മലയാളിയുടെ കൺമുന്നിൽ വളർന്ന കുട്ടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി. താരപുത്രിയുടെ ഓരോ വിശേഷങ്ങളും ഏറെ ഇഷ്ടത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദിലീപിനും കുഞ്ഞനിയത്തി മഹാലക്ഷ്മിക്കുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മകളെ കുറിച്ച് ഹൃദയംതൊട്ട് ദിലീപ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നചത്. മിർച്ചി മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മകൾ എന്നതിനൊപ്പം മീനാക്ഷിയുടെ നല്ലൊരു സുഹൃത്തു കൂടിയാണ് താനെന്ന് ദിലീപ്. പറയുന്നു. കാര്യഗൗരവത്തോടു കൂടി ഓരോ ജീവിതപ്രതിസന്ധിയേയും മീനാക്ഷി നേരിട്ടിട്ടുണ്ട്. അവൾക്ക് എന്തു ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിന് പിന്തുണ കൊടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ദിലീപ് പറയുന്നു.
അതേസമയം പഠനകാലത്ത് മകൾ നേരിട്ട ട്രോമയെക്കുറിച്ചും ദിലീപ് മനസുതുറന്നുപ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയതെന്നും ദിലീപ് പറയുന്നു. ആ സമയത്തും എൻട്രൻസിനു പഠിച്ച് നല്ല നിലയിൽ പാസായി മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയ മകളെ ഓർക്കുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും ദിലീപിന്റെ വാക്കുകൾ.
താരങ്ങളുടെ വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനാണ് എല്ലാവർക്കും താൽപര്യം. അതുകൊണ്ട് താരങ്ങളുടെ മക്കളും എപ്പോഴും വിമർശിക്കപ്പെട്ടുകൊണ്ടിരിക്കും. ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ അവർ ഇങ്ങനെ പറയുന്നത്’ എന്ന് മീനാക്ഷി ചോദിക്കാറുണ്ടെന്നും താൻ തന്നെ ദിവസവും എന്തൊക്കെ കേൾക്കുന്നു മകൾ അതൊന്നും ശ്രദ്ധിക്കേണ്ട, നമ്മുടെ കാര്യം നോക്കി ജീവിച്ചാൽ മതിയെന്ന് പറയുമെന്നും ദിലീപ് പറയുന്നു.
‘‘എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. അവളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. നീ എന്താണ് ആഗ്രഹിക്കുന്നത്, അതിനു ഞാൻ പിന്തുണ നൽകും എന്നാണ് അവളോട് ഞാൻ പറയുന്നത്. പഠിച്ച് ഡിഗ്രി എടുത്തുകഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുക എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. രണ്ടു മക്കളിൽ ഒരാൾ സൈലന്റും മറ്റെയാൾ കുറച്ചു വൈലന്റുമാണ്.
എന്റെ മക്കൾ സെലിബ്രിറ്റി കിഡ്സാണ്. എന്റെ മക്കൾ മാത്രമല്ല, എല്ലാ അഭിനേതാക്കളുടെയും മക്കൾ അങ്ങനെയാണ്. നമ്മൾ അങ്ങനെ പറഞ്ഞില്ലെങ്കിലും പ്രേക്ഷകർ അവരെ അങ്ങനെയാണ് കാണുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്നവവർ അവരുടെ കുടുംബത്തെയും ഏറ്റെടുക്കുകയാണ്. സെലിബ്രിറ്റികളുടെ കുടുംബത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും എന്നും ആകാംക്ഷയാണ്. ചിലപ്പോഴൊക്കെ ചില വാർത്തകൾ കാണുമ്പോൾ ‘എന്താണ് അച്ഛാ ഇവർ ഇങ്ങനെയൊക്കെ പറയുന്നത്’ എന്നു മീനാക്ഷി ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും ‘അതൊക്കെ അങ്ങനെ നടക്കും ഞാൻ എന്തെല്ലാം കേൾക്കുന്നുണ്ട്. നമ്മൾ അതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്ന്.
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായത്. ക്രാഷ് കോഴ്സ് എടുത്താണ് എൻട്രൻസിനു പഠിച്ചത്. ചിലപ്പോഴൊക്കെ ‘അച്ഛാ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’ എന്നു പറയും. അപ്പൊ ഞാൻ പറയും ‘ചുമ്മാ പോയി നോക്ക്’. പക്ഷേ പതിയെ പതിയെ അവൾ ആ ട്രാക്കിൽ വീണു. നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങി. ഒരിക്കൽ പോലും എനിക്ക് മീനൂട്ടിയോട് പഠിക്ക് എന്നു പറയേണ്ടി വന്നിട്ടില്ല. മോൾക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ, എന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണു വേണ്ടതെന്ന്.
അവൾ ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിനപ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോൾ അവൾ സർജറിയുടെ കൂടെ നിൽക്കുന്നു, സർജറി ചെയ്യുന്നു എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനമാണ്. കഴിഞ്ഞദിവസം അവൾ സർജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. ദിലീപ്–പറയുന്നു.