Tuesday 22 September 2020 12:26 PM IST

ഒടുവിൽ ഒരു രാത്രി മൊത്തം ആലോചിച്ചു കണ്ടു പിടിച്ച പേരാണ് ‘അങ്കിൾ ഇക്ക’! ആ കുട്ടി തന്നെയാണ് ഈ ഇവക്കുട്ടി...

Lakshmi Premkumar

Sub Editor

e1

‘മെമ്മറീസി’ന്റെ ക്ലൈമാക്സിൽ പൃഥ്വിരാജിന്റെ ഒപ്പം നടന്നു വരുന്ന പോണി റ്റെയിൽ കെട്ടിയ പെൺകുട്ടിയെ ഓർമയില്ലേ ? ഇവ സൂരജ്. ‘രാജാധിരാജ’യിൽ മമ്മൂട്ടിയുടെയും ലക്ഷ്മി റായിയുടെയും കയ്യിൽ തൂങ്ങി നടന്ന ആ കൊച്ചു സുന്ദരി ഇപ്പോൾ പഴയ ആളൊന്നുമല്ല. സാരിയുടത്തും ദാവണി ഇട്ടുമുള്ള ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആ കുട്ടി തന്നെയാണോ ഈ കുട്ടി എന്ന് ചോദിക്കുന്നവരോട് ഇവ പറയും, ‘അതേ, ആ കുട്ടി തന്നെയാണ് ഈ ഇവക്കുട്ടി...’

e6

‘‘സംവിധായകൻ ബൈജു കൊട്ടാരക്കര ആണ് ആദ്യായിട്ട് സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്. അന്ന് മൂന്നര വയസ് മാത്രേ പ്രായം ഉള്ളു. കിൻഡർ ഗാർഡൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഓഡിഷൻ വഴി സെലെക്ഷൻ കിട്ടിയതുമാണ്. പക്ഷെ പൂജ വരെ കഴിഞ്ഞ ആ സിനിമ നടക്കാതെ പോയി. അന്ന് പിന്നെ ഇതൊന്നും മനസിലാക്കാനുള്ള പ്രായം ഇല്ലല്ലോ. ഇതല്ലങ്കിൽ വേറൊന്ന് അത്രേ ഉള്ളൂ. അങ്ങനെയിരിക്കെയാണ് ‘ശങ്കരനും മോഹനനും’ എന്നൊരു ചിത്രം വന്നത്. ജയസൂര്യ അങ്കിളിന്റെ മകളായിട്ടായിരുന്നു അതിൽ. ടി വി ചന്ദ്രൻ സാറിന്റെ ചിത്രം. ബൈജു അങ്കിൾ തന്നെയാണ് എന്നെ ഇൻട്രോഡ്യൂസ്‌ ചെയ്തത്.

e2

അങ്ങനെ സിനിമാ ലോകത്തേക്ക് കാലെടുത്തു വച്ചു. പിന്നെ നിരവധി സിനിമകൾ ചെയ്തിരുന്നു. ‘ഈ അടുത്ത കാലത്ത്’, ‘മെമ്മറീസ്’, ‘മാറ്റിനി’... ഇതിൽ ‘മെമ്മറീസ്’ എപ്പോഴും ആളുകൾ പറയുന്ന ചിത്രമാണ്. ‘രാജാധിരാജ’യിൽ അങ്കിളിക്കായുടെ മകളായിട്ടാണ് അഭിനയിച്ചത്. എന്താണ് ഈ അങ്കിൾ ഇക്കാ എന്ന് എല്ലാർക്കും തോന്നും അതിനു പിന്നിലും ഒരു കഥയുണ്ട്.

എനിക്ക് മമ്മൂട്ടി സാർ എന്നും മമ്മൂട്ടി അങ്കിളെന്നുമൊക്കെ വിളിക്കാൻ ഇഷ്ടമല്ല. ഞാൻ അതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു എന്നാൽ നീ മമ്മൂട്ടി എന്ന് വിളിച്ചോളാൻ. പക്ഷെ, അതെങ്ങനെ നടക്കും. എങ്കിൽ പിന്നെ ഒരു നൈറ്റ് ഫുൾ ആലോചിച്ച് കണ്ടു പിടിക്കാമെന്നു ഞാനും പറഞ്ഞു. അങ്ങനെ ഞാൻ കണ്ടു പിടിച്ച പേരാണ് ‘അങ്കിൾ ഇക്ക’. ഈ ലോകത്ത് ഞാൻ മാത്രമേ അങ്ങനെ വിളിക്കുന്നുള്ളു. ഈ പേര് കേട്ടപ്പോൾ അങ്കിൾ ഇക്ക പറഞ്ഞു ‘ഒക്കെ വിത്ത്‌ പെർമിഷൻ അങ്ങനെ വിളിച്ചോളൂ’ എന്ന്. അവസാനം ചെയ്ത സിനിമയും അതാണ്. പിന്നെ പഠനത്തിലേക്ക് കുറച്ചു കൂടി ശ്രദ്ധ കൊടുത്തപ്പോൾ ചെറിയൊരു ബ്രേക്ക് എടുത്തു.

e5

പക്ഷെ പരസ്യം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ആലുവയിലെ ജ്യോതിനിവാസ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുവാണ്. അതിനിടയിലാണ് ഇങ്ങനെ ഒരു ലോങ്ങ്‌ അവധിയും വീട്ടിൽ തന്നെ ഇരിക്കാനുള്ള സാഹചര്യവും ഉണ്ടായത്.

e4

കുറേ ഇരുന്ന് ബോറടിച്ചപ്പോൾ ഒരു ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന് തോന്നി . മാത്രമല്ല ഈ പ്രൊഫഷനെ കുറച്ചു കൂടി സീരിയസ് ആയി കാണേണ്ട സമയവും ആയല്ലോ എന്നു കരുതിയാണ് മോഡലിങ് ഫോട്ടോസൊക്കെ ഇൻസ്റ്റയിൽ പങ്കു വച്ചത്. എല്ലാവരും ഒരുപാട് പ്രോത്സാഹനം തരുന്നുണ്ട്. പലരും അയ്യോ ആ കുട്ടി ആണോ ഇതെന്നൊക്കെ കമന്റും ചെയ്യുന്നുണ്ട്. ആളുകൾ മറന്നിട്ടില്ല എന്നറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാട് ഡയറക്ടർമാരും വിളിച്ചു. പണ്ട് ചെയ്ത സിനിമകളിലെ ആളുകൾ വിളിച്ചു. എല്ലാവർക്കും പറയാനുള്ളത് മുഖത്തിന്‌ ഒരു മാറ്റവും ഇല്ല. പക്ഷെ ഞാൻ വല്യ കുട്ടി ആയി എന്നാണ്.

e3

കുറച്ചു സിനിമകളും കൂടെ വന്നിട്ടിട്ടുണ്ട്. ഇതെല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. എനിക്ക് മാത്രമല്ല എന്റെ അപ്പാ, അമ്മ ഇവർ രണ്ടുപേരുമാണ് എന്റെ ബലം.പിന്നെ എനിക്ക് ഒരു കുഞ്ഞി അനിയത്തി ഉണ്ട്. ഐന. ‘പുലിമുരുകനി’ലെ ആദ്യ സീനിൽ അവൾ അഭിനയിച്ചിട്ടുണ്ട്. പിന്നെ ‘സ്റ്റൈൽ’, ‘പഞ്ചവർണതത്ത’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇനി നോക്കുമ്പോൾ മനസിലാകും അവളെ കണ്ടാൽ എന്റെ മുഖച്ഛായയുണ്ട്.

e7