Wednesday 29 June 2022 11:50 AM IST

എന്തുകൊണ്ട് മമ്മൂട്ടിയും പ്രിയനും തമ്മിൽ കണ്ടില്ല?; അഞ്ചു വർഷത്തെ ‘ഓട്ടം’ അവസാനിപ്പിച്ച് ആന്റണി സോണി ഉത്തരം പറയുന്നു

Priyadharsini Priya

Sub Editor

antony-priyan

‘എന്റെ സൂര്യപുത്രി’യിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് അമല. വർഷങ്ങൾക്ക് ശേഷം അമലയെ വീണ്ടും മലയാളത്തില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ‘c/o സൈറബാനു’വിന്റെ സംവിധായകന്‍ ആന്റണി സോണിയ്ക്ക് സ്വന്തം. അമലയും മഞ്ജു വാരിയരും ഒരുമിച്ച c/o സൈറബാനു തിയറ്ററില്‍ കയ്യടി നേടി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ആന്റണി എവിടെപ്പോയി എന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.

‘‘സിനിമയ്ക്ക് പിറകെയുള്ള ഓട്ടത്തിലായിരുന്നു ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും. രണ്ടു മൂന്നു പ്രോജക്റ്റുകൾ പ്ലാൻ ചെയ്തു, പലതും നടക്കാതെ പോയി. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്ന പോലെ ഇപ്പോഴാണ് എന്റെ ടൈം തെളിഞ്ഞത്. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയുമായി ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ തന്നെ പടത്തിന് നല്ല അഭിപ്രായം ലഭിച്ചതിൽ സന്തോഷം. ഒടിടിയ്ക്ക് വേണ്ടി കാത്തിരിക്കാതെ എല്ലാവരും തിയറ്ററില്‍ പോയിത്തന്നെ സിനിമ കാണണം എന്നാണ് എന്റെ ആഗ്രഹം.”- വനിത ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ആന്റണി സോണി മനസ്സു തുറന്നു.

ആന്റണി ഓട്ടത്തിലായിരുന്നു..

c/o സൈറബാനു കഴിഞ്ഞ് അടുത്ത പ്രോജക്റ്റ് ചിന്തിച്ചുകൊണ്ടിരുന്ന സമയം. അധികം വൈകാതെ തന്നെ ഒരു കഥയുണ്ടായി. മഞ്ജു ചേച്ചിയെ വച്ചുതന്നെ അടുത്ത പടവും ചെയ്യാനായിരുന്നു പ്ലാന്‍. അതിന്റെ ചര്‍ച്ചകള്‍ നടന്നു. സ്ക്രിപ്റ്റ് റെഡിയായി. പക്ഷേ, സ്ക്രിപ്റ്റ് വായനയില്‍ ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തുനിന്ന് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായി. പിന്നെ സ്ക്രിപ്റ്റ് റീ വര്‍ക്ക് ചെയ്യുന്നു, ഒടുവില്‍ ആദ്യത്തെ കഥയുമായി ബന്ധമില്ലാത്ത ഒന്നായി അത് മാറുന്നു. രണ്ടു വര്‍ഷം അങ്ങനെ കടന്നുപോയി. ഒടുവില്‍ ആ പ്രോജക്റ്റ് വേണ്ടെന്നു വച്ചു.

വീണ്ടും പുതിയ സിനിമയെ ചുറ്റിപ്പറ്റിയുള്ള ആലോചനകള്‍ നടന്നു. ജൂണിന്റെ സംവിധായകൻ അഹമ്മദും അതിന്റെ റെറ്റർ ജിബിനും ഞാനും ചേർന്ന് കൂടിയാലോചിച്ച് റൊമാൻസും കോമഡിയും പറയുന്ന സ്കിപ്റ്റ് റെ‍ഡിയാക്കി. അന്നാ ബെന്നും അർജുൻ അശോകുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമ അനൗൺസ് ചെയ്തു, കാസ്റ്റിങ് കോൾ വിളിച്ചു. പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ എത്തിനിൽക്കുമ്പോഴാണ് കോവി‍ഡിന്റെ എൻട്രി. അങ്ങനെ ലോക്ഡൗണിലേക്ക് കാര്യങ്ങൾ കടന്നു. അതോടെ ആ സിനിമയും ഡ്രോപ് ചെയ്യേണ്ടി വന്നു.

