രമേശ് നാരായണന്‍ വിവാദത്തിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. രമേശ് നാരായണനെതിരെ ഒരു ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുണ്ടെങ്കിൽ ഇനി അതുണ്ടാകരുതെന്നും ആസിഫ് അഭ്യർഥിച്ചു. രമേശ് നാരായണൻ ഫോണിൽ വിളിച്ചുവെന്നും തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരെയുള്ള വിദ്വേഷത്തിന് വഴിവയ്ക്കരുതെന്നും ആസിഫിന്റെ പ്രതികരണം. കൊച്ചിയിൽ സിനിമ പ്രമോഷനിടെയായിരുന്നു ആസിഫിന്റെ വാക്കുകൾ.
‘മോനേ... എനിക്കൊന്ന് സംസാരിക്കണം എന്ന് ആദ്ദേഹം രാവിലെ സന്ദേശമയച്ചു. തുടർന്ന് ഫോണിൽ സംസാരിക്കുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. നിരവധി മാനസിക പിരിമുറക്കുങ്ങളുടെ നടുവിലായിരുന്നു അദ്ദേഹം. ആ നിമിഷത്തിൽ അദ്ദേഹത്തിന് ഉണ്ടായ തെറ്റിദ്ധാരണയാണത്. അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന വേദന തനിക്ക് മനസിലാകും. അഭിപ്രായം വൈകിയത് പ്രതിരണത്തിൽ സൂക്ഷ്മത പുലർത്താനായിരുന്നു’– ആസിഫ് അലിയുടെ വാക്കുകൾ.
എല്ലാ മനുഷ്യനുമുണ്ടാകുന്ന ടെൻഷൻ അദ്ദേഹത്തിനുമുണ്ടായി. സങ്കടവും ദേഷ്യവും ഉണ്ടാകുന്ന വ്യക്തി തന്നെയാണ് ഞാനും. എനിക്ക് അതിന്റെ പേരില്‍ യാതൊരു ടെൻഷനും ഉണ്ടായിട്ടില്ല. മതപരമായി പോലും വിഷയത്തെ പലരും സമീപിച്ചു. അദ്ദേഹം എന്നോട് മാപ്പ് പറയുന്ന ഘട്ടത്തിൽ വരെ എത്തി. അദ്ദേഹത്തിനെതിരെ ഇനിയൊരു ഹേറ്റ് ക്യാമ്പയിൻ ഉണ്ടാകരുത്.– ആസിഫ് പറയുന്നു.