൽ വില്ലനായിരുന്നു. ‘ചട്ടമ്പിക്കല്യാണി’, ‘അമ്മത്തമ്പുരാട്ടി’, ‘കായംകുളം കൊച്ചുണ്ണിയുടെ മകൻ’ തുടങ്ങിയവയാണ് മറ്റു പ്രധാന വർക്കുകൾ.
സിനിമയിലും ‘ഡാഡി കൂളി’ലും ‘ഒരു കുപ്രസിദ്ധ പയ്യനി’ലും ഉൾപ്പടെ കുറേ വേഷങ്ങൾ ചെയ്തു. ‘ഡാഡി കൂളി’ൽ വില്ലൻമാരുടെ ഗ്യാങ്ങിൽ ഉള്ള ആളായിരുന്നു. ഇനി വരാനുള്ളത് ‘മാലിക്’ ആണ്. അതിൽ ഹമീദ് എന്ന ത്രൂഔട്ട് റോളാണ്. സിനിമയിൽ ഒരു ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രം. അതിൽ മൂന്നാല് ഗെറ്റപ്പ് വരുന്നുണ്ട്. ഫഹദിന്റെ ക്യാരക്ടറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഹമീദ്.
എന്റെ ആദ്യത്തെ സിനിമ ‘യാനം’ ആണ്. അത് ഒരു സമാന്തര സിനിമയായിരുന്നു.

നാടകമേ ഉലകം
നാടകമാണ് എന്റെ പ്രധാന മേഖല. തൃശൂർ ഡ്രാമ സ്കൂളില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞാണ് അഭിനയരംഗത്ത് സജീവമായത്. തിയറ്ററില്‍ മാത്രമാണ് ആദ്യകാലത്ത് ഫോക്കസ് ചെയ്തിരുന്നത്. 4–ാം ക്ലാസ് മുതൽ മനസ്സിൽ കയറിയതാണ് നാടകം. ഡ്രാമ സ്കൂളിൽ എന്റെ സീനിയറായിരുന്നു നടൻ അനിൽ നെടുമങ്ങാട്.
ഞാനും എന്റെ ഭാര്യയും ചേർന്ന് അവതരിപ്പിച്ച ‘പ്രേമലേഖനം’ എന്ന നാടകം വലിയ ചർച്ചയായിരുന്നു. മലയാള നാടകരംഗത്ത് ഒരേ കഥാപാത്രങ്ങൾ ഒരേ അഭിനേതാക്കൾ തന്നെ 1000 വേദികളിൽ അവതരിപ്പിച്ചു എന്ന അപൂർവത ആ നാടകത്തിനുണ്ട്.
നാടകം കുടുബകാര്യം
എന്റെ ഭാര്യ ദിവ്യലക്ഷ്മി കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് ഞാൻ സൂര്യയുടെ ‘മേൽവിലാസം’ എന്ന നാടകവുമായി ബന്ധപ്പെട്ട് തിരക്കുള്ള യാത്രകളിലായിരുന്നു. അപ്പോൾ അവൾ പലപ്പോഴും ഒറ്റയ്ക്കായി. അതിനെ മറികടക്കാനാണ് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച്, ഞങ്ങൾ ഒന്നിച്ച് ‘പ്രേമലേഖനം’ അവതരിപ്പിച്ചു തുടങ്ങിയത്. അവൾ നാടകം സബ് ആയി പഠിച്ചിട്ടുണ്ട്.

കുടുംബചിത്രം
ഞങ്ങൾ പ്രണയിച്ച് വിവാഹിതരായവരാണ്. കലാമേഖലയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലേക്കെത്തുകയായിരുന്നു. വീടുകളിൽ പറഞ്ഞപ്പോൾ അത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ സ്റ്റൈലിൽ ആയി.
രണ്ട് മക്കൾ. മൂത്തയാൾ ആയുഷ് ദേവ് എട്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ ആഗ്നേഷ് ദേവ് യുകെജിയിൽ. എന്റെ നാട് നെയ്യാറ്റിൻകരയിലാണ്. ഭാര്യയുടെത് മാവേലിക്കര. അവൾ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.ഭാവലയ എന്നാണ് പേര്. അവിടെ കുട്ടികളുടെ തിയറ്റര്‍ ഗ്രൂപ്പും ഉണ്ട്.
ചക്കപ്പഴം
‘ചക്കപ്പഴ’ത്തിന്റെ സംവിധായകൻ ഉണ്ണിസാറുമായി വർഷങ്ങളുടെ ബന്ധമുണ്ട്. അങ്ങനെയാണ് അവസരം വന്നത്. ഒപ്പം അഭിനയിക്കുന്ന ശ്രീകുമാറുമൊക്കെയായി നേരത്തെ സൗഹൃദമുണ്ട്. ഓഡിഷനിൽ കഥാപാത്രത്തെക്കുറിച്ച് ഡീറ്റെയിൽ ആയി പറഞ്ഞു. ക്യാരക്ടറിന്റെ പ്രാധാന്യം മനസ്സിലായപ്പോൾ പ്രായത്തെക്കുറിച്ച് ചിന്തിച്ചില്ല. ഒരു നടനെ സംബന്ധിച്ച് ഈ വെല്ലുവിളിയാണ് ത്രില്ലിങ്. ഇപ്പോൾ ആളുകൾ എളുപ്പം തിരിച്ചറിയാൻ തുടങ്ങി. അതിന്റെ സന്തോഷം കൂടിയുണ്ട്.