Wednesday 28 October 2020 03:50 PM IST

അഞ്ചു ഭൂഖണ്ഡങ്ങൾ, 22 രാജ്യങ്ങൾ, 111 അവാർഡുകൾ ലഭിച്ച ഈ ഷോർട്ട്ഫിലിം സിനിമ തലയ്ക്കു പിടിച്ചു ജയിലിൽ കിടന്ന ഒരു മലയാളിയുടേതാണ്!

Priyadharsini Priya

Sub Editor

saheerabbb

വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ പ്രമേയമാക്കി ഹ്രസ്വചിത്രമൊരുക്കി അന്താരാഷ്ട്ര തലത്തിൽ കയ്യടി നേടിയിരിക്കുകയാണ് യുവസംവിധായകനായ സഹീർ അബ്ബാസ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ മരണവുമായി സംവദിക്കുന്ന വാന്‍ഗോഗിനെയാണ് 'ഡെത്ത് ഓഫേഴ്സ് ലൈഫ്' എന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചത്. 

വിഷാദരോഗത്തിനു അടിമപ്പെട്ട് മുപ്പത്തിയേഴാം വയസില്‍ ജീവനൊടുക്കുകയായിരുന്നു വാന്‍ഗോഗ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. പൂർണ്ണമായും മെഴുകുതിരി വെട്ടത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം വിദേശ മേളകളിൽ ശ്രദ്ധിക്കപ്പെട്ടു. "ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നൂറ്റിപതിനൊന്നോളം അവാർഡുകൾ വാങ്ങിക്കൂട്ടി. ഇനി അടുത്ത ലക്ഷ്യം ലിംക ബുക് ഓഫ് റെക്കോർഡ്‌സ് ആണ്. അതിനു ഇനിയും മാസങ്ങൾ ബാക്കിയുണ്ട്. കൂടുതൽ അവാർഡുകൾ നേടും എന്നുതന്നെയാണ് പ്രതീക്ഷ."- വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുമ്പോൾ സഹീറിന്റെ ശബ്ദത്തിൽ പ്രതീക്ഷ നിറയുന്നു. 

'റിയാലിറ്റി' നൽകിയ തുടക്കം 

എന്റെ തുടക്കം കൊറിയോഗ്രാഫർ ആയിട്ടായിരുന്നു. ഒട്ടേറെ വിദേശ ഷോകൾ, ചാനൽ റിയാലിറ്റി ഷോകൾ, ഫിലിം അവാർഡുകൾ തുടങ്ങിയവയിലെല്ലാം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, അന്നുതൊട്ടേ മനസ്സിൽ സംവിധാനം തന്നെയായിരുന്നു നിറഞ്ഞു നിന്നിരുന്നത്. എന്റെ ലക്ഷ്യത്തിലേക്കുള്ള വഴി മാത്രമായിരുന്നു കൊറിയോഗ്രാഫി. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ സീസൺ 2 തൊട്ട് ഞാനാണ് കൊറിയോഗ്രാഫി ചെയ്തത്. ആദ്യമൊക്കെ പാട്ടുകാരൻ വെറുതെ നിന്ന് പാടുന്നതായിരുന്നു രീതി. പാട്ടിനു തീം നൽകി പെർഫോമൻസിന് പ്രാധാന്യം കൊടുത്ത് പാട്ട് റിയാലിറ്റി ഷോയെ കൂടുതൽ കളർഫുൾ ആക്കിമാറ്റി. ഏഴു ദിവസം 14 പാട്ടുകൾക്ക് കൊറിയോഗ്രാഫി ചെയ്യാനുണ്ടാകും. അങ്ങനെ തിരക്കേറിയ വർക് ഷെഡ്യൂളിൽ കുറേകാലം ജോലി ചെയ്തു. അന്നു തൊട്ടേ സംവിധായകനാകാനുള്ള എന്റെ പരിശ്രമം ആരംഭിച്ചിരുന്നു.

സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ഒരു സിനിമ ചെയ്യാൻ പ്ലാനിട്ടിരുന്നു, അതൊന്നും നടന്നില്ല. 'പത്തുകല്പനകൾ' എന്ന ചിത്രത്തിൽ സെക്കൻഡ് യൂണിറ്റ് ഡയറക്ടറായി ജോലി ചെയ്തു. കൂടാതെ മുപ്പത്തിയാറോളം സിനിമകളിൽ ഞാൻ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഒപ്പം ആൽബം ഷോർട്ട് ഫിലിം എന്നീ മേഖലകളിലും പ്രവർത്തിച്ചു. ഏറെ വ്യത്യസ്തമായി എന്ത് ചെയ്യാൻ പറ്റും എന്നുമാത്രമാണ് അപ്പോഴെല്ലാം ചിന്തിച്ചത്. 

വാൻഗോഗിലേക്കുള്ള ദൂരം 

saheer5565434

മധു എൻ ആറിന്റെ 13 കഥകളിൽ ഒരു കഥയാണ് വിൻസെന്റ് വാൻഗോഗ് മരണവുമായി സംസാരിക്കുന്ന അവസാന നിമിഷങ്ങൾ. അദ്ദേഹം തന്നെയാണ് ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവും. തുടക്കത്തിൽ ഇക്കാര്യം എന്നോട് സംസാരിച്ചപ്പോൾ ഷോർട്ട്ഫിലിം ആണെങ്കിലും സിനിമ ചെയ്യുന്നതുപോലെ വൃത്തിയായി ചെയ്യാമെന്ന് പറഞ്ഞു. 

ഞാനും സുഹൃത്ത് വിഷ്ണുവും കൂടി വാൻഗോഗിനെ കുറിച്ച് കൂടുതൽ പഠിച്ചു. വാൻഗോഗിന് മരണകാരണം ഇപ്പോഴും അജ്ഞാതമാണ്. അങ്ങനെ കുറേ റഫറൻസ് വച്ചാണ് ഷോർട്ട് ഫിലിം ചെയ്യാൻ തീരുമാനിക്കുന്നത്. കാക്കനാടുള്ള വീട്ടിലാണ് ഷൂട്ടിങ്ങിനായി റൂം സെറ്റ് ചെയ്യുന്നത്. അവിടെ ആ പഴയ കാലഘട്ടം കൊണ്ടുവന്നു. ചെറിയ മുറിയ്ക്കകത്ത് വാൻഗോഗ് ഉപയോഗിച്ചിരുന്നത് പോലുള്ള കട്ടിലും ഫർണിച്ചറുകളും എല്ലാം സെറ്റ് ചെയ്യുകയായിരുന്നു.

കോസ്റ്റ്യൂം, മേക്കപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി. എല്ലാം വളരെ കൃത്യമായി മനസ്സിലാക്കിയാണ് ഓരോ ഘട്ടവും പൂർത്തിയാക്കിയത്. ഒറ്റ ദിവസമാണ് ഷൂട്ടിനായി വേണ്ടിവന്നത്. ഒറിജിനാലിറ്റി തോന്നിക്കാൻ പൂർണ്ണമായും ഷൂട്ട് ചെയ്തത് മെഴുകുതിരി വെട്ടത്തിലാണ്. പിന്നെ എന്റെ ഭാഗ്യമെന്ന് പറയാനാണെങ്കിൽ വിൻസെന്റ് വാൻഗോഗിന്റെ രൂപസാദൃശ്യമുള്ള ഒരു സുഹൃത്ത് എനിക്ക് ഉണ്ടായി എന്നതാണ്.

