ADVERTISEMENT

ജനിച്ചത് തലശേരിയിൽ. വളർന്നതും പഠിച്ചതും മുംബൈയിൽ. ഉപരി പഠനം യു.കെയിലും സിംഗപ്പൂരിലും. തുടർന്ന് 13 രാജ്യങ്ങളിലായി, ഓയിൽ ഇൻഡസ്ട്രിയിൽ ജോലി. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ, ബംഗാളി, മറാത്തി, പഞ്ചാബി, ഗുജറാത്തി തുടങ്ങി പ്രധാന ഭാഷകളൊക്കെ പച്ചവെള്ളം പോലെ പറയും, വായിക്കും. എങ്കിലും മലയാളം എഴുതാൻ അത്ര പോര. ഒടുവില്‍ ജോലി വിട്ട്, അത്ര കാലം സമ്പാദിച്ച പണം കരുതി വച്ച്, അഭിനയം എന്ന വലിയ ആഗ്രഹത്തിനു പിന്നാലെ യാത്ര. അതും വെറുതെയായില്ല. ഏഴ് വർഷത്തിനുള്ളിൽ മലയാളം, തമിഴ് സീരിയലുകളില്‍ എണ്ണം പറഞ്ഞ വേഷങ്ങൾ. ഇപ്പോൾ ‘സാന്ത്വന’ത്തിലെ ഹരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതൻ....

പറയുന്നത് ഗിരീഷിനെക്കുറിച്ചാണ്. ചുരുങ്ങിയ കാലത്തിനിടെ മലയാളം മിനിസ്ക്രീനിൽ തന്റെതായ ഇടം നേടിയ ചെറുപ്പക്കാരനെക്കുറിച്ച്. ഇപ്പോഴിതാ, തിരുവനന്തപുരത്ത് സ്വന്തമായി ഒരു വീട് എന്ന മോഹവും ഗിരീഷ് യാഥാർഥ്യമാക്കിയിരിക്കുന്നു. പൂജപ്പുരയിലാണ് ഗിരീഷിന്റെ പുതിയ ഫ്ലാറ്റ്.

ADVERTISEMENT

‘‘തലശേരിയാണ് എന്റെ നാട്. അച്ഛന് ബാലകൃഷ്ണൻ നമ്പ്യാർക്ക് മുംബൈയിലായിരുന്നു ജോലി. അമ്മ ഗിരിജ. ഞാനും കുട്ടിക്കാലത്തേ മുംബൈയിലേക്കു പോയി. വളർന്നത് മുംബൈയിലാണ്. ഇടയ്ക്ക് ഏഴ് മുതൽ പത്താം ക്ലാസ് വരെ നാട്ടിലാണ് പഠിച്ചത്. അതിനു ശേഷം വീണ്ടും മടങ്ങിപ്പോയി. ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞ്, യുകെയിലും സിംഗപ്പൂരിലും ഓയിൽ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട കോഴ്സുകൾ ചെയ്തു. ഓയിൽ ഇൻഡസ്ട്രിയിൽ പല കമ്പനികളിലായി അഞ്ച് വർഷത്തോളം ജോലിയുമെടുത്തു. ഏകദേശം 13 രാജ്യങ്ങളിലാണ് അക്കാലത്ത് പ്രവർത്തിച്ചത്. മലയാളം എനിക്ക് എഴുതാനറിയില്ല. വായിക്കാനും പറയാനും അറിയാം. മറാത്തി, ഗുജറാത്തി, ബംഗാളി, പഞ്ചാബി, ഹിന്ദി തുടങ്ങിയ നോർത്ത് ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും കൈകാര്യം ചെയ്യും. സൗത്ത് ഇന്ത്യൻ ഭാഷകള്‍ കുറച്ച് പാടാണ്’’. – ഗിരീഷ് ‘വനിത ഓൺലൈനോട്’ പറയുന്നു.

