Friday 11 June 2021 10:46 AM IST

60 വയസ്സിൽ ഡിവോഴ്സ്, വാപ്പയ്ക്ക് പുതിയ ഒരു ജീവിതം വേണമെന്ന് ഉമ്മയും ആഗ്രഹിച്ചു! അനാർക്കലി മരക്കാർ പറയുന്നു

V.G. Nakul

Sub- Editor

anarkali-marikkar

മലയാളത്തിന്റെ പ്രിയയുവതാരമാണ് അനാർക്കലി മരക്കാർ. ഒരുപിടി മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ അനാർക്കലി വ്യക്തി ജീവിതത്തിലും വേറിട്ട നിലപാടുകളിലൂടെ ശ്രദ്ധേയയാണ്. താൻ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നായിരിക്കണമെന്ന തീരുമാനമാണ് താരത്തെ മുന്നോട്ടു നയിക്കുന്നതെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് അനാർക്കലിയുടെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാർ പുനർവിവാഹിതനായത്. കണ്ണൂർ സ്വദേശിനിയെയാണ് അദ്ദഹം തന്റെ രണ്ടാം വിവാഹത്തിൽ ജീവിതസഖിയാക്കിയിരിക്കുന്നത്. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാർക്കലി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത് അതിവേഗമാണ് വൈറൽ ആയത്. വാപ്പയ്ക്കൊപ്പം തന്റെ കൊച്ചുമ്മയെയും അനാർക്കലി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി. അനാർക്കലിയും ചേച്ചിയും കണ്ണൂരിൽ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു.

‘‘ആ ചിത്രം പങ്കുവച്ച ശേഷം സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ച കമന്റുകളെല്ലാം പോസിറ്റീവായിരുന്നു. പക്ഷേ, ബന്ധുക്കൾക്കിടയിൽ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാൻ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്. എനിക്ക് ഇത് വളരെ നോർമൽ ആയ ഒരു കാര്യമാണ്. എന്റെ വാപ്പായും ഉമ്മായും തമ്മിൽ യോജിച്ചു പോകാൻ പറ്റിയില്ല. അപ്പോൾ അവർ പിരിഞ്ഞു. പിന്നീട് വാപ്പായ്ക്ക് തന്റെ ജീവിതത്തിൽ ഒരാൾ വേണം എന്നു തോന്നി. ഒരാളെ ലൈഫിൽ ഉള്ളൂ, ഒരാളെ ലൈഫിൽ വാഴുള്ളൂ എന്ന ചിന്തയൊന്നും ഞങ്ങൾക്കാർക്കുമില്ല. എന്റെ ഉമ്മായ്ക്കും വാപ്പ വേറെ കല്യാണം കഴിക്കണം എന്നു തന്നെയായിരുന്നു. ഡിവോഴ്സാകുമ്പോൾ വാപ്പായ്ക്ക് 60 വയസ്സുണ്ട്. ആ സമയത്ത് ഉമ്മ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. ഡിവോഴ്സ് ആകണോ വേണ്ടയോ. ഇത്രയും പ്രായമായില്ലേ. പക്ഷേ, പിരിയുന്നതാണ് നല്ല തീരുമാനം എന്ന് അവർക്ക് തോന്നി’’. – അനാർക്കലി ‘വനിത ഓൺലൈനോട്’ പറഞ്ഞു.

വിഷമം തോന്നിയില്ല

വാപ്പയും ഉമ്മയും മറ്റു രണ്ടു ജീവിതങ്ങളിലേക്ക് പോകണം, അവർക്ക് ഒരു തുണ വേണം എന്ന താൽപര്യമായിരുന്നു എനിക്കും ചേച്ചിക്കും. വാപ്പച്ചിക്ക് പറ്റിയ ഒരാളെ അദ്ദേഹം കണ്ടു പിടിച്ചു. അത്രേയുള്ളൂ. കണ്ണൂരാണ് കൊച്ചുമ്മയുടെ വീട്.

വാപ്പ മറ്റൊരു കല്യാണം കഴിച്ചതിൽ എനിക്ക് തീരെ സങ്കടം തോന്നിയില്ല. ഒരു തരിയെങ്കിലും തോന്നിയിരുന്നെങ്കില്‍ ഞാൻ ആ പോസ്റ്റ് ഷെയർ ചെയ്യില്ലായിരുന്നു. ഉമ്മയും വാപ്പയും തമ്മിൽ പിരിഞ്ഞപ്പോഴും വിഷമം തോന്നിയില്ല. എനിക്ക് അപ്പോൾ 23 വയസ്സായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രാപ്തിയായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ച് നിന്നാലേ ജീവിക്കാൻ പറ്റൂ എന്നൊന്നുമില്ല.

anarkali-marikar-2

വാപ്പയ്ക്ക് പെണ്ണാലോചിച്ചിരുന്നു

കല്യാണവുമായി ബന്ധപ്പെട്ട് വാപ്പ സംസാരിച്ചിരുന്നു. മക്കൾ എന്തു പറയും എന്ന ടെൻഷൻ അദ്ദേഹത്തിനുണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങൾക്ക് പൂർണ സമ്മതമായിരുന്നു. ‘വേറെ കല്യാണം കഴിക്കണ്ടേ, ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാ മതിയോ’ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചിട്ടുണ്ട്. ഞാനും ചേച്ചിയും വാപ്പയ്ക്ക് പെണ്ണാലോചിച്ചിരുന്നു. ഞങ്ങളുടെ സുഹൃത്ത് വലയത്തിലൊക്കെ അന്വേഷിച്ചിരുന്നു. ഉമ്മച്ചിക്ക് സിംഗിൾ ലൈഫ് ആണ് ഇഷ്ടം. ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ്.

ഞാനും ചേച്ചിയും നിക്കാഹിൽ പങ്കെടുത്തു. ചെറിയ ചടങ്ങായിരുന്നു. കുട്ടിക്കാലത്ത് നമ്മൾ വാപ്പയോടും ഉമ്മയോടും പറയില്ലേ – ‘എങ്കിലും നിങ്ങളുടെ കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോ’ എന്ന്. ആ പരാതി ഇതോടെ തീർന്നു. വാപ്പയുടെ കല്യാണത്തിന് പങ്കെടുത്തു.

നടി ലാലി പി.എം ആണ് അനാർക്കലിയുടെ ഉമ്മ. സഹോദരി ലക്ഷ്മി.