റാഷിം ഖാൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. സിനിമാമോഹവുമായി നടക്കുകയായിരുന്നു. മലയാളിത്തം ഇല്ല എന്ന കാരണത്താൽ അദ്ദേഹത്തിന് അവസരങ്ങൾ നഷ്ടപ്പെടുകയായിരുന്നു. റാഷിമിന് നോർത്ത് അമേരിക്കൻ ലുക്ക് ആണ്. അത് എനിക്ക് അനുഗ്രഹമായി. എന്റെ വിൻസെന്റ് വാൻഗോഗ് ആകാൻ റാഷിമിന് എളുപ്പം കഴിഞ്ഞു. ഇപ്പോൾ അമേരിക്കയിൽ നിന്നുവരെ അദ്ദേഹത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചു. അനിരൂപാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. ക്യാമറ നിർവഹിച്ചത് സംസ്ഥാന അവാർഡ് ജേതാവായ നൗഷാദ് ഷെരിഫ് ആണ്. 

നിലവിൽ 111 അവാർഡുകൾ ഷോർട്ട്ഫിലിമിന് ലഭിച്ചു. 22 രാജ്യങ്ങളിൽ നിന്നും അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുമാണ് അവാർഡുകൾ കിട്ടിയത്. മുന്നൂറോളം സെക്ഷനുകൾ തന്നെ ലഭിച്ചു. ഒരു വർഷം തികയാൻ ഇനിയും മാസങ്ങളുണ്ട്. 120 ഓളം അവാർഡുകൾ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ലിംക ബുക് ഓഫ് റെക്കോർഡ്‌സ് എന്ന സ്വപ്നനേട്ടത്തിലേക്ക് എത്താൻ കഴിയും. 

saheer433ggyt

സിനിമാമോഹം തന്ന 'അടി' 

ഞങ്ങൾ പാലക്കാട്ടുകാരാണ്. എറണാകുളത്ത് ആണ് പഠിച്ചതും വളർന്നതും. മഞ്ഞുമ്മൽ ആണ് ഇപ്പോൾ താമസിക്കുന്നത്. അന്നുമിന്നും സിനിമയായിരുന്നു എന്റെ മനസ്സിൽ. എങ്ങനെയെങ്കിലും സിനിമയിൽ കയറണം എന്ന് ചിന്തിച്ചു ഭ്രാന്ത് പിടിച്ചുനടക്കുന്ന സമയം. അക്കാലത്ത് ഗൾഫിൽ ജോലി ചെയ്തിരുന്നു. അവിടെ ഷാർജ മിനിസ്ട്രിയിൽ ഉണ്ടായിരുന്ന നല്ല ജോലി എന്റെ സിനിമാ ഭ്രാന്ത് കാരണം നഷ്ടപ്പെടുകയായിരുന്നു. ഒരു ആഡ് ഫിലിം ചെയ്യാൻ നാട്ടിൽ എത്തിയതാണ് തിരിച്ചുപോയപ്പോൾ ജോലി പോയി. വീട്ടിൽ മമ്മിയ്ക്ക് സുഖമില്ല എന്ന് കള്ളം പറഞ്ഞു ലീവെടുത്തിട്ടാണ് വന്നത്. പിന്നെ നമ്മൾ മലയാളികളുടെ കൂട്ടത്തിൽ തന്നെ പാരകൾ ഉണ്ടാകുമല്ലോ, അവരത് കൃത്യമായി അവിടെ അറിയിച്ചു. ഒടുവിൽ എനിക്ക് അവിടെ ജോലി ചെയ്യാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു ഇറങ്ങി. ആ സമയത്ത് ഡാൻസ് ട്രൂപ്പ് ഒക്കെയിട്ട് അടിപൊളിയായി മുന്നോട്ടു പോകുകയായിരുന്നു. പിന്നീട് മിനിസ്ട്രിയിൽ നിന്ന് രണ്ടുമൂന്ന് തവണ എന്നെ വിളിച്ചു. ഞാൻ കോൾ എടുത്തില്ല. ഇതോടെ ഞാൻ മിസ്സിങ് ആണെന്ന് പറഞ്ഞു അവർ പരാതി കൊടുത്തു. അങ്ങനെ ഞാൻ പൊലീസ് പിടിയിലായി. 14 ദിവസം റിമാൻഡ് ചെയ്തു. കോടതി ഇല്ലാത്തതിനാൽ 25 ദിവസത്തോളം ജയിലിലും കിടക്കേണ്ടി വന്നു. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു. 

