Wednesday 18 November 2020 11:13 AM IST

മഞ്ജു ചേച്ചിക്ക് ‘ഹൗ ഓൾഡ് ആർ യു’ എങ്ങനെയോ, അതാണ് എനിക്ക് ‘സുജാത’ എന്നു മനസ്സിലായി! 11 വർഷത്തെ ഇടവേള അവസാനിപ്പിച്ച് ചന്ദ്രാ ലക്ഷ്മൺ

V.G. Nakul

Sub- Editor

c1

മലയാളം ടെലിവിഷൻ ചരിത്രത്തിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നായ ‘സ്വന്ത’ത്തിലെ, സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രം മാത്രം മതി ചന്ദ്രാ ലക്ഷ്മൺ എന്ന അഭിനേത്രിയെ ഓർക്കാൻ. അത്രത്തോളം ആ കഥാപാത്രവും അഭിനയ മികവിലൂടെ ചന്ദ്രയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

ചന്ദ്രയുടെ ആദ്യ പരമ്പരയായിരുന്നു ‘സ്വന്തം’. ഇപ്പോഴിതാ നീണ്ട പതിനൊന്നു വർഷത്തെ ഇടവേള അവസാനിപ്പിച്ച് മലയാളത്തിന്റെ ഈ പ്രിയ താരം വീണ്ടും മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നു. അതും മറ്റൊരു ‘സ്വന്ത’ത്തിലൂടെ – ‘സ്വന്തം സുജാത’. ഇതിനോടകം സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞ ‘സ്വന്തം സുജാത’യിൽ സുജാത എന്ന ടൈറ്റിൽ കഥാപാത്രമാണ് ചന്ദ്ര ലക്ഷ്മണ്.

‘‘നല്ല കഥയോ കഥാപാത്രമോ വന്നില്ല എന്നതാണ് ഈ നീണ്ട ഇടവേളയ്ക്ക് കാരണം. 11 വർഷത്തിനു ശേഷമാണ് ഞാൻ മലയാളത്തിൽ വീണ്ടും ഒരു സീരിയലിൽ അഭിനയിക്കുന്നത്. കഴിഞ്ഞ 3 വർഷത്തോളം പൂർണമായും അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒന്നും ഈ കാലത്ത് അഭിനയിച്ചിരുന്നില്ല. കുറേക്കാലമായി ഈ രംഗത്ത് നിൽക്കുകയല്ലേ, മറ്റെന്തെങ്കിലും കൂടി ശ്രമിക്കാം എന്നു കരുതി. ബിസിനസ്സിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു’’. – തിരിച്ചു വരവിനെക്കുറിച്ച് സാന്ദ്ര ‘വനിത ഓൺലൈനോ’ട് മനസ്സ് തുറക്കുന്നു.

തിരിച്ചു വരവ്

കഴിഞ്ഞ വർഷമാണ് ഒരു തിരിച്ചു വരവിനെക്കുറിച്ച് വീണ്ടും ആലോചിച്ചത്. അപ്പോഴും മലയാളം മനസ്സിലുണ്ടായിരുന്നില്ല. ചെന്നൈയിൽ ആയതിനാൽ തമിഴോ, തെലുങ്കോ ആണ്‌ പരിഗണിച്ചത്. അങ്ങനെയിരിക്കെ മലയാളത്തിൽ നിന്ന് ഒരു സിനിമ വന്നു – ‘ഗോസ്റ്റ് റൈറ്റർ’. അത് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, കോവിഡിന്റെ പ്രശ്നങ്ങൾ വന്നതോടെ ഷൂട്ടിങ് പൂർത്തിയായില്ല. അതിനിടെ തമിഴിലും ഒന്നു രണ്ട് തിരക്കഥകൾ കേട്ടിരുന്നു. അതിനു ശേഷമാണ് ‘സ്വന്തം സുജാത’യിലേക്ക് വിളിച്ചത്.

c4

ഇതാണ് നല്ലെതെന്ന് തോന്നി

എങ്ങനെ അവർക്ക് എന്നെ ഓർമ വന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സുജാത എന്ന കഥാപാത്രം വന്നപ്പോൾ ആദ്യം തന്നെ എന്നെ ഉറപ്പിച്ചിരുന്നു എന്നാണ് പിന്നീട് അറിഞ്ഞത്. കഥ കേട്ടപ്പോൾ എനിക്കും ഇഷ്ടമായി. സംഗീത മോഹനാണ് തിരക്കഥ എഴുതുന്നത്.

ഇതിനെക്കാൾ വലിയ ഒരു തിരിച്ചുവരവ് കിട്ടാനില്ല എന്ന് സംഗീതച്ചേച്ചി കഥ പറയുമ്പോൾ എനിക്കു തോന്നി. മഞ്ജു ചേച്ചിക്ക് ‘ഹൗ ഓൾഡ് ആർ യു’ എങ്ങനെ ഒരു വൻ തിരിച്ചു വരവായി വന്നോ, അതേ പോലെയാണ് എനിക്ക് ഈ കഥ എന്ന് മനസ്സിലായി.

