Saturday 23 May 2020 12:01 PM IST

കോളജിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ, എന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു; പ്രണയം തുറന്ന് പറഞ്ഞ് അനുസിത്താര

Vijeesh Gopinath

Senior Sub Editor

anu-n2 Photo : Sreekanth Kalarickal

പ്രണയിക്കുമ്പോൾ സ്വപ്നം കണ്ടയിടത്തേക്ക് വിവാഹ ശേഷം ഒരുമിച്ച് യാത്ര പോയിട്ടുണ്ടോ?

അവിടെ ചെന്നിറങ്ങുമ്പോഴേ, ഒരുമിച്ചിരിക്കണം എന്നോർത്ത കൽപടവുകളും തണലും തണുപ്പുമെല്ലാം ‘ആഹാ വന്നല്ലോ...’ എന്ന് അവർക്കു മാത്രം തിരിച്ചറിയാനാകുന്ന ഭാഷയിൽ ക്ഷണിച്ചു തുടങ്ങും. പൊന്നിൻ കണിക്കൊന്നകൾ അവരുടെ ഹൃദയത്തിൽ മാത്രം പൂത്തുലയും. ആ സ്ഥലത്തെ ഏറ്റവും സുന്ദരമായ കാഴ്ച അവർക്കേ കാണാനാകൂ....

അതുപോലൊരു യാത്രയിലാണ് അനു സിതാര. കൽപറ്റയിലെ സുന്ദരമായ വീട്ടില്‍ നിന്ന് വിഷ്ണുവിനൊപ്പം കാറിൽ കയറുമ്പോൾ അനു സിതാര പറഞ്ഞു,

‘‘പ്രണയിച്ചിരുന്ന കാലത്ത് യാത്ര പോണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് അതൊന്നും നടക്കില്ലല്ലോ... ഇപ്പോൾ പോകുന്ന ക്ഷേത്രം കാണുമ്പോൾ നിങ്ങൾക്ക് ‘എങ്ങനെ ഫീൽ ചെയ്യും’ എന്ന് എ നിക്കറിയില്ല. ഇതൊരു കു‍ഞ്ഞ് അമ്പലമാണ്. അധികമാരും പോകാറില്ല. കാടുപിടിച്ച് ഇടിഞ്ഞു തുടങ്ങി...

സത്യം പറഞ്ഞാൽ ക്ഷേത്രത്തിന്റെ പേരോ െഎതിഹ്യമോ അറിയില്ല. പക്ഷേ, അവിടെ എത്തുമ്പോൾ മനസ്സിൽ സന്തോഷം നിറയും. അതെനിക്കും വിഷ്ണുവേട്ടനും തിരിച്ചറിയാനാകും.’’

കൽപറ്റ ‍‍‍‍ടൗൺ കഴിഞ്ഞു. കാറിനുള്ളിൽ ഒാർമകളും പ്രണയവും ഒാട്ടമാറ്റിക് ഗിയറിൽ ഒാടിത്തുടങ്ങി.

anu-n4

‘‘ഞാനങ്ങനെ സ്ഥിരമായി ക്ഷേത്രങ്ങളിൽ പോകുന്ന ആളൊന്നുമല്ല. പക്ഷേ, ഈശ്വര വിശ്വാസമുണ്ട്. അച്ഛനും അമ്മയും മതം നോക്കാതെ വിവാഹം കഴിച്ചവരാണ്. എല്ലാ മതത്തിലും വിശ്വസിക്കാനാണ് പഠിപ്പിച്ചത്... ഇപ്പോഴും ‘കൃഷ്ണാ ഗുരു വായൂരപ്പാ പടച്ചോനേ യേശുദേവാ...’ എന്നാ ഞാൻ പ്രാ ർഥിക്കാറുള്ളത്. പണ്ടേ ഉള്ള ശീലമാണത്.

