Wednesday 14 October 2020 09:28 AM IST : By സ്വന്തം ലേഖകൻ

മികച്ച വസ്ത്രാലങ്കാരകൻ പെയിന്റിങ് തിരക്കിലാണ്; സിനിമയ്ക്കല്ല, ജീവിക്കാൻ...: വിഡിയോ

ashokan

തനിക്കു മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച വാർത്തയറിയുമ്പോൾ അശോകൻ പറവൂരിലെ പഴയൊരു വീടിനു ചായം പൂശുന്ന തിരക്കിലായിരുന്നു – സിനിമയ്ക്കല്ല, ജീവിക്കാൻ...

മനോജ് കാന സംവിധാനം ചെയ്ത‘കെഞ്ചിര’യിലെ ആദിവാസികളുടെ മങ്ങിയ വസ്ത്രങ്ങൾ തുന്നിയാണ് അശോകൻ സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്.

‘കെഞ്ചിര’യ്ക്കു വേണ്ടി 22 ദിവസത്തെ വസ്ത്രാലങ്കാര ജോലി കഴിഞ്ഞ് 900 രൂപ ദിവസക്കൂലി കിട്ടുന്ന പെയിന്റിങ് ജോലിയിലേക്കാണ് അശോകൻ മടങ്ങിയത്. ‘‘സാമ്പത്തിക ഞെരുക്കം വരുമ്പോൾ ഈ ജോലിയാണ് ആശ്വാസം’’– വീടിന്റെ തറയിൽ ഓക്സൈഡ് പൂശുന്നതിനിടയിൽ നിവർന്നു നോക്കി അശോകൻ ചിരിയോടെ പറഞ്ഞു. സുഹൃത്തിനൊപ്പമാണു പെയിന്റിങ്.

അവാര്‍ഡ് പ്രഖ്യാപനം അശോകന്‍ അറിഞ്ഞില്ലായിരുന്നു. പണിക്ക് പോയപ്പോള്‍ ഫോണ്‍ എടുത്തിട്ടില്ലായിരുന്നു. നിരന്തരം വിളി വന്നപ്പോള്‍ മകന്‍ ഫോണുമായി പണിസ്ഥലത്തേക്ക് എത്തി. ആദ്യം വന്ന കോൾ കെഞ്ചിരയുടെ സംവിധായകൻ മനോജ് കാനയുടേതായിരുന്നു. ഒന്നിനുപുറകെ ഒന്നായി കോളുകൾ പ്രവഹിച്ചപ്പോൾ ജോലി ഇടയ്ക്കിടെ തടസ്സപ്പെട്ടെങ്കിലും ജോലി പൂര്‍ത്തിയായ ശേഷം മാത്രമാണ് അശോകന്‍ വീട്ടിലേക്ക് മടങ്ങിയത്.

25 വർഷം മുൻപ് അസിസ്റ്റന്റായാണ് സിനിമയിൽ അശോകന്റെ തുടക്കം. പതിനേഴാം വയസിലാണ് പറവൂരിലെ നിത ടെയ്്ലറിങ് ഷോപ്പില്‍ നിന്ന് സിനിമയിലേക്കെത്തിയത്. 58 വയസ്സുകാരനായ അശോകൻ ഇതിനോടകം പന്ത്രണ്ടു സിനിമകളില്‍ സ്വതന്ത്ര വസ്ത്രാലങ്കാരം ഒരുക്കി.