Thursday 27 February 2020 09:49 AM IST

ചോറ് പൂർണമായും ഉപേക്ഷിച്ചു, മൈഗ്രേൻ തുടങ്ങി, ആരോഗ്യം പ്രശ്നമായി, എന്നിട്ടും വിട്ടുവീഴ്ച ചെയ്തില്ല! കണ്ണമ്മയാകാൻ ഗൗരി നന്ദ ചെയ്തത് ഇതാണ്

V.G. Nakul

Sub- Editor

g1

കാടിന്റെ മകളാണ് കണ്ണമ്മ. കനലില്‍ വാർത്തെടുത്ത പെണ്ണ്. വെല്ലുവിളികളെ നെഞ്ച് വിരിച്ച് നേരിടുന്ന അവൾ മലയാള സിനിമയുടെ വാർപ്പുമാതൃകാ നായികമാരിൽ നിന്നു വേറിട്ടു നിൽക്കുന്നു. ആ വേറിട്ടു നിൽപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന് കണ്ണമ്മയ്ക്ക് ജീവൻ പകർന്ന ഗൗരി നന്ദയുടെ അഭിനയത്തികവ് കൂടിയാണ്. ആണത്തത്തിന്റെ ഉത്സവം പോലെ അയ്യപ്പനും കോശിയും പൂണ്ടുവിളയാടുമ്പോൾ, അയ്യപ്പന്റെ ഭാര്യയായ കണ്ണമ്മയെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തു പിടിച്ചു.

എന്നാൽ അധികം ആർക്കും അറിയാത്ത മറ്റൊരു അതിജീവനം കൂടിയാണ് കണ്ണമ്മ. ഗൗരി നന്ദയുടെ 10 വർഷത്തെ കാത്തിരിപ്പിന്റെ ഫലം. ആ കാത്തിരിപ്പിന്റെ കഥ പറഞ്ഞു കൊണ്ടാണ് ഗൗരി ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയത്.

‘‘എന്റെ ആദ്യ സിനിമ 2010ൽ ആണ്, സുരേഷ് ഗോപിയുടെ നായികയായി ‘കന്യാകുമാരി എക്സ്പ്രസ്’. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു. മലയാളത്തിൽ ‘ലോഹം’, ‘കനൽ’ എന്നീ ചിത്രങ്ങളിലും. പക്ഷേ, പ്രതീക്ഷിച്ച ബ്രേക്ക് കിട്ടിയില്ല. എങ്കിലും കാത്തിരിക്കാൻ ഞാൻ തയാറായിരുന്നു. ആ കാത്തിരിപ്പാണ് കണ്ണമ്മയിലൂടെ സഫലമായത്. ‘പകടിയാട്ടം’ എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് സച്ചിസാർ ‘അയ്യപ്പനും കോശി’യിലേക്കും വിളിച്ചത്. ’’

കാണാതെ ചെയ്തത്

കണ്ണമ്മയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയുന്നു, പ്രധാനമായും റിയൽ ആയി ഫീൽ ചെയ്തു എന്നാണ്. പക്ഷേ, ജീവിതത്തിൽ ആദ്യമായി ഞാൻ ആദിവാസി സ്ത്രീകളെ കണ്ടതും പരിചയപ്പെട്ടതും ഷൂട്ടിങ്ങിന് അട്ടപ്പാടിയിൽ ചെന്നപ്പോഴാണ്. സച്ചി സാർ പറഞ്ഞതനുസരിച്ചായിരുന്നു തയാറെടുപ്പുകൾ. അദ്ദേഹം ക്യാരക്ടറിനെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞു തന്നു. സിനിമ കണ്ടവർ ആദിവാസികൾക്കിടയിൽ അവരിൽ ഒരാളായി തോന്നി എന്നു പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഫുൾ ക്രെഡിറ്റും സച്ചി സാറിനാണ്.