അഞ്ചു വര്‍ഷം ഗ്യാപ് ആയല്ലോ എന്നൊന്നും ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കില്ല. സിനിമയില്‍ ആയതു കൊണ്ടുള്ള ഗുണം അതാണ്. ആര്‍ട്ടിസ്റ്റിനോട് കഥ പറ‌ഞ്ഞ ശേഷം ചിലര്‍ രണ്ടു വര്‍ഷം കഴിഞ്ഞായിരിക്കും ഡേറ്റ് തരുക. അങ്ങനെയുള്ള അവസരത്തില്‍ വെയ്റ്റ് ചെയ്യേണ്ടി വരും. ആ രണ്ടു വര്‍ഷവും നിരാശയോടെയായിരിക്കില്ല മുന്നോട്ടു പോകുക. നടക്കാന്‍ പോകുന്ന പ്രോജക്റ്റ് മാത്രമായിരിക്കും മനസ്സില്‍. പ്രോജക്റ്റ് നഷ്ടപ്പെടുമ്പോഴാണ് രണ്ടു വര്‍ഷം പോയല്ലോ എന്ന് ചിന്തിക്കുക.

priyanottathilannu

‘പ്രിയൻ‍’ ട്രാക്കിലായി..

ഫസ്റ്റ് ലോക്ഡൗൺ കഴിഞ്ഞപ്പോഴേക്കും ഇനിയെന്തു ചെയ്യും എന്ന ചിന്തയായി. സിനിമ നടക്കുന്നില്ല, വീട്ടിലിരുന്ന് മാനസികമായി വല്ലാത്ത അവസ്ഥയിലായിരുന്നു. ആ ‍സമയത്താണ് പെട്ടെന്ന് ഈ പ്രോജക്റ്റ് വന്നുപെട്ടത്. നായകനായി ഷറഫുദ്ദീനെ തീരുമാനിച്ചു, അദ്ദേഹത്തിനു കഥ ഇഷ്ടപ്പെട്ടതോടെ കാര്യങ്ങൾ എളുപ്പമായി. നൈല ഉഷ അവതരിപ്പിച്ച റോൾ ആദ്യം പുരുഷ കഥാപാത്രമായിരുന്നു. ഷറഫുവാണ് അതൊരു സ്ത്രീ കഥാപാത്രം ആയിരുന്നെങ്കിൽ നന്നായിരിക്കും എന്ന സജഷൻ നൽകിയത്. പിന്നെ സ്ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി.

ആ റോളിലേക്ക് ബോൾഡായ ഒരു ലേഡിയെ വേണമായിരുന്നു. കൂടിയാലോചനയിൽ നൈല ഉഷയായിരുന്നു ആദ്യം മനസ്സിലേക്ക് എത്തിയത്. അങ്ങനെ സൂം കോൾ വഴി നൈലയുമായി സംസാരിച്ചു. അവർക്ക് കഥ ഇഷ്ടപ്പെട്ടു. നൈലയുടെ റഫറൻസിലാണ് ഞങ്ങൾക്ക് നല്ലൊരു പ്രൊഡ്യൂസറെ കിട്ടുന്നത്. സിനിമ നന്നായി ചെയ്താൽ മതി, ഫിനാൻസിനെപ്പറ്റി നിങ്ങൾ ടെൻഷൻ അടിക്കേണ്ട എന്നു അദ്ദേഹം പറഞ്ഞതോടെ ധൈര്യമായി. അങ്ങനെ ഒടുവിൽ പ്രൊഡ്യൂസർ സെറ്റായി, കാസ്റ്റിങ് റെഡിയായി. വളരെ പെട്ടെന്നുതന്നെ ‘പ്രിയൻ‍’ ട്രാക്കിലായി.

എന്നെ സംബന്ധിച്ചിടത്തോളം ആകസ്മികമായി എന്നിലേക്കെത്തിയ സിനിമയാണ് ‘പ്രിയൻ ഓട്ടത്തിലാണ്.’ ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞതോടെ പ്രോജക്റ്റ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഓണായി. പക്ഷേ, ഷൂട്ടിങ് തീരാൻ ഒരു വർഷമെടുത്തു. തമിഴിൽ സിനിമ ചെയ്യുന്നതു കൊണ്ട് ഷറഫുദ്ദീനും അപർണ്ണ ദാസിനുമൊക്കെ ചെറിയ ഡേറ്റ് ഇഷ്യൂസ് ഉണ്ടായിരുന്നു. അവിടെ പോയിട്ട് തിരിച്ചുവന്ന ശേഷം ഷൂട്ടിങ് വീണ്ടും ആരംഭിക്കാം എന്നു കരുതി ഇരുന്നതാണ്. അപ്പോഴാണ് രണ്ടാമത്തെ ലോക്ഡൗൺ വന്ന് വീണ്ടും അടച്ചുപൂട്ടുന്നത്. അങ്ങനെ ഇടയ്ക്ക് ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വന്നു. മൂന്നു ഷെഡ്യൂൾ ആയിട്ടാണ് പടം പൂർണ്ണമായും തീർത്തത്.

