Thursday 15 July 2021 10:48 AM IST : By സ്വന്തം ലേഖകൻ

‘ബ്രോ ഡാഡി’ക്ക് ഹൈദരാബാദിൽ തുടക്കം! പൃഥ്വിയുടെ ലൊക്കേഷൻ ചിത്രം വൈറൽ

brodaddy

‘എമ്പുരാൻ’ കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം. ഇരുവരും ഒന്നിച്ച, ചരിത്ര വിജയമായ ‘ലൂസിഫർ’ന്റെ രണ്ടാം ഭാഗം. എന്നാൽ, ‘എമ്പുരാൻ’ എന്നാണ് ചിത്രീകരണം തുടങ്ങുക എന്ന ആകാംക്ഷയുടെ തുമ്പിൽ നിന്ന ആരാധകർക്ക്, അടുത്തിടെ പൃഥ്വിയും ലാലേട്ടനും ചേർന്ന് ഒരു അപ്രതീക്ഷിത സമ്മാനം നൽകി – ‘ബ്രോ ഡാഡി’.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ആരംഭിച്ചിരിക്കുന്നു. ലൊക്കേഷനിൽ നിന്നുള്ള പൃഥ്വിരാജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

നേരത്തെ, കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി ലഭിക്കാത്തതതിനാൽ ചിത്രത്തിന്റെ ലൊക്കേഷൻ ഹൈദരാബാദിലേക്ക് മാറ്റിയത് വാർത്തയായിരുന്നു.

‘ലൂസിഫർ’ ഒരു മാസ് ത്രില്ലറായിരുന്നുവെങ്കിൽ ‘ബ്രോ ഡാഡി’ ഒരു ഫൺ ഫാമിലി ചിത്രമാണ്. ഏറെ ചിരിക്കാനും ആനന്ദിക്കാനുമുള്ളത്.

കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിങ്ങനെ വൻ താരനിര ഒന്നിക്കുന്ന ചിത്രത്തിൽ പൃഥ്വിയും ഒരു സുപ്രധാന വേഷത്തിൽ എത്തും. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്. മലയാള സിനിമയിലെ പ്രമുഖ പോസ്റ്റർ ഡിസൈനേഴ്സ് ആയ ‘ഓൾഡ് മങ്ക്’ലെ ശ്രീജിത്തും ബിബിനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.