Thursday 09 May 2019 08:59 AM IST : By സ്വന്തം ലേഖകൻ

‘ഇപ്പോഴൊന്നും വിവാഹമില്ല, സംഭവിക്കുമ്പോൾ അറിയിക്കാം’! മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് അർജുൻ കപൂർ

arjun

ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹം ശക്തമായിട്ട് കുറച്ചു കാലമായി. ഇപ്പോഴിതാ, ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അർജുൻ കപൂർ.

ഉടനെയൊന്നും വിവാഹമില്ലെന്നും വിവാഹിതനാകുകയാണെങ്കില്‍ അതിനെക്കുറിച്ചു പറയുമെന്നും അർജുൻ വ്യക്തമാക്കി. ഇപ്പോൾ താൻ ജോലിയുടെ തിരക്കിലാണെന്നും മറ്റുള്ളവർ എന്തു പറയുന്നു എന്നതു തന്റെ വിഷയമല്ലെന്നും താരം വ്യക്തമാക്കി.

‘‘മാധ്യമങ്ങള്‍ പലപ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലര്‍ വളരെ ബഹുമാനത്തോടെ ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ പ്രകോപനമുണ്ടാക്കാനായി ചോദിക്കും. എന്നാല്‍ എന്നെക്കുറിച്ചുള്ള ട്രോളുകളും കമന്റുകളും ഞാൻ ശ്രദ്ധിക്കാറോ, അതേക്കുറിച്ചു ചിന്തിക്കാറോ ഇല്ല. വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നുവെങ്കിൽ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോളങ്ങനെയല്ല’’.– അർജുൻ പറഞ്ഞു.

സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്നു മുൻ ബോളിവുഡ് നായിക മലൈക അറോറ. ഇവർ തമ്മിൽ പിരിഞ്ഞ ശേഷമാണ് മലൈക അർജുനുമായി അടുത്തത്. സൽമാന്റെ സഹോദരി അർപിത ഖാനുമായും അർജുൻ മുൻപ് പ്രണയത്തിലായിരുന്നു. അർബാസ്–മലൈക ദമ്പതികൾക്ക് മക്കളുണ്ട്.