gireesh-new-2

അഭിനയരംഗത്തേക്ക്

ADVERTISEMENT

തിരുവനന്തപുരത്ത് സ്വന്തമായി ഒരു വീട് എന്നത് സ്വപ്നമായിരുന്നു. പത്മനാഭന്റെ മണ്ണിനോടുള്ള ഇഷ്ടമാണ് കാരണം. കുടുംബവീടിന് പുറമേ, തലശേരിയിൽ നേരത്തേ ഞാൻ ഒരു വീട് വാങ്ങിയിരുന്നു. അതിനു ശേഷമാണ് തിരുവനന്തപുരത്ത് വീട് വാങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

ചെറുപ്പം മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. ജോലി ചെയ്ത് അത്യാവശ്യം സമ്പാദ്യമായപ്പോഴാണ് അഭിനയ രംഗത്തേക്കു വന്നത്. ആദ്യം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു. പിന്നീട് പല ചാനലുകളിൽ ആങ്കറിങ്. അതിനു ശേഷമാണ് എം.എ നിഷാദ് സാറിന്റെ സഹസംവിധായകനായി ‘മധുര ബസ്’ എന്ന ചിത്രത്തിൽ പ്രവർത്തിച്ചത്. തുടർന്ന് ‘വണ്ടർഫുൾ ജേണി’ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തു. ആങ്കറിങ് വഴിയാണ് സിനിമയിൽ അവസരം ലഭിച്ചത്. അതിനിടെ ചാനൽ പരിപാടികൾക്ക് തിരക്കഥയെഴുതുന്നുണ്ടായിരുന്നു.

ADVERTISEMENT

സീരിയൽ രംഗത്ത്

എന്റെ ആദ്യ സീരിയൽ ‘ഭാഗ്യലക്ഷ്മി’യാണ്. ഏഴ് വർഷം മുമ്പ്. ‘സാന്ത്വനം’ മലയാളത്തിൽ എന്റെ എട്ടാമത്തെ സീരിയലാണ്. രണ്ട് തമിഴ് സീരിയലുകളും ചെയ്തു. ‘ദത്തുപുത്രി’ എന്ന പരമ്പരയാണ് ബ്രേക്ക് തന്നത്. ‘ശിവകാമി’യിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. ‘സാന്ത്വന’ത്തിലെ വേഷം വലിയ പ്രേക്ഷക പ്രീതിയാണ് നേടിത്തരുന്നത്. എല്ലാവരും സീരിയലിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും നല്ല അഭിപ്രായങ്ങൾ പറയുന്നു. നല്ല ടീം, നല്ല കഥ, നല്ല പ്രൊഡക്ഷൻ കമ്പനി. ഇവയെല്ലാം ചേരുന്നതിന്റെ ഗുണമാണ് സാന്ത്വനത്തെ ശ്രദ്ധേയമാക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ സജി പെരിങ്ങമല വഴിയാണ് എനിക്ക് ഈ അവസരം കിട്ടിയത്.

gireesh-new-3

കുടുംബം

ഭാര്യ പാർവതി. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട്, പ്രണയിച്ച് വിവാഹിതരായവരാണ് ഞങ്ങൾ. ഗൗരിയാണ് മകൾ. കൊറോണയുടെ പ്രശ്നങ്ങൾ തുടങ്ങും വരെ തമിഴിലും മലയാളത്തിലും ഒരേ സമയം വർക്കുകളുണ്ടായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗണ്‍ ഒക്കെ വന്നത്. ആ സമയത്താണ് വീട് വാങ്ങാൻ പ്ലാൻ ചെയ്തതും. എല്ലാം ദൈവത്തില്‍ വിശ്വസിച്ചാണ് ചെയ്യുന്നത്. അഭിനയ രംഗത്തേക്ക് വരുമ്പോൾ ആദ്യം കുറേക്കാലം നന്നായി കഷ്ടപ്പെടേണ്ടി വരും എന്നറിയാമായിരുന്നു. അതിനാൽ അത്യാവശ്യം നല്ല സമ്പാദ്യം ഉണ്ടാക്കി വച്ചിരുന്നു. അതാണ് വീടിന്റെ കാര്യത്തിനൊക്കെ ഇപ്പോഴും സഹായകമായത്. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ.









ADVERTISEMENT