കുട്ടിക്കാലത്ത് മനസ്സുരുകി പ്രാർഥിച്ച അമ്പലത്തെ കുറിച്ച് പറയാം. ഏഴാം ക്ലാസ് വരെ വയനാട്ടിലാണ് പഠിച്ചത്. എട്ടാം ക്ലാസായപ്പോൾ എന്നെ കലാമണ്ഡലത്തിൽ ചേർത്തു. അതോടെ ജീവിതം ആകെ മാറി.

അതുവരെ വീട്ടിലെ ഒാമനക്കുട്ടിയായി വളർന്നതാണ്. പക്ഷേ, കലാമണ്ഡലത്തിലെത്തിയപ്പോൾ എല്ലാം ഒറ്റയ്ക്ക് ചെയ്യണം. ആദ്യം ഒട്ടും പൊരുത്തപ്പെടാൻ പറ്റിയില്ല. നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കണം എന്നാഗ്രഹിച്ച് ചെന്ന എനിക്ക് എങ്ങനെയെങ്കിലും മടങ്ങിയെത്തിയാൽ മതിയെന്നായി.

വീട്ടിൽ വന്ന് തിരിച്ചു പോകാറാകുമ്പോഴേ ക്ലാസ് ഉണ്ടാകാതിരിക്കാൻ പ്രാർഥന തുടങ്ങും. അന്നത്തെ ഒരു വിശ്വാസമുണ്ട്, നൂറു പ്രാവശ്യം ‘ഓം നമഃ ശിവായ’ എന്ന് എഴുതിയാൽ പ്രാർഥിച്ച കാര്യം നടക്കും. പലപ്പോഴും ഫലിച്ചിട്ടുണ്ട്. അന്ന് ഓം നമഃ ശിവായ എന്ന് നിറച്ചെഴുതിയ പുസ്തകങ്ങൾ ഇന്നും സൂക്ഷിക്കുന്നുണ്ട്...’’ അനുസിതാര പഴയ സ്കൂൾ കുട്ടിയായി.

കലാമണ്ഡലത്തിൽ നിന്ന് ഒളിച്ചോട്ടം

ഒരുദിവസം കലാമണ്ഡലത്തിലെ ജീവിതത്തിന് ഫുൾ സ്റ്റോപ്പിടാൻ അനു സിതാര തീരുമാനിച്ചു. വീട്ടിലേക്ക് ഒളിച്ചോടുക. അതേ വഴിയുള്ളൂ. പക്ഷേ, ഹോസ്റ്റലിൽ നിന്ന് എങ്ങനെ ഇറങ്ങും എന്നു മാത്രം അറിയില്ല.

ഇറങ്ങിയാൽ തന്നെ ഒറ്റയ്ക്ക് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വരെ എത്തണം. അവിടുന്ന് ട്രെയിനിൽ കോഴി ക്കോട്. പിന്നെ, ബസ്സിൽ കൽപറ്റ... ആലോചിക്കും തോറും ‘സ്കൂൾ കുട്ടിക്ക്’ പേടി കൂടി. ദൈവം അല്ലാതെ മറ്റാരും കൂട്ടിനില്ല. അതുകൊണ്ട് കലാമണ്ഡലത്തിന് അടുത്തുള്ള പാങ്ങാവ് ശിവക്ഷേത്രത്തിൽ തൊഴുതിട്ട് ഇറങ്ങാൻ തീരുമാനിച്ചു.

‘‘വീട്ടിലേക്ക് തിരിച്ചു പോയേ പറ്റൂ. നേരായ മാർഗത്തിലൂ ടെ പറഞ്ഞിട്ടു കാര്യമില്ല. അനുവദിക്കില്ല. അവിടെ നിന്ന് പുറത്തിറങ്ങാൻ ഒറ്റ വഴിയേയുള്ളൂ; പിറന്നാളാണ് അമ്പലത്തിൽ പോകണമെന്ന് കളവു പറയുക. അങ്ങനെ അടുത്തദിവസം എന്റെ പിറന്നാളാണെന്ന് കഥയിറക്കി, രാവിലെ അമ്പലത്തിൽ പോകാൻ അനുവാദവും കിട്ടി.

