Wednesday 25 November 2020 12:16 PM IST

‘ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും, കല്യാണം കഴിക്കാൻ ആരും വരില്ല...’ ! അനുക്കുട്ടി പറയുന്നു, ആ ‘പ്രണയ’ത്തെക്കുറിച്ച്

V.G. Nakul

Sub- Editor

a1

മലയാളി കുടുംബപ്രേക്ഷകരുടെ അനുക്കുട്ടിയാണ് അനു മോൾ. അയലത്തെ കുട്ടി ഇമേജിൽ, കഴിഞ്ഞ 7 വർഷമായി മിനിസ്ക്രീനില്‍ നിറഞ്ഞു നിൽക്കുകയാണ് ഈ തിരുവനന്തപുരത്തുകാരി പെങ്കൊച്ച്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും ‘സ്റ്റാർ മാജിക്ക്’ എന്ന സൂപ്പർഹിറ്റ് ടെലിവിഷൻ പരിപാടിയാണ് അനുവിനെ താരമാക്കിയത്. ‘നേരേ വാ നേരേ പോ’ സ്റ്റൈലിൽ, ചിരിയഴകായി അനു ‘സ്റ്റാർ മാജിക്കി’ലെ സ്റ്റാറുകൾക്കൊപ്പം കൊണ്ടും കൊടുത്തും നിറഞ്ഞു നിൽക്കുന്നു.

‘‘തിരുവനന്തപുരത്ത് ആര്യനാടാണ് എന്റെ നാട്. അഭിനയ രംഗത്തെത്തിയിട്ട് 7 വർഷം ആകുന്നു. മഴവിൽ മനോരമയിലെ ‘അനിയത്തി’യാണ് ആദ്യ സീരിയൽ. അതിൽ അനു എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെയും പേര്. പ്ലസ് ടൂ കഴിഞ്ഞ സമയത്താണ് ആ അവസരം കിട്ടിയത്. അതിനു ശേഷം ‘സംഗമം’, ‘അമ്മുവിന്റെ അമ്മ’, ‘തട്ടീം മുട്ടീം’ ഉൾപ്പടെ 25 സീരിയലുകളോളം ഇതിനകം അഭിനയിച്ചു. ഇപ്പോൾ ‘പാടാത്ത പൈങ്കിളി’, ‘സത്യ എന്ന പെൺകുട്ടി’, ‘അഭി വെഡ്സ് മഹി’ എന്നിവയിലാണ് അഭിനയിക്കുന്നത്’’.– അനു അനു തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനി’ൽ സംസാരിച്ചു തുടങ്ങിയതിങ്ങനെ.

anu-5

ലൊക്കഷൻ ടു പരീക്ഷ ഹാൾ

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിലാണ് ഞാൻ ഡിഗ്രിക്ക് പഠിച്ചത്. സംസ്കൃതം ആയിരുന്നു മെയിൻ. ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന സമയത്താണ് അഭിനയത്തിലേക്കും വന്നത്. അതോടെ പഠനവും അഭിനയവും ഒന്നിച്ച് കൊണ്ടു പോകേണ്ടി വന്നു. പരീക്ഷകൾക്കൊക്കെ ലൊക്കേഷനിൽ നിന്നാണ് പൊയ്ക്കൊണ്ടിരുന്നത്. അവസാന സെമ്മിൽ മാത്രമാണ് വീട്ടിൽ നിന്നു പോയി പരീക്ഷ എഴുതാൻ സാധിച്ചത്.

ഡിഗ്രി കഴിഞ്ഞപ്പോൾ വീണ്ടും പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും തിരക്ക് കൂടി. രണ്ടും കൂടി ഒന്നിച്ച് കൊണ്ടു പോകാൻ പ്രയാസമായതിനാൽ തൽക്കാലം പഠനത്തിന് ഒരു ബ്രേക്ക് കൊടുത്തു. ഇതിനിടെ ചെറിയ ഫാഷൻ ഡിസൈനിങ് കോഴ്സ് ഒക്കെ ചെയ്തു.

anu-1

തിരിച്ചറിയുമ്പോൾ

‘സ്റ്റാർ മാജിക്കി’ൽ എത്തിയതോടെയാണ് കൂടുതൽ ആളുകൾ തിരിച്ചറിയാന്‍ തുടങ്ങിയതും അനു എന്ന പേര് പ്രേക്ഷകർക്ക് സുപരിചിതമായതും. അതു വരെ സീരിയൽ കാണുന്നവർക്ക് മാത്രമാണ് എന്നെ അറിയുമായിരുന്നത്.

