Tuesday 19 April 2022 12:02 PM IST

‘അതു മാറാൻ 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘ദൃശ്യം 2’ വരേണ്ടി വന്നു’: അൻസിബ ഇനി സി.ബി.ഐ ഓഫീസർ

V.G. Nakul

Sub- Editor

ansiba-hassan-1

അൻസിബ ഹസൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുക ‘ദൃശ്യ’ത്തിലെ അഞ്ജു ജോർജ് എന്ന കഥാപാത്രമാണ്. ആദ്യ ഭാഗത്തിൽ ചുറുചുറുക്കുള്ള പ്ലസ് ടൂ വിദ്യാർഥിനിയായും രണ്ടാം ഭാഗത്തിൽ വിഷാദത്തിന്റെ കരിനിഴലിനുള്ളിലകപ്പെട്ട കൗമാരക്കാരിയായും അഞ്ജുവിനെ അൻസിബ മനോഹരമാക്കി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ രണ്ടു വിജയ ചിത്രങ്ങളിൽ സുപ്രധാന വേഷത്തിൽ തിളങ്ങിയിട്ടും അധികം സിനിമകളിലൊന്നും പിന്നീട് മലയാളി പ്രേക്ഷകർ ഈ യുവതാരത്തെ കണ്ടില്ല. ഇപ്പോഴിതാ, മലയാളത്തിലെ മറ്റൊരു ഹിറ്റ് പരമ്പരയായ ‘സി.ബി.ഐ സീരിസി’ലെ അഞ്ചാം ഭാഗമായ ‘ദി ബ്രെയിനി’ല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് അൻസിബ. ‘ദൃശ്യ’ത്തിൽ കുറ്റവാളിയെങ്കിൽ ‘ദി ബ്രെയിനി’ൽ സി.ബി.ഐ ഓഫീസർ.

‘സി.ബി.ഐ 5: ദി ബ്രെയിന്റെ’ ലൊക്കേഷനിൽ മറ്റൊരു സന്തോഷം കൂടി അൻസിബയ്ക്ക് ലഭിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്ക തന്റെ ക്യാമറയില്‍ അൻസിബയുടെ മനോഹരമായ ഒരു ചിത്രം പകർത്തി നൽകി.

‘‘മമ്മൂക്ക എല്ലാവരുടെയും ഫോട്ടോസ് എടുത്ത കൂട്ടത്തിൽ എന്റെ ചിത്രവും പകർത്തുകയായിരുന്നു. പല പോസിൽ നിർത്തി ചിത്രമെടുത്ത ശേഷം അതിൽ മമ്മൂക്കയ്ക്ക് ഇഷ്ടമായത് എനിക്കു തന്നു. ആ ഫോട്ടോ മമ്മൂക്കയ്ക്ക് വളരെ ഇഷ്ടമായി. നല്ല രസമുണ്ടായിരുന്നു, നല്ല പോസായിരുന്നു എന്നു പറഞ്ഞു. ഇതിൽപരം മറ്റൊരു സന്തോഷം എനിക്കെന്താണ്’’.– അൻസിബ ‘വനിത ഓൺലൈനോട്’ പറയുന്നു.

ansiba-hassan-2

‘‘മമ്മൂക്കയ്ക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ലാലേട്ടനൊപ്പം ഒരു ചരിത്രവിജയത്തിന്റെ ഭാഗമായി. മമ്മൂക്കയ്ക്കൊപ്പവും അതാവർത്തിക്കട്ടേ എന്നാണ് പ്രാർഥന. ‘ദി ബ്രെയിനി’ൽ ഒരു സി.ബി.ഐ ഓഫീസറുടെ വേഷത്തിലാണ്. അനിത വർമ എന്നാണ് പേര്. അഞ്ജു ജോർജ് എന്ന കഥാപാത്രവുമായി യാതൊരു ബന്ധവുമില്ലാത്ത, നേരെ ഓപ്പോസിറ്റ് സ്റ്റൈലിലുള്ള കഥാപാത്രമാണ് അനിത’’.

ഏഴു വർ‌ഷത്തെ കാത്തിരിപ്പ്

ദൃശ്യം രണ്ടാം ഭാഗത്തോടെയാണ് എന്റെ ബാലതാരം ഇമേജ് മാറിയത്. ദൃശ്യം ഒന്നാം ഭാഗം കഴിഞ്ഞ് എനിക്ക് കുറേ ഓഫറുകൾ വന്നെങ്കിലും അവസാന നിമിഷം അവർക്ക് കൺഫ്യൂഷനാകും, ‘അൻസിബ ഒരു കൊച്ചായല്ലേ ആളുകളുടെ മനസ്സിലുള്ളത്. വലിയ ക്യാരക്ടർ കൊടുത്താൽ പ്രേക്ഷകർ സ്വീകരിക്കുമോ’ എന്ന്. കുട്ടി ഇമേജിൽ നിന്നു പുറത്തു കടക്കാന്‍ ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൃശ്യം 2 വരേണ്ടി വന്നു. അതു വരെ എവിടെപ്പോയാലും പ്ലസ് ടൂവിനല്ലേ പഠിക്കുന്നത് എന്നായിരുന്നു ചോദ്യം. അതൊക്കെ ഇപ്പോഴാണ് മാറിയത്. അല്ലെങ്കിൽ ദൃശ്യത്തിനു മുകളിൽ വരുന്ന ഒരു ചിത്രം ചെയ്യണമായിരുന്നു...കെ.ജി.എഫോ ആർ.ആർ.ആറോ പോലെ...

ansiba-hassan-3

സംവിധാനം

എനിക്ക് നായികയാകണം എന്നൊന്നും നിർബന്ധമില്ല. നല്ല സിനിമകളുടെ ഭാഗമാകുക, നല്ല റോളുകൾ കിട്ടുക എന്നതൊക്കെയാണ് പ്രധാനം.

രണ്ട് വർഷം മുമ്പ്, പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. ചെറുപ്പം മുതൽ സംവിധാനം വലിയ പാഷനാണ്. മൂന്നു വർഷം അതിനു പിന്നാലെയായിരുന്നു. ആ സമയത്ത് അഭിനയത്തിൽ നിന്നും മാറി നിന്നു. തിരക്കഥയും എന്റെതായിരുന്നു. ഷൂട്ട് തുടങ്ങുന്ന സ്റ്റേജിലാണ് കൊറോണ വന്ന് ലോക്ക്ഡൗൺ ആയത്. അതോടെ എല്ലാം മുടങ്ങി. ഇനി അതൊന്ന് റീ സ്റ്റാർട്ട് ചെയ്യണം എന്നുണ്ട്. എപ്പോഴത്തേക്ക് നടക്കും എന്നറിയില്ല.