Wednesday 05 February 2020 04:03 PM IST : By സ്വന്തം ലേഖകൻ

50 കോടി ക്ലബിൽ അഞ്ചാം പാതിര! സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ

ap

മലയാളത്തിന്റെ പുതുവർഷം ഗംഭീരമാക്കിയ സിനിമയായിരുന്നു അഞ്ചാം പാതിര. സസ്പെൻസും ത്രില്ലിങും ഇഴചേർന്ന ഈ മിഥുൻ മാനുവൽ തോമസ് ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ഖ്യാതിയോടെ അഞ്ചാം പാതിര ജൈത്രയാത്ര തുടരുമ്പോള്‍ ഇതാ മറ്റൊരു സന്തോഷം കൂടി. ചിത്രം അൻപത് കോടി ക്ലബിൽ ഇടംനേടി എന്നതാണ് ഏറ്റവും പുതിയ വിശേഷം. റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം അൻപത് കോടി കടന്നവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഇപ്പോഴും തുടരുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഒരു പാട് നന്ദി എന്നും കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോയുടെ പോസ്റ്റ്. കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയുമാണ് ഈ സിനിമ.

ആട്, അലമാര ഉള്‍പ്പെടെയുള്ള തമാശ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്റെ വേറിട്ട പരീക്ഷണമായിരുന്നു അഞ്ചാം പാതിര. ആഷിക്ക് ഉസ്മാനാണ് സിനിമയുടെ നിർമാണം. ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുഷിൻ ശ്യാമിന്റേതാണ് സംഗീതം.