Monday 15 February 2021 11:19 AM IST

‘ജ്വല്ലറി സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ജോലി വരെ, ചാൻസിനായി അലഞ്ഞത് 10 വർഷം’! ‘ബിഗ് ബോസി’ലേക്ക് അനൂപ് കൃഷ്ണൻ എത്തുമ്പോൾ...

V.G. Nakul

Sub- Editor

anoop 3

‘സീതാകല്യാണ’ത്തിലെ കല്യാൺ എന്ന നായക കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് അനൂപ് കൃഷ്ണൻ. സിനിമയിലും സീരിയലിലും ഒരേ പോലെ സജീവമായ ഈ ചെറുപ്പക്കാരൻ മലയാളികൾക്കിപ്പോൾ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ്.

ഇപ്പോഴിതാ, ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ മത്സരാർത്ഥിയായിരിക്കുകയാണ് അനൂപ്. ഈ അവസരത്തിൽ, തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് അനൂപ് മുൻപ് ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുന്നു.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു യുവാവ് മോശം കമന്റിട്ടതും അതിന് അനൂപ് നൽകിയ മറുപടിയും അക്കാലത്ത് വലിയ വാർത്തയായിരുന്നു.

ഒരു തെറിയുടെ അകമ്പടിയോടെ ‘നിനക്കൊക്കെ വല്ല വാർക്കപ്പണിക്കും പൊയ്ക്കൂടേ’ എന്നായിരുന്നു അനൂപിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലെത്തി യുവാവ് കമന്റ ് ചെയ്തത്. ഇതിന്, ‘പേജിലും പ്രൊഫൈലിലും കയറി ഇങ്ങനെയൊക്കെ പറയുന്ന ഇവനൊക്കെ എന്താ മറുപടി കൊടുക്കണ്ടേ...? സ്വന്തം റിമോട്ട് കയ്യിലുണ്ടെങ്കിൽ ചാനൽ മാറ്റിക്കൂടെടോ.... അസുഖം ഉള്ളയാളാണെന്നു തോന്നുന്നു’ എന്നാണ് സ്ക്രീൻ ഷോട്ടുകൾ സഹിതം അനൂപ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി കൊടുത്തത്. അനൂപിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സംഭവം വാർത്തയായി. നിരവധി പേരാണ് അനൂപിന് പിന്തുണയുമായി, തലതിരിഞ്ഞ സോഷ്യൽ മീഡിയ മനോരോഗത്തിനെതിരെ രംഗത്തു വന്നത്. അതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തോടെയാണ് അനൂപ് സംസാരിച്ചു തുടങ്ങിയത്.

anoop 2

‘‘സോഷ്യൽ മീഡിയയിൽ ധാരാളം കമന്റുകൾ വരാറുണ്ട്. പലതും മൈൻഡ് ചെയ്യാറില്ല. പക്ഷേ, ഇത് അതിരു കടന്നതായി തോന്നി. അതുകൊണ്ടാണ് പ്രതികരിച്ചത്. ആരെയും പരസ്യമായി അപമാനിക്കുന്നതിൽ എനിക്കു താൽപര്യമില്ല. സോഷ്യൽ മീഡിയയിലൂടെ വ്യക്തി വിരോധം തീർക്കുന്നതും അംഗീകരിക്കുവാനാകില്ല. അതുകൊണ്ടു തന്നെ വളരെ മാന്യമായി, പരിധി വിടാതെയാണ് അയാള്‍ക്ക് മറുപടി കൊടുത്തിരിക്കുന്നത്. നോക്കൂ, തന്നെ ഉപദ്രവിക്കാത്തിടത്തോളം കാലം ആർക്കും ആരെയും നെഗറ്റീവായി ചിത്രീകരിക്കാൻ അവകാശമില്ലല്ലോ. അതുകൊണ്ടാണ് പ്രതികരിക്കാൻ തീരുമാനിച്ചത്. അപ്പോഴും ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. നിയമപരമായി നീങ്ങാൻ പലരും പറഞ്ഞു. എന്റെ ചേട്ടൻ പൊലീസിലാണ്. അദ്ദേഹവും പരാതി കൊടുക്കാൻ നിർബന്ധിച്ചു. പക്ഷേ വേണ്ട. അയാൾ ചെയ്തത് തെറ്റാണ്, അതയാള്‍ക്ക് മനസ്സിലാകണം. ഞാൻ ആ പോസ്റ്റ് ഇട്ടത് വിവാദം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല. ഞാൻ പല കാര്യങ്ങളിലും കൃത്യമായി അഭിപ്രായം പറയുന്ന ആളാണ്. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ അതു മനസ്സിലാകും. അതെന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്തിനാണ് ഇങ്ങനെ നെഗറ്റീവ് പ്രസരിപ്പിക്കുന്നത്. പരമാവധി പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കാം. അതല്ലേ നല്ലത്’’.

