Thursday 02 December 2021 03:56 PM IST

‘എല്ലാം തുടങ്ങിയത് എന്റെ മക്കളുടെ സന്തോഷത്തിന്, മറ്റൊന്നും ഞാൻ ശ്രദ്ധിച്ചില്ല’: ദാസേട്ടൻ കോഴിക്കോട് പറയുന്നു

V.G. Nakul

Sub- Editor

dasettan-1

കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിക്കണം, അതാണ് മാസ്.

ദാസേട്ടൻ കോഴിക്കോടിന്റെ രീതി അതാണ്. ട്രോളുകളോടും പരിഹാസങ്ങളോടും ‘പല്ലിനു പല്ല് കണ്ണിനു കണ്ണ്’ എന്നതല്ല ദാസേട്ടന്റെ ശൈലി. എല്ലാം ഒരു ചെറു ചിരിയോടെ നേരിട്ട്, കൃത്യസമയമെത്തിയപ്പോൾ ദാസേട്ടന്‍ ട്രാക്ക് മാറ്റി. ആ മാറ്റം ഒരൊന്നൊന്നര മാറ്റമായിരുന്നു. അത്ര കാലം കണ്ട കോമഡികളായിരുന്നില്ല പിന്നീട് കണ്ടത് – കലിപ്പിലേക്കുള്ള പരകായ പ്രവേശം! ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ റീൽസ് ആരാധകർ ഒന്നടങ്കം പറയുന്നു: ദാസേട്ടൻ മാസല്ല...കൊലമാസാണ് !!!!

ആരാണ് ശരിക്കും ദാസേട്ടൻ കൊഴിക്കോട്...ഈ കാണുന്നതും കാണിക്കുന്നതുമല്ല അദ്ദേഹമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. കോമഡിയിൽ തുടങ്ങി ട്രാക്ക് മാറ്റി ലൂസിഫറായും വരാൽ ജെയ്സണായും ബിഗ് ബിയായും ഇപ്പോഴിതാ കുറുപ്പായുമൊക്കെ വൻ മേക്കോവറിലേക്ക് ദാസേട്ടനെത്തിയത് പെട്ടെന്നുണ്ടായ ഒരു വെളിപാടിലൂടെയല്ല. കടന്നു പോയ അനുഭവങ്ങളിലൂടെയാണ് ദാസേട്ടന്റെ ട്രാൻസ്ഫർമേഷൻ. അക്കഥ ദാസേട്ടൻ ‘വനിത ഓൺലൈനിലൂടെ’ പറയുന്നു.

dasettan-2
ചിത്രങ്ങൾ – ശ്യാം ബാബു.

‘‘എന്റെ യഥാർഥ പേര് ഷൺമുഖ ദാസ്. സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ പ്രായഭേദമന്യേ എന്നെ ദാസേട്ടന്‍ എന്നാണ് വിളിക്കുക. ഷൺമുഖ ദാസ് എന്ന പേര് നീണ്ടതായതിനാൽ, സോഷ്യൽ മീഡിയയിലേക്ക് വന്നപ്പോൾ ദാസേട്ടൻ എന്ന് ഉപയോഗിക്കുകയായിരുന്നു. ഒപ്പം നാടിന്റെ പേര് കൂടി ചേർത്ത് ദാസേട്ടൻ കൊഴിക്കോടായി’’. – ദാസേട്ടൻ പറയുന്നു.

‘‘കെ.എസ്.ഇ.ബിയിൽ സൂപ്രണ്ടാണ് ഞാൻ. ടിക് ടോക്കിലേക്ക് വരാനുള്ള കാരണം എന്റെ മോളാണ്. രണ്ട് ആൺകുട്ടികൾക്ക് ശേഷം മകൾ ജനിച്ചപ്പോൾ മക്കളെയും ഭാര്യയെയും സന്തോഷിപ്പിക്കാൻ തമാശ കാട്ടിത്തുടങ്ങിയതാണ്. ഇത് മറ്റാരെങ്കിലും കാണുമെന്നോ ശ്രദ്ധിക്കുമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. എന്റെ കുഞ്ഞുങ്ങളുടെ സന്തോഷമായിരുന്നു എനിക്കു വലുത്. അതിനപ്പുറം മറ്റൊന്നും ശ്രദ്ധിച്ചില്ല. വിമർശനങ്ങളോ പരിഹാസങ്ങളോ ബാധിച്ചില്ല.

സ്കൂളിലും കോളജിലുമൊക്കെ പഠിക്കുന്ന കാലത്ത് നാടകങ്ങളിലും കലാമത്സരങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. പഠനം കഴിഞ്ഞ് ജോലി കിട്ടിയതോടെ ഒക്കെ നിന്നു. മനസ്സിലുണ്ടെങ്കിലും അവസരങ്ങൾ കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് ടിക് ടോക് പ്രചാരത്തിലായതും അപ്രതീക്ഷിതമായി മോൾ ജനിച്ചതുമൊക്കെ. അതോടെ ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങി.

dasettan-3
ചിത്രങ്ങൾ – ശ്യാം ബാബു.

