Tuesday 21 January 2020 11:53 AM IST

‘ആ കെയറിങ് എനിക്ക് ഇഷ്ടപ്പെട്ടില്ല, ഞാൻ വഴക്കുണ്ടാക്കി, അതോടെ മിണ്ടാതായി’! മനസ്സ് തുറന്ന് മലയാളികളുടെ ‘കൊച്ചുത്രേസ്യ’

V.G. Nakul

Sub- Editor

a1

മലയാളികളുടെ സ്വന്തം കൊച്ചുത്രേസ്യയാണ് അനില ശ്രീകുമാർ. മലയാളം മെഗാസീരിയൽ ചരിത്രത്തിലെ എവർഗ്രീന്‍ ഹിറ്റുകളിൽ ഒന്നായ ‘ജ്വാലയായ്’ അനിലയ്ക്ക് നേടിക്കൊടുത്ത താരപദവി സമാനതകളില്ലാത്തതാണ്. ‘ജ്വാലയായ്’ യിലെ കൊച്ചുത്രേസ്യ പ്രണയത്തിനു വേണ്ടി ജീവിതം സമർപ്പിച്ചവളാണ്. രണ്ടു കാലഘട്ടങ്ങളിലുള്ള കൊച്ചുത്രേസ്യയുടെ വ്യത്യസ്ത ഗെറ്റപ്പുകളിൽ, പഴുതടച്ച പ്രകടനമായിരുന്നു അനിലയുടെത്. ‘ജ്വാലയായ്’ നേടിയ പ്രേക്ഷക പ്രീതിയോടെ, മിനിസ്ക്രീനിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളായി അനില മാറി.

ഇപ്പോഴിതാ, ചെറിയ ഇടവേള അവസാനിപ്പിച്ച് ‘സത്യ എന്ന പെൺകുട്ടി’ യിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് താരം. മടങ്ങി വരവിൽ, തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച്, അനില ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

‘‘അഭിനയത്തിൽ ഒരിക്കലും ഇടവേള എടുത്തിട്ടില്ല. തമിഴിൽ ‘ചിന്നത്തമ്പി’ എന്ന സീരിയൽ ചെയ്തപ്പോൾ രണ്ടു വർഷം മലയാളത്തിൽ നിന്നു മാറി നിന്നു. ‘ചിന്നത്തമ്പി’യിലെ അഭിനയത്തിന് രണ്ടു വർഷവും എനിക്ക് ‘വിജയ് അവാർഡ്’ കിട്ടി. ഇപ്പോൾ തമിഴിൽ ‘കാട്രിൻ മൊഴി’യും മലയാളത്തില്‍ ‘സത്യ എന്ന പെൺകുട്ടി’യും ചെയ്യുന്നു’’. – അനില പറഞ്ഞു തുടങ്ങി.

a3

തുടക്കം സിനിമയിൽ

അഭിനയജീവിതം തുടങ്ങിയിട്ട് 28 വർഷം കഴിഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഹരിഹരൻ – എം.ടി ടീമിന്റെ ‘സര്‍ഗം’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഒരു കുഞ്ഞു റോൾ. പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ഹരിഹരൻ സാര്‍ ‘പരിണയ’ത്തിലേക്ക് വിളിച്ചു. കുറേ പേരെ ആ വേഷത്തിൽ പരിഗണിച്ചെങ്കിലും ആരും ശരിയായില്ല. അങ്ങനെ എം.ടി സാറിനെ ചെന്നു കണ്ടു. സാറിന് എന്നെ ഇഷ്ടമായി. അങ്ങനെ ‘പരിണയ’ത്തിൽ മനോജ് കെ ജയന്റെ പെയറായി അഭിനയിച്ചു. ആ സമയത്ത് ഞാൻ എം.ടി സാറിന്റെ ഭാര്യ സരസ്വതി ടീച്ചറിന്റെയടുത്ത് നൃത്തം പഠിക്കുകയായിരുന്നു. പിന്നീട് കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെയടുക്കലും പഠിച്ചു. മൂന്ന് വയസ്സ് മുതൽ നൃത്തം പഠിച്ചു തുടങ്ങി

