‘പരിഭവങ്ങളില്ലാത്ത അനിലേട്ടൻ... നിങ്ങൾക്കായി കാത്തുവച്ച വേഷം ഇനി ആർക്കു നൽകാൻ’! അനില്‍ മുരളിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമ

Mail This Article
അന്തരിച്ച നടൻ അനില്‍ മുരളിക്ക് ആദരാഞ്ജലികളുമായി മലയാള സിനിമ. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത്, സംവിധായകരായ വിനയൻ, അരുൺ ഗോപി, അഖിൽ പോൾ തുടങ്ങി നിരവധി പേർ അനിലിന് ആദരാഞ്ജലികൾ നേർന്നു.
‘പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!!’ – അരുൺ ഗോപി കുറിച്ചു.
കൊച്ചിയിലെ ആശുപത്രിയിൽ കരൾ രോഗത്തിനു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം അനിൽ മുരളിയുടെ മരണം.56 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അനിൽ ടി.വി സീരിയലുകളിലാണ് അഭിനയിച്ചുതുടങ്ങിയത്. 1993ൽ വിനയൻ സംവിധാനം ചെയ്ത ‘കന്യാകുമാരിയിൽ ഒരു കവിത’യിലൂടെ സിനിമയിലെത്തി. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.