ദുബായ് ജയിൽ എന്നൊക്കെ പറഞ്ഞാൽ ബിരിയാണി ആണെന്നല്ലേ നമ്മുടെയൊക്കെ വിചാരം. ഒന്നുമല്ല, നല്ല പണിയാണ്. ഒരു സെല്ലിനകത്ത് 60 പേരൊക്കെയാണ് കിടക്കുന്നത്. ഭാഷ വ്യക്തമാകാത്തത് കൊണ്ട് അറബികളുടെ കയ്യിൽ നിന്ന് നല്ല അടിയും കിട്ടി. വെള്ളാംകുന്നിൽ ബഷീർ സഹീർ അബ്ബാസ് എന്നാണ് എന്റെ റെക്കോർഡ്‌സിലുള്ള പേര്. ജയിലിൽ സ്പീക്കറിലൂടെ ഈ പേരാണ് വിളിക്കുക. എനിക്കത് അറിയില്ല, എന്റെ മനസ്സിൽ സഹീർ അബ്ബാസ് ആണല്ലോ. സ്പീക്കർ ക്ലിയർ അല്ല. അങ്ങനെ കാത്തിരുന്ന് 24 മത്തെ ദിവസമാണ് എന്റെ പേര് വിളിക്കുന്നത്. സന്തോഷം കൊണ്ട് ഞാനോടിച്ചെന്നു. ഈ സമയം പേരു വിളിച്ചു എന്ന് കള്ളം പറഞ്ഞു അവിടെ ചെന്നവരെ പൊലീസുകാർ തല്ലിക്കൊണ്ടിരിക്കുകയായിരുന്നു. എന്നോട് പേര് ചോദിച്ചപ്പോൾ ഞാൻ സഹീർ അബ്ബാസ് എന്ന് പറഞ്ഞു. അവർ എഴുതിവച്ചത് വെള്ളാംകുന്നിൽ ബഷീർ സഹീർ അബ്ബാസ് എന്നായിരുന്നു. പിന്നെ ഒറ്റ അടിയായിരുന്നു. എന്റെ സിനിമാമോഹം കാരണം കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്.

തുടക്കം 'ഉജ്വലം'

ഏറെക്കാലമായി കാത്തിരുന്ന ആ സമയം വന്നെന്ന് തോന്നുന്നു. ഞാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു. 'ഉജ്വലം' എന്നാണ് ചിത്രത്തിന്റെ പേര്. കഥ എന്റെയാണ്, സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത് വിഷ്ണു രാജാണ്. പ്രിയതാരങ്ങളായ ടിനി ടോമും രമേശ് പിഷാരടിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വ്യത്യസ്തമായ ലുക്കിലാണ് ഇരുവരും എത്തുന്നത്. സുനിൽ സുഗത, വെട്ടുകിളി പ്രകാശൻ, സീമ ജി നായർ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. നായകനും നായികയുമെല്ലാം പുതുമുഖങ്ങളാണ്. 25 ദിവസത്തിനുള്ളിൽ കൊച്ചിയിലും പാലക്കാടുമായി ചിത്രീകരിക്കാനാണ് തീരുമാനം. അതിന്റെ തിരക്കിലാണ് ഇപ്പോൾ. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പിന്തുണയുമൊക്കെ ഉണ്ടാകണം.

saheer432yygf
മകൾക്കൊപ്പം സഹീർ അബ്ബാസ്
Tags:
  • Celebrity Interview
  • Movies