പാവം അമ്മയും ബോൾഡായ മകളും

‘പരിണയ’ത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഉണ്ണിനാരായണൻ സംവിധാനം ചെയ്ത ‘കുലം’ എന്ന ടെലിഫിലിമിൽ ഞാനായിരുന്നു നായിക. അതിന്റെ എഡിറ്റിങ് വർക്കുകൾ തിരുവനന്തപുരത്ത് വി ട്രാക്സ് സ്റ്റുഡിയോയിലായിരുന്നു. അങ്ങനെയാണ് വീ ട്രാക്സ് അവരുടെ ‘ദീപനാളത്തിന് ചുറ്റും’ എന്ന പുതിയ സീരിയലിലേക്ക് വിളിച്ചത്. 1995 ൽ ആയിരുന്നു അത്. എന്റെ ഭർത്താവ് അതിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ‘ദീപനാളത്തിന് ചുറ്റും’ മിലെ ക്യാരക്ടർ ഗംഭീരമായിരുന്നു. പാവം അമ്മയായും ബോൾഡായ മകളുമായി ഡബിൾ റോള്‍. തുടർന്ന് ‘വിനോദശാല’, ‘തുഞ്ചത്താചാര്യൻ’, ‘കാർത്തിക’, ‘ദ്രൗപതി’, ‘ദേശാടനപ്പക്ഷി’, ‘താമരക്കുഴലി’ തുടങ്ങി കുറേ സീരിയലുകള്‍ ചെയ്തു. അതിൽ ‘താമരക്കുഴലി’യിലെ പ്രകടനത്തിന് ‘നാന അവാർഡ്’ കിട്ടി.

a4

തേടി നന്ന ദ്രൗപതി

കല്യാണത്തിന് മുമ്പാണ് ‘ദ്രൗപതി’യിൽ അഭിനയിച്ച് തുടങ്ങിയതെങ്കിലും മോൻ ജനിച്ച ശേഷമാണ് പൂർത്തിയാക്കിയത്. എന്റെ ഭർത്താവാണ് അത് നിർമിച്ചത്. ടൈറ്റിൽ റോള്‍ ചെയ്ത നടി പാതിയിൽ നിർത്തിപ്പോയപ്പോൾ എന്നോട് ആ റോൾ ചെയ്യാൻ ചേട്ടൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആദ്യം മുതൽ റീ ഷൂട്ട് ചെയ്തു. അതിലെ അഭിനയത്തിന് 1999 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് എനിക്കു കിട്ടി.

‘ജ്വാലയായ്’ തന്ന അംഗീകാരം

‘ജ്വാലയായ്’ ആണ് പുതിയ തലമുറ ഓർത്തിരിക്കുന്ന എന്റെ സീരിയൽ. വലിയ അംഗീകാരമാണ് ആ പരമ്പര നേടിത്തന്നത്. നെടുമുടി വേണുച്ചേട്ടന്റെ നായികയായി അഭിനയിക്കുന്നത് എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. വളരെ ശ്രദ്ധിച്ചാണ് അത് ചെയ്തത്. ഇപ്പോഴും ആളുകള്‍ ‘ജ്വാലയായ്’ യെക്കുറിച്ച് പറയുന്നു. ഇതിനോടകം 50 ൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇത്രകാലത്തിനിടെ ഒരു നല്ല റോൾ കിട്ടിയിട്ടില്ല. അഭിനയ സാധ്യതയുള്ള ഒരു റോൾ സിനിമയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

a2

വീട് നൽകുന്ന പിന്തുണ

കോഴിക്കോട്, ചേവായൂരിൽ ആണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ പീതാംബരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചീഫ് റേഡിയോളജിസ്റ്റ് ആയിരുന്നു. അമ്മ പത്മാവതി ഹെഡ് നഴ്സും. അനിയന്‍ അനൂപ്. അവന്റെ കല്യാണമായിരുന്നു അടുത്തിടെ. ഭാര്യ സുചിത്ര.

വീട്ടില്‍ വലിയ സപ്പോർട്ടായിരുന്നു. എന്റെ ചിലങ്ക അച്ഛൻ ഉണ്ടാക്കിത്തന്നതാണ്. അതാണ് ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. അമ്മയും അച്ഛനും എന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും പിന്തുണയായി ഒപ്പം നിന്നു. വിവാഹ ശേഷം അച്ഛനും അമ്മയും ഇല്ലാതെ ആദ്യമായി നൃത്തം അവതരിപ്പിക്കാൻ പോയപ്പോൾ ഞാൻ കരഞ്ഞു. എനിക്ക് ഒന്നും ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.

പ്രണയം വിവാഹം

ഭർത്താവ് ആർ.പി ശ്രീകുമാര്‍ പ്രൊഡ്യൂസറാണ്. ഞാൻ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ആൾ ഭയങ്കര കെയറിങ് ആയിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാൻ വഴക്കുണ്ടാക്കി. അതോടെ മിണ്ടാതായി. പിന്നീട് ചേട്ടൻ തന്നെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ‘താമരക്കുഴലി’യിൽ എന്റെ മുറച്ചെറുക്കനായി ചേട്ടൻ അഭിനയിച്ചു. ‘താമരക്കുഴലി’ തീർന്ന് 6 മാസം കഴിഞ്ഞായിരുന്നു വിവാഹം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മൂത്തവൻ അഭിനവ് ഡിഗ്രി ഫൈനൽ ഇയറിനും ഇളയയാൾ ആദിലക്ഷ്മി ഏഴാം ക്ലാസിലും പഠിക്കുന്നു. ഇപ്പോൾ തിതുവനന്തപുരത്ത് താമസം.