സഹോദരനും നടനുമായ നകുലിനെ കുറിച്ച് വാചാലയായി നടി ദേവയാനി. ഒരു ഫിലിം പ്രമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് അനുജനുമായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് ദേവയാനി പറഞ്ഞത്. നകുലിന്റെ ചേച്ചിയല്ല താനെന്നും, അമ്മയാണെന്നും അവന്റെയൊപ്പമുള്ളതിൽ അമ്മയുടെ ആത്മാവ് ഏറെ സന്തോഷിക്കുന്നുണ്ടാകുമെന്നും ദേവയാനി പറയുന്നു. 2003 ൽ ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് നകുൽ അഭിനയരംഗത്തെത്തുന്നത്.
"എനിക്കു പറയാൻ വാക്കുകളില്ല. ഒരുപാടു സന്തോഷം. നകുല്‍ എനിക്ക് വലിയ അഭിമാനമാണ്. എന്റെ ചിന്നതമ്പി. മനോഹരമായ ബന്ധമാണ് ഞങ്ങളുടേത്. നകുൽ ബഹുമുഖപ്രതിഭയാണ്. ഞാൻ അവന്റെ വലിയ ആരാധികയാണ്. ബോയ്സ് എന്ന പടത്തിൽ നിന്ന് കാതലിൽ വിഴുന്തേൻ എന്ന സിനിമ എത്തുമ്പോൾ നകുലിന് സംഭവിച്ച മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. ഗംഭീര നടനാണ് നകുൽ! ഒരു സിനിമയെ തോളിലേറ്റാൻ കഴിവുള്ള നടൻ. നല്ല തിരക്കഥ വേണം. നല്ല സംവിധായകൻ വേണം. ഒരു നല്ല കഥാപാത്രത്തിനായി, നല്ലൊരു തിരക്കഥയ്ക്കായി അവൻ കാത്തിരിക്കുകയാണ്.
എല്ലാവർക്കും ഒരു സമയം വരുമെന്ന് പറയാറുണ്ട്. അവൻ അങ്ങനെയൊരു നേരത്തിനായി കാത്തിരിക്കുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ സമയം അവന് തീർച്ചയായും സംഭവിക്കണം. എന്റെ അനിയനായതുകൊണ്ട് പറയുന്നതല്ല. അവൻ ഊർജ്ജ്വസ്വലനായ ഒരു നടനാണ്. അവനു പാടാൻ കഴിയും. നൃത്തം ചെയ്യും. സംഗീതം ചെയ്യും. ഒരു സെറ്റു മുഴുവൻ ലൈവ് ആയി നിര്‍ത്താൻ അവനു കഴിയും.
ഇൻഡസ്ട്രിയിലെ അപൂർവ കോംബോയാണ് ചേച്ചി- അനിയൻ കൂട്ടുകെട്ട്. ചേച്ചി ഒരു അഭിനേത്രി, അനിയൻ ഒരു ഹീറോ! അതുകൊണ്ട്, എനിക്കേറെ അഭിമാനമുള്ള കാര്യമാണിത്. ഈ മുഹൂർത്തത്തിൽ എന്റെ അപ്പയും അമ്മയും ഏറെ സന്തോഷിക്കും. അവർ ഇപ്പോൾ ഞങ്ങൾക്കൊപ്പം ഇല്ല. എങ്കിലും അവരുടെ ആത്മാവ് ഇതു കാണുമ്പോൾ തീർച്ചയായും ഒരുപാടു സന്തോഷിക്കും. ഞാൻ അവന്റെ കൂടെയുണ്ടല്ലോ എന്നോർത്ത് അമ്മ സന്തോഷിക്കും. അതുപോലെ അപ്പയും. കാരണം, അതുപോലെ അവർ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. അവർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. നകുലിന് എല്ലാ ആശംസകളും. ഒരുപാടു നല്ല സിനിമകൾ ഇനിയും ചെയ്യണം.
നകുലിന്റെ ഒരു സിനിമയുടെ ചടങ്ങിന് ഞാനാദ്യമായിട്ടാണ് വരുന്നത്. ഞാൻ അവന്റെ ചേച്ചിയല്ല, ശരിക്കും അമ്മയാണ്. നകുലിന്റെ കൂടെ അങ്ങനെ കളിക്കാനൊന്നും ഞാനുണ്ടായിട്ടില്ല. ചേച്ചി- അനിയൻ ബന്ധങ്ങളിലെപ്പോലെ പങ്കുവയ്ക്കലുകൾ സംഭവിച്ചിട്ടില്ല. അവൻ വളരുന്ന സമയത്താണ് ഞാൻ സിനിമയിലാണ്. അവനൊപ്പമുള്ള ഒരുപാടു സുന്ദര നിമിഷങ്ങൾ എനിക്ക് മിസ്സ് ആയി. ആ ബന്ധവും എനിക്ക് ഒരുപാടു മിസ്സ് ആയി. അവന് തീർച്ചയായും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഈ പടം വലിയ വിജയം ആകണം."- ദേവയാനി പറഞ്ഞു.