‘സ്റ്റാർ മാജിക്കി’ല്‍ വന്ന ശേഷം എവിടെ പോയാലും ആളുകൾ വന്ന് ‘അനുവല്ലേ...’ എന്നു ചോദിച്ച് പരിചയപ്പെടുകയും വിശേഷങ്ങൾ തിരക്കുകയുമൊക്കെ ചെയ്യും. കഴിഞ്ഞ ദിവസം ഒരു മാളിൽ പോയപ്പോൾ മാസ്ക് വച്ചിട്ടു പോലും എന്റെ ശബ്ദം കേട്ട് പലരും തിരിച്ചറിഞ്ഞ് വന്ന് പരിചയപ്പെട്ടു. അതൊക്കെ വലിയ സന്തോഷമാണ്. വെബ് സീരിസായ ‘ദി പ്രീമിയർ പദ്മിനി’യിൽ വന്നപ്പോഴും നല്ല പ്രതികരണങ്ങൾ കിട്ടി. ‘കല്യാണം’, ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്നീ സിനിമകളും ചെയ്തു.

anu-3

സിനിമാ നടിയാകാൻ പോകുന്ന കൊച്ച്

ഞാൻ ഒരു നാട്ടുമ്പുറത്തുകാരിയാണ്. ‘സ്റ്റാർ മാജിക്കി’ൽ ഞാൻ ആ ശൈലിയിലാണ് സംസാരിക്കുന്നതും ഇടപെടുന്നതും. അതാണ് ആളുകൾക്ക് ഇഷ്ടപ്പെടുന്നതെന്ന് പ്രതികരണങ്ങളിലൂടെ മനസ്സിലായിട്ടുണ്ട്.

കുട്ടിക്കാലം മുതൽ അഭിനയത്തിലേക്ക് വരണം എന്ന കടുത്ത ആഗ്രഹമുണ്ടായിരുന്നു എനിക്ക്. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ വലിയ പിന്തുണയായിരുന്നു. കണ്ണാടിയുടെ മുന്നിലൊക്കെ നിന്ന് അഭിനയിച്ച് നോക്കുന്നത് എന്റെ ശീലമായിരുന്നു. അതു കാണുമ്പോൾ, ‘സിനിമാ നടിയാകാൻ പോകുന്ന കൊച്ചാ...’എന്ന് അച്ഛൻ എപ്പോഴും തമാശ പറയുമായിരുന്നു.

anu-6

എന്റെ ചേച്ചിയുടെ ഭർത്താവ് മഹേഷേട്ടന്റെ സുഹൃത്താണ് ഡബിങ് ആർട്ടിസ്റ്റ് ശങ്കർ ലാൽ. എന്റെ അഭിനയ മോഹം ചേച്ചി വഴി അറിഞ്ഞ ചേട്ടനാണ് ശങ്കർ ചേട്ടനോട് എന്റെ കാര്യം പറഞ്ഞത്. അങ്ങനെയാണ് ‘അനിയത്തി’യിൽ അവസരം ലഭിച്ചത്.

അച്ഛന്റെ പേര് സതീഷ്. അച്ഛന് ബിസിനസ്സാണ്. അമ്മ രമണി. ചേച്ചി അഖില. ചേച്ചിയുടെ മോൻ ദേവ.

anu-2

പ്രണയ കഥ ഓൺസ്ക്രീൻ പരിപാടി

തങ്കച്ചൻ ചേട്ടൻ എന്റെ നാട്ടുകാരനാണ്. നല്ല കൂട്ടാണ്. ഞങ്ങൾ തമ്മിലുള്ള പ്രണയ കഥയൊക്കെ സ്റ്റാർ മാജിക്കിലെ ‘ഓൺസ്ക്രീൻ പരിപാടി’ മാത്രമാണ്. പ്രോഗ്രാമിൽ തമാശയുണ്ടാക്കാൻ വേണ്ടി മാത്രമുള്ള ഒന്ന്.

എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. ‘തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..’ എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. ഒരു വാലന്റൈൻസ് ഡേ എപ്പിസോഡിൽ ഓഡിയൻസിനിടയിൽ ഒരു പയ്യൻ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡിൽ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോൾ, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇൻസ്റ്റഗ്രാം ഞങ്ങൾ പൂട്ടിക്കും...’ എന്നൊക്കെ മെസേജുകൾ വന്നു. മറ്റു ചിലരുടെ ഉപദേശം വേറെയാണ്, ‘നിന്നെക്കാൾ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകൾ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയിൽ ദോഷം ചെയ്യും. കല്യാണം കഴിക്കാൻ ആരും വരില്ല...’ എന്നൊക്കെയാണ് അവരുടെ ആവലാതി. പക്ഷേ, ഞാനിതിനെയൊന്നും ഗൗരവമായി കാണുന്നില്ല. എന്റെ വീട്ടുകാരും ഇതുവരെ അതിനെക്കുറിച്ച് നെഗറ്റീവ് ആയി ഒന്നും സംസാരിച്ചിട്ടില്ല. കുറേപ്പേർ ഞങ്ങളുടെ കെമിസ്ട്രി ഇഷ്ടമാണെന്നും പറഞ്ഞിട്ടുണ്ട്. തങ്കുച്ചേട്ടന് ഞാൻ ഒരു അനിയത്തിയെപ്പോലെയാണ്. തിരിച്ച് എനിക്കും മൂത്ത ചേട്ടനോടുള്ള ബഹുമാനവും സ്വാതന്ത്ര്യവുമാണ്.