ആ ദിവസം ഇന്നും ഓർമയുണ്ട്. പച്ച ബ്ലൗസും ചന്ദന കളർ പട്ടുപാവാടയും ഇട്ടു. ‘പിറന്നാളല്ലേ...’ കണ്ണൊക്കെ എഴുതി പൊട്ടൊക്കെ തൊട്ടു. പക്ഷേ, അമ്പലത്തിലേക്കിറങ്ങുമ്പോൾ ഒപ്പം സീനിയറായ ചേച്ചി കൂടെ വന്നു. എല്ലാം പാളുമെന്നായി. ഈ ചേച്ചി കാണാതെ എനിക്ക് എങ്ങനെ പോകാനാകും.

ഞങ്ങൾ‌ ക്ഷേത്രത്തിലെത്തി. ‘ദൈവമേ, തെറ്റാണു ചെയ്യുന്നതെന്നറിയാം. പക്ഷേ, ആപത്തൊന്നും കൂടാതെ വീടെത്തിക്കണമേ’ എന്നു പ്രാർഥിച്ചു. മാപ്പു പറഞ്ഞ് നല്ലതു വരുത്തേണമേ എന്നും മനസ്സിൽ പറഞ്ഞു. അപ്പോഴാണ് ക്ഷേത്രത്തിലേ കൽപ്പടവുകൾ കണ്ടത്.

ചേച്ചിയെ ‘ഒഴിവാക്കാനായി’ ഞാൻ പറഞ്ഞു, ‘‘ ഞങ്ങളുടെ നാട്ടിലൊരു അമ്പലമുണ്ട്. ആ അമ്പലത്തിലെ പടികൾ പത്തു വട്ടം കയറിയിറങ്ങിയാൽ ആഗ്രഹിച്ച കാര്യം നടക്കും എന്നാ വിശ്വാസം. ഈ അമ്പലത്തിനും പടികളുണ്ട്. എന്റെ മനസ്സിലെ ആഗ്രഹം സാധിക്കാനായി ഈ പടികൾ കയറിക്കോട്ടെ.’’വ്യത്യസ്തമായ നേർച്ചയാണല്ലോ എന്നു പറഞ്ഞ് ചേച്ചി പ്രദക്ഷിണം വയ്ക്കാൻ നടന്നതും ഞാൻ ഒാട്ടോറിക്ഷയിൽ കയറി. നേരെ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് കോഴിക്കോട് പിന്നെ, കൽപറ്റ ബസ്സിൽ... പേടിച്ചു വിറച്ചായിരുന്നു യാത്ര.

വീട്ടിലെത്തിയപ്പോഴേക്കും എല്ലാവരും അവിടെയുണ്ട്. എന്നെ കാണാനില്ലെന്ന വിവരം അറിഞ്ഞു കഴി‍ഞ്ഞു. കോളജിലുള്ളവർ കരുതിയത് ഞാൻ ആരുടെയോ കൂടെ ഒളിച്ചോടിയെന്നാണ്. പക്ഷേ, എന്റെ അമ്മ ഉറപ്പിച്ചു പറഞ്ഞു, അതൊരിക്കലും ഉണ്ടാകില്ല, അവൾ നേരെ ഇങ്ങോട്ടു വരും. എന്നെ കണ്ടതും എല്ലാവരും കരച്ചിൽ, പിന്നെ കലാമണ്ഡലത്തിലേക്ക് അരങ്ങേറ്റത്തിനാണ് പോയത്.

ഇന്നും ആ അമ്പലത്തിനോട് വലിയ ആത്മബന്ധമാണ്. ഒറ്റയ്ക്ക് എങ്ങും പോയിട്ടില്ലാത്ത എന്നെ ആപത്തൊന്നും കൂടാതെ വീട്ടിലെത്തിച്ചല്ലോ.’’ ചെറുതുരുത്തിയിൽ നിന്ന് ഒാട്ടോ കയറി സിനിമയുടെ മുറ്റത്തു വന്നിറങ്ങിയ കഥകൾ കാറിനെ ഒാവർടേക്ക് ചെയ്തു പോയി.

