ADVERTISEMENT

‘‘ഒരിക്കൽ പരിചയപെട്ടവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിയാകും സച്ചി’’.– പറയുന്നത് സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമയിൽ കണ്ണമ്മയെ അവിസ്മരണീയ മാക്കിയ ഗൗരി നന്ദ. തന്റെ പ്രൊഫൈൽ ഫോട്ടോ സച്ചിക്കൊപ്പമുള്ളതാണ് ഇപ്പോഴും. കൂടെ വർക്ക് ചെയ്യുന്ന ആരുടേയും കൂടെ ഫോട്ടോ എടുക്കാത്ത ഗൗരി സച്ചിക്കൊപ്പം ആദ്യമായി ഒരു ചിത്രം എടുത്തു. അതിനു പിന്നിൽ ഒരു കഥയുണ്ട്.

‘‘അയ്യപ്പനും കോശിയും ഷൂട്ടിന്റെ അവസാനത്തെ ദിവസം. അട്ടപാടിയിലെ ഷൂട്ട് കഴിഞ്ഞ് കുറച്ചു ദിവസം പാലക്കാട് ഷൂട്ടുണ്ട്. അട്ടപ്പാടിയിൽ പാക്ക് അപ്പ്‌ ഡേ ആണ് അന്ന്. ഞാൻ നോക്കുമ്പോൾ എല്ലാവരും സച്ചിഏട്ടന് ഒപ്പം നിന്നു ചിത്രങ്ങൾ എടുക്കുന്നു. ഞാൻ ആണെങ്കിൽ പൊതുവെ അങ്ങനെ ചിത്രം എടുക്കാൻ മടിയുള്ള ആളാണ്. പക്ഷെ പെട്ടന്ന് എനിക്ക് തോന്നി ഒരു ഫോട്ടോ വേണം. ഞാൻ വേഗം സച്ചി ഏട്ടന്റെ അടുത്തേക്ക് ചെന്നു. നമുക്ക് ഒന്നിച്ചുള്ള ഒരു പടം എടുക്കാം സച്ചിയേട്ടാ എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നോകീട്ടു ചോദിച്ചു, അതിന്റെയൊക്കെ ആവശ്യം എന്താടാ എന്ന്. പക്ഷേ ഞാൻ വിട്ടില്ല. വേണം എന്ന് നിർബന്ധം പറഞ്ഞു. ആദർശ് എന്നൊരു ഫോട്ടോഗ്രാഫർ ആയിരുന്നു ആ ചിത്രം എടുത്തത്. പിന്നെ പാക്ക് അപ്പ്‌ ആയി. സിനിമയുടെ റിലീസ് ആയി. വിജയ തിളക്കം ആയി. ഇതിനിടയിൽ ആ ചിത്രത്തിന്റെ കാര്യം ഞാൻ മറന്നു പോയി. അപ്രതീക്ഷിതമായിട്ടാണല്ലോ സച്ചി ഏട്ടൻ പോയത്. ആകെ ഷോക്ക് ആയി പോയി. എനിക്ക് ആ ചിത്രം വേണം എന്ന് തോന്നി. ഞാൻ വാട്സ്ആപ്പിൽ ആദർശിന്‌ ഡാ എന്നൊരു മെസ്സേജ് അയച്ചതെ ഉള്ളൂ. മറുപടി വന്നത് ഈ ചിത്രമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം’’. – ഗൗരി പറയുന്നു.

ADVERTISEMENT

എന്റെ കരിയറിലെ ട്വിസ്റ്റ്‌

‘അനാർക്കലി’യുടെ കാസ്റ്റിങ് നടക്കുമ്പോൾ ആണ് ആദ്യമായി സച്ചി ഏട്ടനെ പരിചയപ്പെടുന്നത്. ആ ചിത്രത്തിൽ എനിക്ക് പറ്റിയ വേഷം ഒന്നും ഇല്ലായിരുന്നു. അതല്ലെങ്കിലും അങ്ങനെ ആണ്. എഴുതുന്ന കഥ തീരുമ്പോളേക്കും സച്ചിയേട്ടന്റെ മനസ്സിൽ അതിന്റെ കഥാപാത്രങ്ങൾ കാസ്റ്റ് നടന്നിട്ടുണ്ടാകും. അതിൽ ഒരുപാട് കൺഫ്യൂഷൻ ആർക്കും വരാറുമില്ല. കണ്ണമയിലേക്ക് എനിക്ക് വിളി എത്തിയതും. അപ്രതീക്ഷിതമായിട്ടാണ്. ‘‘നിനക്ക് ഒരു വേഷം ഉണ്ട്. നീ ചെയ്‌താൽ നന്നാവും എന്ന് എനിക്ക് തോന്നുന്നു’’. ഇത്രയുമേ പറഞ്ഞുള്ളു. എന്റെ കരിയറിലെ ട്വിസ്റ്റ്‌ അതായിരുന്നു.

ADVERTISEMENT

സച്ചിയേട്ടൻ ഒരു മാജിക് ആയിരുന്നു

സച്ചിയേട്ടൻ ഒരു മാജിക് ആയിരുന്നു. മനുഷ്യത്വം ഇത്രയുമുള്ള മറ്റൊരു മനുഷ്യനെ എനിക്ക് അറിയില്ല. ചിലർ പറയുന്നത് കേട്ടു. സച്ചി കരിയറിലെ ഹിറ്റ്‌ ചെയ്തിട്ടല്ലേ വിട വാങ്ങിയത് എന്ന്. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ച് അതൊരു തുടക്കം മാത്രം ആയിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള നാലോ അഞ്ചോ സിനിമകൾ അദ്ദേഹത്തിന്റെ പണിപ്പുരയിൽ ഉണ്ടായിരുന്നു. ഇനി പറഞ്ഞിട്ട് അർഥമില്ല എന്നു അറിയാം. സച്ചിയേട്ടൻ ഒരു മാജിക് ആയിരുന്നു. അദ്ദേഹം നമ്മളെ ചുമ്മാ കളിപ്പിക്കുകയാണ്. ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാൻ ആണിഷ്ടം.

ADVERTISEMENT
ADVERTISEMENT