ജോലി കഴിഞ്ഞ് ഞാൻ എങ്ങും തങ്ങില്ല. നേരെ വീട്ടിലേക്ക് വരും. ബാക്കി സമയം അവർക്കൊപ്പമാണ്. അങ്ങനെ മക്കളെയും ഭാര്യയെയും സന്തോഷിപ്പിക്കാനാണ് ടിക് ടോക്കില്‍ ഫൺ വിഡിയോസ് അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയത്. അവയൊക്കെ ഞാൻ പോലുമറിയാതെ പതിയെപ്പതിയെ വൈറലാകാൻ തുടങ്ങി. കമന്റുകളും തെറിവിളികളുമൊക്കെ വന്നു തുടങ്ങിയതോടെയാണ് ഞാനത് തിരിച്ചറിഞ്ഞത്’’.– ദാസേട്ടൻ പറയുന്നു.

എടാ എന്നു വിളിച്ചാൽ പോടാ എന്നു വിളിക്കില്ല

തുടക്കത്തിൽ വളരെ രൂക്ഷമായ കമന്റുകളാണ് വിഡിയോകൾക്ക് കിട്ടിക്കൊണ്ടിരുന്നത്. ‘തനിക്കു വേറെ പണിയില്ലേടോ, മറ്റെന്തെങ്കിലും പണിക്കു പോടോ...’ എന്നു തുടങ്ങി തെറികൾ വരെ വിളിച്ചവരുണ്ട്. നെഗറ്റീവ് കമന്റുകളുടെ ഒഴുക്കായിരുന്നു. അതിനോടൊക്കെ പ്രതികരിക്കാന്‍ പോയിരുന്നെങ്കിൽ ഞാനിവിടെ എത്തില്ല. എടാ എന്നു വിളിച്ചാൽ പോടാ എന്നു വിളിക്കുന്നതല്ല എന്റെ ശൈലി.

dasettan-5
ചിത്രങ്ങൾ – ശ്യാം ബാബു.

ട്രാക്ക് മാറ്റിയപ്പോൾ

ടിക് ടോക്ക് പോയി റീൽസ് വന്നപ്പോഴാണ് ട്രാക്ക് മാറ്റിയത്. ടിക് ടോക്ക് ഉള്ളപ്പോഴേ ഞാൻ ഫൺ ഡാൻസ് വിഡിയോസിനൊപ്പം ഓൺ വോയ്സ് പരീക്ഷിക്കുന്നുണ്ടായിരുന്നു. അതിനു നല്ല ശ്രദ്ധ കിട്ടി. കുറേപ്പേർ അതു കേട്ടിട്ട് മോട്ടിവേഷൻ ടോക്കിനു വേണ്ടി വിളിക്കാൻ തുടങ്ങി. അങ്ങനെയാണ് റീൽസിൽ ‘പൊളിക്കുക പൊളിക്കുക പൊളിച്ചടുക്കുക’ എന്ന ഡയലോഗ് പറഞ്ഞത്. അത് ഹിറ്റായി. അതേത്തുടർന്നാണ് കലിപ്പൻ വിഡിയോസ് ചെയ്യണമെന്ന് എന്റെ കുറച്ച് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതും ഞാൻ ശൈലിയൊന്നു മാറ്റിയതും. അവയെല്ലാം ഹിറ്റായി. അതിനിടെ ഫണ്‍ വിഡിയോസും ചെയ്യാറുണ്ട്.

dasettan-4
ചിത്രങ്ങൾ – ശ്യാം ബാബു.

പിന്തുണ

വൈഫും കുഞ്ഞുങ്ങളും സഹപ്രവർത്തകരും നാട്ടുകാരുമൊക്കെ ഫുൾ സപ്പോർട്ടാണ്. കളിയാക്കിയവരൊക്കെ അഭിനന്ദിക്കുമ്പോൾ വലിയ സന്തോഷം. ‘ദാസേട്ടൻ ഒത്തിരി മാറി...ഇതാണ് ഞങ്ങൾക്ക് ആവശ്യം...’ എന്നാണ് അവർ പറയുന്നത്. ഇപ്പോൾ ‘ഇടയ്ക്കൊരു ഡാൻസൊക്കെ ചെയ്യണം ദാസേട്ടാ...’ എന്നും അവർ പറയുന്നുണ്ട്.

ആദ്യം നാട്ടുകാർക്കൊക്കെ ‘ഇയാളെന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നേന്നേ...’ എന്നൊരു തോന്നലായിരുന്നു. ഇപ്പോൾ മാറി. എന്റേത് തുറന്ന മനസ്സാണ്. നേരേ വാ നേരേ പോ രീതി.

ഇപ്പോൾ രണ്ട് ഒ.ടി.ടി റിലീസുകളില്‍ അഭിനയിച്ചു. മറ്റു ചില അവസരങ്ങളുമുണ്ട്.

ഭാര്യ – ദിവ്യ ടീച്ചറാണ്. മൂത്ത മകൻ അഭിഷേക് ദാസ് എട്ടാം ക്ലാസിലും അനൂജ് മൂന്നാം ക്ലാസിലും പഠിക്കുന്നു. മകൾ അമേയ ദാസിന് മൂന്നു വയസ്സ്. മോൾ വന്ന ശേഷമാണ് എന്റെ ലൈഫ് മാറിയത്.