ആദ്യമായി

സുജാത ഒരു സാധാരണ വീട്ടമ്മയാണ്. ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുബം. പക്ഷേ, വീട്ടമ്മയെന്ന നിലയില്‍ ഒതുങ്ങിക്കൂടുന്നവരിൽ നിന്ന് അവൾ വ്യത്യസ്തയാണ്. അതാണ് കഥ. ആദ്യമായാണ് ഞാൻ മലയാളത്തിൽ ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിന്റെ പുതുമയാണ് മറ്റൊന്ന്. ഇതുവരെ മോഡേൺ ലുക്കിലുള്ള കഥാപാത്രങ്ങളെയാണല്ലോ കൂടുതലും അവതരിപ്പിച്ചിരുന്നത്.

ഇപ്പോൾ ഷൂട്ടിനായി ചെന്നൈയിൽ നിന്ന് എറണാകുളത്ത് വന്ന് പോകുകയാണ്. തൽക്കാലം കേരളത്തിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരങ്ങൾ കൂടിയാല്‍ ആലോചിക്കാം. എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് കൊച്ചി.

c3

മ്യൂറൽ ഓറ

എട്ടു കൊല്ലത്തോളമായി ഞാനും അച്ഛനും അമ്മയും ചേർന്ന് ഒരു ഓൺലൈൻ ആർട്ട് ബേസ് ബിസിനസ് നടത്തുന്നു. ‘മ്യൂറൽ ഓറ’ എന്നാണ് പേര്. മ്യൂറൽ പെയിന്റിങ്ങുകൾ ചെയ്തു കൊടുക്കുകയാണ്. ചൈന്നൈ ആണ് ബേസ്. രണ്ടു വർഷത്തോളം ബുട്ടീക് നടത്തിയിരുന്നു.

ഞാൻ ഒറ്റമോൾ

അമ്മയുടെ നാട് തിരുവനന്തപുരത്തും അച്ഛന്റെ നാട് കോഴിക്കോടുമാണ്. ഞങ്ങളുടെത് തമിഴ് അയ്യർ കുടുംബമാണ്. ഞാന്‍ മൂന്നാം ക്ലാസ് വരെ പഠിച്ചത് കൊച്ചിയിലാണ്. പീന്നീട് അച്ഛന്റെയും അമ്മയുടെയും ജോലിയുടെ ഭാഗമായി ചെന്നൈയിൽ എത്തി. പിന്നീട് പഠിച്ചതും വളർന്നതും ഇപ്പോഴും താമസിക്കുന്നതും അവിടെയാണ്. അവധിക്ക് തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു. അച്ഛന്‍ ലക്ഷ്മൺ കുമാർ ഹിന്ദുസ്ഥാൻ ലീവറിലായിരുന്നു. അമ്മ മാലതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും. ഞാൻ ഒറ്റമകളാണ്.

തുടക്കം തമിഴിൽ

ഹോട്ടൽ മാനേജ്മെന്റാണ് പഠിച്ചത്. പഠിക്കുന്ന കാലത്ത് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ ക്രൗണ്‍ പ്ലാസയിൽ ഫ്രണ്ട് ഓഫിസിൽ നിൽക്കുമ്പോഴാണ് സിനിമയിൽ ആദ്യം അവസരം ലഭിച്ചത്. അന്ന് ബോയ് കട്ട് ചെയ്ത രൂപമായിരുന്നു എന്റെത്. പിന്നീട് മറ്റൊരു സിനിമയിലും ചാൻസ് കിട്ടി. പക്ഷേ എന്റെ ആദ്യ സിനിമ ‘മനസെല്ലാം’ ആണ്. അത് കഴിഞ്ഞാണ് ‘സ്റ്റോപ്പ് വയലൻസിന്റെ’ ഓഡിഷന് വിളിച്ചത്. അത് ഓക്കെയായി. മലയാളത്തിൽ ആറും തമിഴിൽ രണ്ടും സിനിമകൾ ചെയ്തു.

c2

സാന്ദ്രാ നെല്ലിക്കാടൻ

2002 അവസാനമാണ് ‘സ്വന്ത’ത്തിൽ അഭിനയിച്ചത്. അതിലെ സാന്ദ്രാ നെല്ലിക്കാടൻ വലിയ ഹിറ്റായി. എന്നെ അക്കാലത്ത് പലരും സാന്ദ്ര എന്നും സാന്ദ്രാ ലക്ഷ്മൺ എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ‘മേഘം’, ‘സ്ത്രീ’, ‘മഴയറിയാതെ’ തുടങ്ങി 15 ൽ അധികം സീരിയലുകൾ ചെയ്തു.

സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിൽ ചന്ദ്ര തിളങ്ങി. ‘സ്റ്റോപ്പ് വയലൻസി’ലെ ആഞ്ജലീനയും ‘ചക്ര’ത്തിലെ മാധുരിയും ചന്ദ്രയുടെ പ്രതിഭ അയാളപ്പെടുത്തുന്ന നായികാ കഥാപാത്രങ്ങളായി. ‘കാക്കി’ ഉൾപ്പടെ മൂന്നു ചിത്രങ്ങളില്‍ പൃഥ്വിരാജ് ആയിരുന്നു ചന്ദ്രയുടെ നായകൻ. മലയാളത്തിലും തമിഴിലുമുൾപ്പടെ, സീരിയൽ രംഗത്തും നിരവധി ഹിറ്റുകളിലൂടെ സാന്ദ്ര തന്റെ ഇടമുറപ്പിച്ചത് വളരെപ്പെട്ടെന്നായിരുന്നു.