Wednesday 19 March 2025 11:32 AM IST : By സ്വന്തം ലേഖകൻ

ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ: ‘എമ്പുരാൻ’ വരുന്നു

empuran

ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി ‘എമ്പുരാൻ’. മലയാള സിനിമയും ഐമാക്‌സും തമ്മിലുള്ള മഹത്തരമായ ഒരു ബന്ധത്തിന്റെ തുടക്കമായി മാറട്ടെ ഈ കൂടിച്ചേരലെന്നു ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവിസ് എന്നിവയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന എമ്പുരാന്‍ മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലായി മാര്‍ച്ച് 27 നു പ്രദർശനത്തിനെത്തും.

പ്രശസ്‌ത നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ് എമ്പുരാന്‍ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ അനില്‍ തദാനിയുടെ ഉടമസ്ഥതിയിലുള്ള എ എ ഫിലിംസാണ് വിതരണം. ആന്ധ്ര - തെലുഗാനയില്‍ ദില്‍രാജുവും എസ് വി സി റീലീസും ചേര്‍ന്നാണ് വിതരണം. ഫാര്‍സ് ഫിലിംസ്, സൈബപ് സിറ്‌റ്റംസ് ഓസ്‌ട്രേലിയ എന്നിവരാണ് ഓവര്‍സീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ പ്രൈം വിഡിയോയും ആശിര്‍വാദ് ഹോളിവുഡും ചേര്‍ന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആര്‍ എഫ് ടി എന്‍റര്‍ടെയ്‌ന്‍മെന്റാണ് വിതരണം.