സീരിയൽ അത്ര മോശമല്ല

സീരിയൽ ഒരു മോശം സംഗതിയാണെന്ന് പലരും പറയും. അവിഹിതം, ചതി, അമ്മായിയമ്മ – മരുമകൾ പോര് തുടങ്ങി മോശം കാര്യങ്ങളാണ് സീരിയലിൽ കാണിക്കുന്നതെന്നാണ് പ്രധാന പരാതി. ഒന്നു ചോദിക്കട്ടേ, ഇതൊക്കെ നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്നതല്ലേ, അല്ലാതെ വെറുതേ എന്തെങ്കിലുമൊക്കെ കാണിക്കുകയല്ലല്ലോ. അപ്പോൾ, ഇതൊക്കെ കണ്ട് അങ്ങനെ ചെയ്യണമെന്നല്ല, ചെയ്യരുതെന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. അല്ലാതെ സീരിയൽ സമൂഹത്തെ മോശമാക്കും എന്ന അഭിപ്രായത്തോടു യോജിക്കാനാകില്ല.

അത് പ്രയത്നത്തിന്റെ ഫലം

പത്തു വർഷത്തോളം ചാൻസ് തേടിയും പരിശ്രമിച്ചുമാണ് ഇവിടെ വരെയെത്തിയത്. സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രമായി ആളുകൾ എന്നെ തിരിച്ചറിയുന്നത് ആ പ്രയത്നത്തിന്റെ ഫലമാണ്. പട്ടാമ്പിയാണ് എന്റെ നാട്. അച്ഛൻ ഉണ്ണികൃഷ്ണൻ ആർ.എം.എസിലായിരുന്നു. അമ്മ ശോഭന. അനിയൻ അഖിലേഷ്, അനിയത്തി അഖില. വീട്ടിൽ കലാപരമായ പശ്ചാത്തലമൊന്നുമില്ല.

anoop 1

ജോലി വിട്ട് ലക്ഷ്യത്തിനു പിന്നാലെ

അഭിനയ മോഹം പണ്ടു മുതലേയുണ്ട്. മിമിക്രിയിലും നാടകത്തിലുമൊക്കെ സജീവമായിരുന്നു. പഠനം കഴിഞ്ഞ് കുറച്ചു കാലം ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്തു. അതിനിടെയാണ് സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ലഭിച്ചത്, 2012 ൽ. അതു കഴിഞ്ഞ് ഒരു ക്ളിനിക്കിൽ ജോലി ചെയ്യവേ മറ്റു ചില അവസരങ്ങൾ ലഭിച്ചു തുടങ്ങി. അങ്ങനെ ജോലി വിട്ട് അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. അതോടൊപ്പെം തന്നെ മ്യൂസിക് വിഡിയോസ് സംവിധാനം ചെയ്തു, ആങ്കറിങ്ങിലേക്കും മോഡലിങ്ങിലേക്കും കടന്നു. സാമ്പാർ എന്ന സിനിമയുടെ ടൈറ്റിൽ സോങ് വിഷ്വലൈസ് ചെയ്തത് ഞാനാണ്.

വഴിമാറ്റിയ സീതാകല്യാണം

പ്രെയ്സ് ദ ലോർഡ്, ഞാൻ സംവിധാനം ചെയ്യും, സർവോപരി പാലാക്കാരൻ തുടങ്ങി കോണ്ടസ വരെ പത്തോളം സിനിമകളിൽ അഭിനയിച്ചു. അതിൽ മിഷ്ടി എന്ന സംസ്കൃത ചിത്രത്തിലും അമ്മമരത്തണലിൽ എന്ന ചിത്രത്തിലും നായകനായിരുന്നു. സംവിധായകൻ സുനിൽ കാര്യാട്ടുകരയുമായുള്ള ബന്ധമാണ് സീതാകല്യാണത്തിൽ എത്തിച്ചത്. സുഹൃത്തായ ഷാരോൺ കെ വിബിൻ വഴിയാണ് സുനിലേട്ടനെ പരിചയപ്പെട്ടത്. എന്റെ ആദ്യ സീരിയൽ സീതാകല്യാണമാണ്. അത് ബ്രേക്കായി. തൽക്കാലം മറ്റു സീരിയലുകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. സിനിമയിലും ചില നല്ല അവസരങ്ങൾ വന്നിട്ടുണ്ട്. എല്ലാം വഴിയേ പറയാം.

അതൊക്കെ മറന്നു തുടങ്ങി

അവസരങ്ങൾ തേടി നടന്ന കാലത്ത് ധാരാളം മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ ഞാൻ മറന്നു തുടങ്ങി. ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം. സിനിമയെന്നോ സീരിയലെന്നോ വ്യത്യാസമില്ല, അഭിനയമാണ് എന്നെ പ്രലോഭിപ്പിക്കുന്നത്. ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ സാറിന്റെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു. കുടുംബം വലിയ സപ്പോർട്ടാണ് തരുന്നത്. ഇപ്പോൾ തമിഴ് സീരിയലിൽ നിന്നൊക്കെ അവസരം വരുന്നുണ്ട്. പക്ഷേ ഇപ്പോൾ അതൊന്നും പരിഗണനയിലില്ല. നിലവിൽ ഞാൻ തൃപ്തനാണ്. പതിയെ വളർന്നാൽ മതി.