മുത്തങ്ങയിൽ നിന്ന് കാടിനുള്ളിലേക്ക് കാർ പറന്നു. ചുറ്റും വേനലിൽ ഇലപൊഴിച്ച മരങ്ങൾ. ‘ഈ വഴി വണ്ടിയോടിക്കുമ്പോൾ കിട്ടുന്ന എനർജി വലുതാണ്. പണ്ടും ഇതു വഴി യാത്രപോകാൻ അനുവിന് വലിയ ഇഷ്ടമാണ്. ’ വിഷ്ണു പറഞ്ഞു.


മഞ്ഞക്കിളി’യുടെ അമ്പലമുറ്റങ്ങൾ

anu-n3

സിനിമയിൽ വന്നതിനു ശേഷം പല നാടുകളിൽ പോയിട്ടുണ്ടെങ്കിലും അനു സിതാരയുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നത് വയനാടു തന്നെയാണ്. സിനിമ, കൊച്ചിയിൽ വേരുറച്ച് പടർന്നു കയറുമ്പോഴും അനു വീടുവച്ചത് കൽപറ്റയിലെ നീലാകാശത്തിനു താഴെ തന്നെ. വിഷ്ണു നല്ലൊരു ഫൊട്ടോഗ്രഫർ ആയതു കൊണ്ടാകും എങ്ങോട്ടു ക്യാമറ വച്ചാലും നല്ല ചിത്രങ്ങൾ കിട്ടുന്ന ഇന്റീരിയർ... പുതിയ വീട്ടിലെ ആദ്യ വിഷു.

‘‘വയനാട്ടിലെ ഒാർമകൾക്ക് ഭംഗി കൂടുതലാണ്. കുട്ടിയായിരിക്കുമ്പോൾ കൽപറ്റയിലെ മാരിയമ്മന്‍ കോവിലിലും ശി വ ക്ഷേത്രത്തിലുമൊക്കെ ഉത്സവത്തിന് പോകും. ഉത്സവത്തിന് ഉപ്പ സലാം അഭിനയിക്കുന്ന നാടകം ഉണ്ടാകും. അമ്മ രേണുകയുടെ ഡാൻസും. ഇതു രണ്ടും കണ്ട് ഞാൻ മുൻ നിര യിലിരിക്കും.

ഇവരു രണ്ടു പേരും പെർഫോം ചെയ്ത സ്റ്റേജിൽ തന്നെയാണ് എന്റെയും തുടക്കം. നാട്ടിലെ മണിയങ്കോട് ക്ഷേത്രത്തിലെ ഉത്സവത്തിന് ‘സുന്ദരീ സുന്ദരീ, ഒന്നൊരുങ്ങി വാ’ എന്ന പാട്ടിന് ഡപ്പാം കുത്ത് കളിച്ചാണ് ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത്. പിന്നെ, എല്ലാ ഡാൻസിനും സ്ഥിരം മഞ്ഞ കോസ്റ്റ്യൂം. അതോടെ നാട്ടിൽ മഞ്ഞക്കിളിയെന്ന പേരും വീണു.

അന്നത്തെ വിഷു സദ്യയ്ക്ക് രണ്ടു രുചിയാണ്. പായസത്തിന്റെ മധുരമണത്തിനൊപ്പം നല്ല കോഴിബിരിയാണിയുടെ കൊതിപിടിപ്പിക്കുന്ന ഗന്ധം അടുക്കളയിൽ നിന്ന് വാതിൽ തുറന്നു വരും. അമ്മമ്മേടെ വീട്ടിലാണ് വിഷു. ഞാനും അനുജത്തിയും അമ്മയും മാനുവും (ഉപ്പ) ഉമ്മൂമ്മയും കൂടി തലേ ദിവസം തന്നെ അങ്ങോട്ടു പോകും.

