വിഷു ഒാർമയിൽ നഷ്ടപ്പെട്ട കൈനീട്ടത്തിന്റെ സങ്കടം കൂടിയുണ്ട്. അതു പക്ഷേ, വിഷുക്കാലത്തു കിട്ടിയതല്ലെങ്കിലും വിഷുക്കൈനീട്ടം എന്നു പറയുമ്പോൾ അതാണ് ഒാർമ വരാറുള്ളത്. മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമാണ് ഞാൻ വിളിച്ചിരുന്നത്.
അഞ്ചിൽ പഠിക്കുമ്പോൾ ഞാനും അമ്മയും കൽപ്പറ്റ ടൗണിൽ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെഒാടി വന്ന് എന്റെ കയ്യിൽ ഒരു നാണയം തന്നു. അതിൽ അൽഫോൻസാമ്മയുടെ ചിത്രമുണ്ടായിരുന്നു. ‘ഇത് നീ സൂക്ഷിക്കണം. 10 വർഷം കഴിഞ്ഞ് മോൾ വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്പോ ഞാൻ പറഞ്ഞത് ഒാർക്കണം. ’ വർഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു. കുറച്ചു വർഷം മുൻപ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്. ’’