Wednesday 24 January 2024 02:20 PM IST : By സ്വന്തം ലേഖകൻ

‘ഭാഗ്യയുടെ വിവാഹത്തിലെ മഹനീയ സാന്നിധ്യം; ഈ അച്ഛനെ ഓർമ്മയുണ്ടോ?’: കുറിപ്പുമായി ടിനി ടോം

tiny-vandana

നടന്‍ ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. രോഗിയുടെ കുത്തേറ്റ് മരണപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ അച്ഛൻ കെ.ജി. മോഹന്‍ദാസിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ടിനി ടോം വന്ദനയുടെ അച്ഛനെ പരിചയപ്പെടുന്നത്. വിവാഹത്തിനെത്തിയ ആരും വന്ദനയുടെ അച്ഛനെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്നവിടെ എത്തിയവരിൽ മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് വന്ദനയുടെ അച്ഛൻ ആയിരുന്നുവെന്നും ടിനി ടോം കുറിപ്പില്‍ പറയുന്നു.

‘‘ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുൻപ്  നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടർ വന്ദന ദാസ്.  ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്. 

ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛൻ മകളുടെ കല്യാണം നടത്തുന്നത്‌ കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ.  ഞാൻ വിലാസം മേടിച്ചു, ഇപ്പോ വീട്ടില്‍ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറ–കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില്‍ വരുക. ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്.’’’–  ടിനി ടോം കുറിച്ചു.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.  കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. 2023 മേയ് 10നു പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ലഹരിക്കടിമയായ രോഗിയുടെ ആക്രമണത്താൽ വന്ദന ദാസ് കൊല്ലപ്പെട്ടത്.

Tags:
  • Movies