ലോക്ഡൗണിന്റെതായ പ്രശ്നങ്ങൾ ഒന്നും സിനിമയെ ബാധിക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് പരമാവധി ഇൻഡോറിൽ തന്നെയാണ് ഷൂട്ട് ചെയ്തത്. പടത്തിന്റെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നില്ല. അതിനു പിന്നിൽ ഒരു നല്ല ടീം എഫർട്ട് ഉണ്ടായിരുന്നു. കൊറോണയുടെ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റിയല്ലോ.

priyan-antony

ഇതൊരു ‘ബിഗ്’ സിനിമ

കഥ എഴുതിയ ശേഷം സിനിമയുടെ പൂർണ്ണതയ്ക്ക് മമ്മൂക്കയുടെ ശബ്ദമെങ്കിലും വേണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, എങ്ങനെ അങ്ങോട്ട് എത്തിപ്പെടണമെന്ന് അറിയില്ലായിരുന്നു. നൈല ഉഷ സിനിമയുമായി കമ്മിറ്റ് ചെയ്തശേഷം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ വന്നു. നൈല മമ്മൂക്കയ്ക്ക് ഒരു മെസേജ് അയച്ചു. അദ്ദേഹം ആദ്യം നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ കഥയുടെ പൂര്‍ണ്ണതയ്ക്ക് മമ്മൂക്കയുടെ സാന്നിധ്യം വേണമെന്ന് അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. അങ്ങനെ അദ്ദേഹം വന്ന് അഭിനയിക്കുകയായിരുന്നു. മമ്മൂക്ക വരുന്നുണ്ടെന്ന് അറിഞ്ഞതോടെ ഞങ്ങളും എക്സൈറ്റഡ് ആയിരുന്നു. ഇതൊരു ചെറിയ പടമല്ല, വലിയൊരു സ്റ്റാറിനെ വച്ച് സിനിമ ഷൂട്ട് ചെയ്യാൻ പോവുകയാണ് എന്നൊരു ഫീൽ ഞങ്ങളിൽ അറിയാതെ വന്നിരുന്നു.

സിനിമയ്ക്കുള്ളിലെ സിനിമ നമ്മൾ കുറേ കണ്ടതാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ചിന്തിച്ചു. കഥയിൽ പ്രിയനെ സംബന്ധിച്ചിടത്തോളം സിനിമ അയാളുടെ പാഷൻ ആണെങ്കിൽ പോലും, അയാളുടെ സ്വപ്നം എന്ന് പറയുന്നത് അയാളുടെ ലോജിക്കാണ്. സിനിമയിൽ ലെമൺ സ്പൂണിന്റെ കഥ പറയുന്ന പോലെ. അദ്ദേഹത്തിന് നാരങ്ങ സ്പൂണിൽ വച്ച് ഫിനിഷ് ചെയ്താലാണ് സന്തോഷം കിട്ടുക. അല്ലാതെ ആദ്യം ഓടിയെത്തി എന്നതിൽ വലിയ സംതൃപ്തിയൊന്നും ഇല്ല. അദ്ദേഹത്തിന്റെ കുറേ ആഗ്രഹങ്ങളിൽ ഒന്നുമാത്രമാണ് സിനിമ. അല്ലാതെ അതുമാത്രമല്ല, അയാളുടെ ജീവിതം.

പ്രൊഫഷൻ, ഫാമിലി, എഴുത്ത്, നാട്ടുകാര്യങ്ങൾ എല്ലാം ഒരുപോലെ കൊണ്ടുപോകുന്ന ആളാണ് പ്രിയൻ. അതുകൊണ്ടുതന്നെ സിനിമ പറഞ്ഞവസാനിപ്പിക്കേണ്ടതും പ്രിയൻ ഒരു സിനിമ ചെയ്തു, മമ്മൂട്ടിയെ കണ്ടു എന്നതിലാവരുത് എന്നുണ്ടായിരുന്നു. പ്രിയനെ എല്ലാവരും തിരിച്ചറിഞ്ഞു, വീണ്ടും അയാള്‍ തന്റെ പതിവ് പ്രശ്നങ്ങളുമായി ഓട്ടത്തിലാണ്. ഈ രീതിയിൽ സിനിമ അവസാനിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് അവസാനം മമ്മൂക്കയും പ്രിയനും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീന്‍ സിനിമയിൽ ഇല്ലാതെ പോയതും.