കണിയൊരുക്കുന്നതും സദ്യയൊരുക്കുന്നതും ഉമ്മൂമ്മയും അമ്മമ്മയും ചേർന്നാണ്. ഞങ്ങൾ പച്ചമാങ്ങയും, വെള്ളരിയുമൊക്കെ എടുത്തുകൊടുക്കും. അമ്മമ്മ എല്ലാം ഒരുക്കി വ യ്ക്കും. ഇതിനൊക്കെ ഉമ്മൂമ്മയും കൂടും. അവർ രണ്ടുപേരും ഒരുമിച്ചു നിൽക്കുന്നത് കാണാൻ വല്യ സന്തോഷമാണ്.

പിറ്റേന്ന് അമ്മമ്മ സദ്യ ഉണ്ടാക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. അമ്മമ്മ ഉണ്ടാക്കുന്ന സാമ്പാറിന്റെ രുചി നോക്കുന്നത് ഉമ്മുമ്മയായിരിക്കും, ബിരിയാണിയുടെ മസാലക്കൂട്ടിനു മേൽനോട്ടം അമ്മമ്മയും.

ഗുരുവായൂരമ്പല നടയിൽ

anu-n1

‘‘ഞാനും വിഷ്ണുഏട്ടനും കൂടി കുറച്ച് ക്ഷേത്രങ്ങളിലേ പോയിട്ടുള്ളൂ. അതിലൊന്ന് ഗുരുവായൂരമ്പലമാണ്. ഒരു പ്രാർഥനയും കൂടിയുണ്ടായിരുന്നു. വിവാഹത്തിനു മുൻപ്. പ്രണയത്തിലാണെന്ന് ആർക്കും അറിയില്ല. ഫോട്ടോ ഷൂട്ടിനായി ക്ഷേത്രത്തിന് അടുത്തുവരെ പോയി. ‘ഫോട്ടോഗ്രഫറു‍ടെ റോളിൽ’ വിഷ്ണു ഏട്ടനുമുണ്ട്. എനിക്ക് ഗുരുവായൂരപ്പനെ തൊഴണമെന്ന് വലിയ ആഗ്രഹം, പക്ഷേ, സമയവും ഇല്ല.

അങ്ങനെ അമ്പലത്തിനു പുറത്തുനിന്ന് ഞാനും അമ്മയും തൊഴുതു. കുറച്ചപ്പുറം വിഷ്ണുവേട്ടനും. ഞാൻ മനസ്സുരുകി പ്രാർഥിച്ചു, ‘‘എന്റെ കണ്ണാ, ഞങ്ങൾക്ക് കല്യാണം കഴിക്കാൻ പറ്റണേ... ഞങ്ങൾ ഒരുമിച്ചു വന്ന് തൊഴുതോളാമേ....’’

വിവാഹം കഴിഞ്ഞപ്പോൾ ഞാൻ വിഷ്ണുവേട്ടനോട് ഈ പ്രാർഥനയെക്കുറിച്ചു പറഞ്ഞു. ഏട്ടനും ഇതുതന്നെയാണ് അ ന്നു പ്രാർഥിച്ചതെന്ന് അപ്പോഴാണ് പറയുന്നത്. അത് വലിയ അദ്ഭുതമായി തോന്നി. ഒരേ കാര്യം പ്രാർഥിച്ചതും മാസങ്ങൾക്കുള്ളിൽ വിവാഹം നടന്നതും... അങ്ങനെ ഞങ്ങൾ കണ്ണനു മുമ്പിൽ ഒരുമിച്ചു പോയി’’

കാർ ഗുണ്ടൽപേട്ടയിലെ ചെക്ക്പോസ്റ്റ് കഴിഞ്ഞു. ഇനി ഒന്നര കിലോമീറ്റർ. കാലം ടൈംമെഷീൻ ഒന്നു തിരിച്ചു വച്ചതു പോലെ. കാളവണ്ടികൾ, ആടുമേച്ചു നടക്കുന്നവർ, കണ്ണെത്താ ദൂരത്തോളം ക‍ൃഷി.. ആ കാണുന്നതാണ് നമ്മുടെ അമ്പലം അനു സിതാര പറഞ്ഞു.