ശരീരം മറന്ന് തയാറെടുപ്പ്

g2

എനിക്ക് അത്യാവശ്യം വണ്ണമുണ്ടായിരുന്നു. ഈ സിനിമയിലേക്ക് സച്ചി സാർ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് കണ്ണമ്മ നന്നായി മെലിഞ്ഞിട്ടാണ് എന്നായിരുന്നു. സാരിയാണ് കോസ്റ്റ്യൂം. അപ്പോൾ എല്ലൊക്കെ പുറത്തു കാണണം. എത്രത്തോളം വണ്ണം കുറയ്ക്കാമോ അത്രത്തോളം കുറയ്ക്കാൻ പറഞ്ഞു. റിയൽ ആയി ഫീല്‍ ചെയ്യാൻ എല്ലാ അർഥത്തിലും ആ മേക്കോവർ വേണം. ട്രൈബൽ ലുക്കിലേക്ക് വരാൻ മേക്കപ്പ് ഉപയോഗിച്ച് നിറം കറുപ്പാക്കി.

ശാരീരികമായ തയാറെടുപ്പിന്റെ ഭാഗമായി നോർമൽ ഫുഡ് ഹാബിറ്റ്സ് മാറ്റി. ചോറ് പൂർണമായും ഉപേക്ഷിച്ചു. പച്ചക്കറി മാത്രം കഴിച്ചു. അത് ആരോഗ്യത്തെ ചെറുതായി ബാധിച്ചു. മൈഗ്രേൻ തുടങ്ങി. ജിം ഒഴിവാക്കിയുള്ള വർക്കൗട്ടും തുടങ്ങി. ഇടയ്ക്ക് ഡോക്ടറെ കണ്ടപ്പോൾ നോൺ വെജ് എന്തെങ്കിലും ഉപയോഗിക്കണം എന്നു പറഞ്ഞെങ്കിലും സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാൻ ഞാൻ തയാറായിരുന്നു.

g4

കാത്തിരിക്കാൻ മടുപ്പ് തോന്നിയില്ല

എന്റെ അച്ഛന്റെ സുഹൃത്തായിരുന്നു ‘കന്യാകുമാരി എക്സ്പ്രസി’ന്റെ നിർമാതാവ്. അങ്ങനെയാണ് സിനിമയിൽ എത്തിയത്. ആദ്യ സിനിമ കഴിഞ്ഞപ്പോൾ പാഷൻ തോന്നി. തമിഴിൽ നല്ല അവസരങ്ങൾ കിട്ടിയെങ്കിലും മലയാളത്തിൽ ഒരു ബ്രേക്ക് കിട്ടാൻ 10 വർഷം കാത്തിരുന്നു. പക്ഷേ, മടുപ്പ് തോന്നിയില്ല. വൈകിയാലും നല്ല അവസരം വരും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പലരും ഉപദേശിച്ചെങ്കിലും ഞാൻ കാത്തിരിക്കാൻ തയാറായിരുന്നു. സിനിമ മാത്രമായിരുന്നു ഫോക്കസ്. അതിന്റെ ഫലമാണ് കണ്ണമ്മ.

പിന്തുണ

വളരെ സപ്പോർട്ടീവാണ് ബിജു മേനോനും പൃഥ്വിരാജും. നല്ല അഭിനേതാക്കളും നല്ല മനുഷ്യരും. രണ്ടു പേരും ക്യാരക്ടറുകളായി നിൽക്കുമ്പോൾ അതിന്റെ നേട്ടം എന്റെ അഭിനയത്തിനും കിട്ടി. സിനിമയെ ഏറെ സ്നേഹിക്കുന്ന രണ്ടു വലിയ നടൻമാർക്കൊപ്പം അഭിനയിക്കാനായത് ഭാഗ്യം.

g5

കുടുംബം

അച്ഛൻ പട്ടാളത്തിലായിരുന്നു. 20 വർഷം മുമ്പ് മരിച്ചു. അമ്മയും ഞാനുമാണ് ഇപ്പോൾ വീട്ടിൽ. സഹോദരിയുടെ വിവാഹം കഴിഞ്ഞു. എനിക്ക് ഉടൻ കല്യാണത്തിന് പ്ലാൻ ഒന്നുമില്ല. കല്യാണമേ വേണ്ട എന്നൊന്നുമല്ല കേട്ടോ. തൽക്കാലം സിനിമ മാത്രമാണ് മനസ്സിൽ. നല്ല നടി എന്ന സിഗ്നേച്ചർ വേണം എന്നാണ് ആഗ്രഹം. ഇപ്പോൾ ചില കഥകളൊക്കെ കേൾക്കുന്നു. കണ്ണമ്മ വലിയ ഉത്തരവാദിത്വമാണ്. അത് പരിഗണിച്ചാകും ഇനിയുള്ള കഥാപാത്രങ്ങൾ സ്വീകരിക്കുക.