പിന്നെ വ്യക്തിപരമായ ഒരു സന്തോഷം ഈ സിനിമയിലൂടെ ലഭിച്ചു. ആദ്യ സിനിമ c/o സൈറാബാനുവിൽ ലാലേട്ടന്റെ ശബ്ദം ആയിരുന്നു ഹൈലൈറ്റ്. രണ്ടാമത്തെ സിനിമയിൽ മമ്മൂക്കയുടെ സാന്നിധ്യവും ഉണ്ടായി. ആ രീതിയിൽ മലയാളത്തിലെ രണ്ടു വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പറ്റിയത് എന്റെ ഭാഗ്യമായി കരുതുന്നു.

antooopru

ഓടി നടന്ന് ഷൂട്ട്..

ഇതൊരു കൊച്ചു സിനിമയാണെന്ന് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. ചുരുങ്ങിയ ബജറ്റിലാണ് സിനിമ പ്ലാൻ ചെയ്തത്. അപ്പോൾ ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സിനിമ തീർക്കണം എന്നായിരുന്നു ആദ്യത്തെ ചാർട്ടിൽ ഉണ്ടായിരുന്നത്. പക്ഷെ, ഇതിന്റെ പ്രാക്റ്റിക്കൽ ബുദ്ധിമുട്ട് എന്താണെന്നു വച്ചാൽ ഇഷ്ടം പോലെ ലൊക്കേഷൻസ് കഥയിൽ വരുന്നുണ്ട്. ഒരു ദിവസം തന്നെ നാലു ഷിഫ്റ്റ് മാറി ചെയ്യേണ്ടി വരും. അങ്ങനെ ഭയങ്കര ടൈറ്റ് ഷെഡ്യൂൾ ആയി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ചില ദിവസം മഴ പെയ്താൽ അതുവരെയുള്ള എല്ലാ പ്ലാനിങ്ങും തെറ്റും.

എനിക്ക് ടെൻഷൻ കൂടി, ഒരാഴ്ച ഉറക്കം കിട്ടാതെ ആകെ പ്രശ്നമായി. ആദ്യമായിട്ടാണ് എന്റെ ബിപി കൂടി ഒരു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വരുന്നത്. രണ്ടുമൂന്നു തവണ ഇതേ പ്രശ്നം കാരണം ഹോസ്‌പിറ്റലിൽ ആയി. ഒരു ദിവസം ഇതിന്റെ പേരിൽ ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു. അങ്ങനെ ഫിസിക്കലി കുറേ പ്രശ്നങ്ങൾ ഉണ്ടായി. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ ഉണ്ട്, അതു ഷൂട്ട് ചെയ്തത് ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി നേരെ സെറ്റിൽ വന്ന ശേഷമാണ്. കൈയ്ക്കും കാലിനുമൊക്കെ വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ആ സീൻ എടുത്തത്. c/o സൈറബാനു ചെയ്യുമ്പോൾ ഇത്തരമൊരു മെന്റൽ സ്‌ട്രെസ് ഉണ്ടായിരുന്നില്ല. ഒരുപക്ഷെ, ഹെക്ടിക് ഷെഡ്യൂൾ ആയതുകൊണ്ടാകാം ഇങ്ങനെയൊക്കെ. എന്തായാലും കഷ്ടപ്പെട്ടതിനു ഫലം ഉണ്ടാകുന്നു എന്നറിയുമ്പോൾ സന്തോഷം. സിനിമയെ കുറിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച അഭിപ്രായങ്ങൾ വരുന്നുണ്ട്. ഞങ്ങളുടെ കൊച്ചു സിനിമയെ നെഞ്ചോടു ചേർത്ത പ്രേക്ഷകരോടാണ് പ്രത്യേകം നന്ദി പറയാനുള്ളത്.

കോട്ടയം ചങ്ങനാശേരിയാണ് എന്റെ നാട്. രണ്ടു വർഷം മുൻപ് അച്ഛൻ മരണപ്പെട്ടതോടെ താമസം എറണാകുളത്തേക്ക് മാറ്റി. അമ്മയാണ് എന്റെ കൂട്ട്. സഹോദരനും കുടുംബവും വിദേശത്താണ്. വിവാഹത്തെ കുറിച്ച് തൽകാലം ചിന്തിക്കുന്നില്ല. ഇപ്പോഴും സിനിമ മാത്രമാണ് മനസ്സിൽ.. പ്രിയനെ പോലെ ഞാനും അടുത്ത സിനിമയ്ക്കായുള്ള ഓട്ടം തുടങ്ങി കഴിഞ്ഞു.. 

Tags:
  • Movies