അകലെ ഇലപൊഴിഞ്ഞ ആൽമരം അതിനപ്പുറം കൽമണ്ഡപം. റോഡിനരികിൽ ആഞ്ജനേയ സ്വാമിയുടെ ക്ഷേത്രം. അ ടുത്ത് ശിവപാർവതിമാർ. പിന്നെ, ജലത്തണുപ്പ് ഒാർമയിൽ മാത്രമുള്ള വലിയ കുളം. മണ്ണിട്ട നടവഴിക്കപ്പുറം പരമേശ്വര ക്ഷേത്രം. എല്ലാം അടഞ്ഞു കിടക്കുകയാണ്. മൈസൂർ രാജാവായിരുന്ന ചിക്കദേവരാജരുടെ കാലത്ത് നിർമിച്ചതാണ്. പൂജ വല്ലപ്പോഴുമേയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.

ൈവകുന്നേരത്തെ പൊൻവെളിച്ചത്തിൽ കൽമണ്ഡപം കുളിച്ചു നിന്നു. ആലിലകൾ നാമം ചൊല്ലിയ ആൽത്തറയ്ക്ക് അരികിൽ വിഷ്ണുവിനൊപ്പം ചേർന്നു നിന്ന് ആ വെളിച്ചവും നോക്കി അനു സിതാര പറഞ്ഞു, ‘‘ഇവിടെ നിൽക്കുമ്പോൾ മനസ്സിൽ ഒരു തണുപ്പും സന്തോഷവും നിറയും... അത് വാക്കുക ൾ കൊണ്ട് പറയാനാകില്ല, നമുക്ക് അനുഭവിക്കാനേ പറ്റൂ.’’ ഒാർമകളുടെ കാറ്റ് ആൽമരത്തിൽ നിന്നിറങ്ങി അതു വഴി കടന്നു പോയി


അവരുടെ പ്രണയം സിനിമ പോലെ...

ഉപ്പയുടെയും അമ്മയുടെയും പ്രണയം കേട്ടിരിക്കാൻ നല്ല രസമാണ്. ഒരു സിനിമ തന്നെ. ‘സലാമിന്റെയും രേണുകയു െടയും’ വിവാഹം ഞങ്ങളുടെ നാട്ടിൽ കോളിളക്കം ഉണ്ടാക്കിയ ഒന്നായിരുന്നത്രേ...

ഉപ്പയെ മാനൂ എന്നാണ് ഞാൻ വിളിക്കുന്നത്. അമ്മയെ പഠിപ്പിച്ച മാഷാണ് മാനു. വീട്ടിൽ എല്ലാവർക്കും അറിയാം. ഒരു ഘട്ടത്തിൽ വച്ച് അവർക്ക് പരസ്പരം ഇഷ്ടമായി. അ ത് കല്യാണത്തിലേക്ക് എത്താനൊരു നിമിത്തം ഉണ്ടായി.

അമ്മയുടെ ബന്ധുവിന്റെ വിവാഹം. അതിൽ പങ്കെടുക്കാൻ മാനുവും വന്നു. മാനുവിന്റെ കയ്യിൽ അമ്മയ്ക്കായി എഴുതിയ കത്തുണ്ടായിരുന്നു. പക്ഷേ, കത്ത് അവിടെ വച്ച് നഷ്ടമായി. അത് ആർക്കോ കിട്ടി. ചുരുക്കം പറഞ്ഞാൽ കല്യാണത്തിനു വന്നവരെല്ലാം അത് വായിച്ചു. അ തോടെ സലാമിന്റെയും രേണുകയുടെയും പ്രണയം നാടുമുഴുവൻ അറി‍ഞ്ഞു. ആകെ പ്രശ്നമായി.

