ADVERTISEMENT

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകവും പ്രേക്ഷകരും. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. 63 വയസ്സായിരുന്നു.

ഏറ്റുമാനൂർ ചെറുവാണ്ടൂരിലെ വീട്ടിൽ വച്ച്, കുളിമുറിയിൽ തളർന്നു വീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളടക്കം അറുപത്തഞ്ചോളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20 ന് എം.എൻ.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ്, ഏറ്റുമാനൂർ സർക്കാർ ഹൈ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു ബിരുദ പഠനവും പൂർത്തിയാക്കി. ഫാർമസിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ADVERTISEMENT

ചലച്ചിത്ര പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു. ജേസിയുടെ ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി 1985 ലാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.

നിറക്കൂട്ടിന്റെ മാന്ത്രിക വിജയം ഡെന്നിസിന് വലിയ താരമൂല്യം നൽകി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ കഥാപാത്രങ്ങൾ ഡെന്നിസിന്റെ തൂലികയിൽനിന്നു വാർന്നു വീണു. നിറക്കൂട്ടിലെ രവിവർമയും ന്യൂഡൽഹിയിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി.

ADVERTISEMENT

മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകൻ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്.

കോട്ടയം കുഞ്ഞച്ചൻ. സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകളും ഡെന്നിസിന്റെ പേരിലുണ്ട്. മനു അങ്കിളും അഥർവവും അടക്കം അഞ്ചു സിനിമകൾ സംവിധാനം ചെയ്തു. നിറക്കൂട്ടുകളില്ലാതെ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്.

ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്.

 

ADVERTISEMENT