മലയാളം മിനി സ്ക്രീൻ രംഗത്ത് ഇനി പുതിയൊരു താരദമ്പതികൾ കൂടി. ‘സാന്ത്വന’ത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അപ്സര രത്നാകരനും സംവിധായകനും എഴുത്തുകാരനുമായ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മൂന്നു വർഷം നീണ്ട സൗഹൃദവും അടുപ്പവും വിവാഹത്തിലേക്കെത്തുകയായിരുന്നു.
‘‘ഒരേ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ നേരത്തേ പരിചയമുണ്ട്. അടുത്തറിയാൻ തുടങ്ങിയിട്ട് 3 വർഷം. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ച ‘ഉള്ളതു പറഞ്ഞാൽ’ എന്ന സീരിയലോടെയാണ് സൗഹൃദം ശക്തമായത്. അതിലെ അഭിനയത്തിന് എനിക്ക് മികച്ച നടിക്കും അദ്ദേഹത്തിന് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്കെത്തിയിരിക്കുന്നത്’’. – അപ്സര വിവാഹ വിശേഷങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറയുന്നു.
‘‘ഒന്നിച്ചു ജീവിച്ചാലോ എന്ന് അദ്ദേഹമാണ് ആദ്യം ചോദിച്ചത്. രണ്ടു പേരുടെയും വീടുകളിൽ സംസാരിച്ചപ്പോൾ എതിർപ്പുകളുണ്ടായി. മതമായിരുന്നു പ്രശ്നം. വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായില്ല. അവരെ പറഞ്ഞു മനസ്സിലാക്കും വരെ കാത്തിരിക്കാമെന്നു കരുതി. അങ്ങനെ ഒരു വർഷം പോയി. ഒടുവിൽ വീട്ടുകാർ പച്ചക്കൊടി കാണിക്കുകയായിരുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം.
എന്റെ കുടുംബത്തിലോ ആൽബിച്ചേട്ടന്റെ കുടുംബത്തിലോ ഇന്റർകാസ്റ്റ് വിവാഹങ്ങളുണ്ടായിരുന്നില്ല. അതിന്റെതായ സംശയങ്ങളും ആകുലതകളുമാണ് ആദ്യമുണ്ടായ എതിർപ്പുകളുടെ കാരണം. അയ്യോ എന്റെ കുഞ്ഞിനെ മതം മാറ്റുമോ എന്നൊക്കെയുള്ള ടെൻഷനായിരുന്നു എന്റെ അമ്മയ്ക്ക്. ചേട്ടന്റെ അമ്മയ്ക്ക് മറ്റൊരു അന്തരീക്ഷത്തിൽ നിന്നു വരുന്ന പെൺകുട്ടി പൊരുത്തപ്പെട്ടു പോകുമോ എന്നായിരുന്നു ആശങ്ക. അവരെയും കുറ്റും പറയാനാകില്ല.
എന്നാൽ കൂടുതൽ അറിഞ്ഞപ്പോൾ അത്തരം സംശയങ്ങളൊക്കെ മാറി. ഇപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലാണ്’’. – അപ്സര പറയുന്നു.

ഒട്ടും വൈകിയിട്ടില്ല
ഇത്രയും വൈകിയാണോ അപ്സര കല്യാണം കഴിക്കുന്നത് എന്ന തരത്തിൽ ചില കമന്റുകളൊക്കെ കണ്ടു. ഒട്ടും വൈകിയിട്ടില്ല. കുറച്ച് നേരത്തേ ആണെന്നതാണ് സത്യം. എനിക്കിപ്പോൾ 24 വയസ്സാണ്.
എന്നെ കുറച്ച് പ്രായം കൂടിയ ആളായാണ് മിക്കവരും പരിഗണിക്കുന്നത്. ഞാൻ ചെയ്ത കഥാപാത്രങ്ങളാണ് അതിന് കാരണം. ‘സാന്ത്വന’ത്തിലും ഞാൻ അവതരിപ്പിക്കുന്നത് ചിപ്പിച്ചേച്ചിയുടെ കഥാപാത്രത്തെക്കാൾ പ്രായമേറിയയാളുടെ വേഷമാണ്. അതു വച്ചാകും ആളുകള്‍ എന്റെ പ്രായവും കണക്കാക്കുന്നത്.

എന്റെ നാട് തിരുവനന്തപുരം നന്ദിയോടാണ്. ചേട്ടൻ തൃശൂർ ആമ്പല്ലൂരുകാരനാണ്. ഞങ്ങൾ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെറ്റിൽ ചെയ്യാനാണ് പ്ലാൻ.
ഞാൻ സീരിയൽ രംഗത്തെത്തിയിട്ട് 8 വർഷമായി. ‘അമ്മ’യായിരുന്നു ആദ്യ വർക്ക്. ഇതിനോടകം 24 സീരിയലുകളുടെ ഭാഗമായി. ‘ഉള്ളതു പറഞ്ഞാൽ’ ആണ് ബ്രേക്ക് തന്നത്. ഇപ്പോൾ ‘സാന്ത്വനം’ വലിയ ജനപ്രീതി നേടിത്തന്നു.