അമ്മയ്ക്ക് വലിയ സങ്കടമായി. മറ്റൊരാളെ വിവാഹം ക ഴിച്ചാലും ഇതു പറഞ്ഞ് പരിഹാസം ഉറപ്പ്. ജീവിതം സംശയത്തിന്റെ നിഴലിലായേക്കാം. ഒരുപക്ഷേ, അവിടെ വച്ച് ആ കത്ത് നഷ്ടമായിരുന്നില്ലെങ്കിൽ അത്രയും പേർ അറിഞ്ഞില്ലെങ്കിൽ ഒരു പത്താംക്ലാസുകാരിയുടെ പ്രണയമായി അതു ചിലപ്പോൾ അവസാനിച്ചേനെയെന്ന് അമ്മ പറയാറുണ്ട്.

ഒരു ദിവസം അമ്മയെയും കൊണ്ട് നിലമ്പൂരിലെ വീട്ടിൽ മാനു കയറിച്ചെന്നു. ഉമ്മയോടു കാര്യങ്ങൾ പറഞ്ഞു. ഉമ്മയുടെ കഴുത്തിൽ ഉപ്പ കെട്ടിയ താലി ഉണ്ടായിരുന്നു, അത് ഉമ്മ മാനുവിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് അമ്മയുടെ കഴുത്തിൽ അണിയിക്കാൻ പറഞ്ഞു. അങ്ങനെയായിരുന്നു അവരുടെ വിവാഹം, വീട്ടുകാരുടെ പിണക്കങ്ങളെല്ലാം ഞാനും അനുജത്തിയും ഉണ്ടായി കഴിഞ്ഞാണ് മാറിയത്.

ഞാൻ വളർന്നത് മതത്തിന്റെ അതിരുകൾ ഇല്ലാതെയാണ്. കുട്ടിക്കാലത്ത് മദ്രസ്സയിൽ പോയിട്ടുണ്ട്. മഫ്തയും തലയിൽ കുത്തി കൈപിടിച്ച് നടത്തി മദ്രസയിലേക്ക് കൊണ്ടു പോകുന്നത് അമ്മയുടെ അച്ഛനായിരുന്നു. സന്ധ്യയ്ക്ക് നാമവും ചൊല്ലും. രണ്ട് കൾച്ചറിൽ ജീവിക്കുന്നത് വലിയ ഭാഗ്യമാണ്...

നഷ്ടപ്പെട്ട വിഷുക്കൈനീട്ടം

വിഷു ഒാർമയിൽ നഷ്ടപ്പെട്ട കൈനീട്ടത്തിന്റെ സങ്കടം കൂടിയുണ്ട്. അതു പക്ഷേ, വിഷുക്കാലത്തു കിട്ടിയതല്ലെങ്കിലും വിഷുക്കൈനീട്ടം എന്നു പറയുമ്പോൾ അതാണ് ഒാർമ വരാറുള്ളത്. മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമാണ് ‍ഞാൻ വിളിച്ചിരുന്നത്.

അഞ്ചിൽ പഠിക്കുമ്പോൾ ഞാനും അമ്മയും കൽപ്പറ്റ ‍‍‍ടൗണിൽ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെഒാടി വന്ന് എന്റെ കയ്യിൽ ഒരു നാണയം തന്നു. അതിൽ അൽഫോൻസാമ്മയുടെ ചിത്രമുണ്ടായിരുന്നു. ‘ഇത് നീ സൂക്ഷിക്കണം. 10 വർഷം കഴിഞ്ഞ് മോൾ വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്പോ ഞാൻ പ‌റഞ്ഞത് ഒാർക്കണം. ’ വർഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു. കുറച്ചു വർഷം മുൻപ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്. ’’
Tags:
  • Spotlight