ഭാവിവധു ഗോപികയ്ക്കു കിടിലന്‍ സർപ്രൈസ് ഒരുക്കി നടന്‍ ഗോവിന്ദ് പത്മസൂര്യ. സൂപ്പർതാരം മോഹൻലാലിനെ വിവാഹം ക്ഷണിക്കാനാണ് ഗോവിന്ദ് പത്മസൂര്യ എത്തിയത്. ഗോപികയും സഹോദരി കീർത്തനയും ഒപ്പമുണ്ടായിരുന്നു. ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും കീര്‍ത്തനയുമാണ്. അതിനുശേഷം മോഹൻലാലിനെ കാണാൻ അവസരം കിട്ടിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സ്ക്രീനിലെ ‘അച്ഛനും മക്കളും’ തമ്മിലുള്ള കൂടിക്കാഴ്ച.
ജിപിയോട് വീണ്ടും മോഹൻലാലിനെ കാണാനുള്ള ആഗ്രഹം ഗോപികയും കീർത്തനയും പങ്കുവയ്ക്കാറുണ്ടായിരുന്നു. എമ്പുരാന്റെ ഷൂട്ടിങ് കാരണം ഇനിയുള്ള ഏഴെട്ടു മാസം മോഹന്‍ലാല്‍ വിദേശത്ത് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു സര്‍പ്രൈസ് കൂടിക്കാഴ്ച ജിപി ഒരുക്കിയത്.
എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിവാഹ ക്ഷണക്കത്തിനൊപ്പം കസവുമുണ്ടും സമ്മാനിച്ച് ജിപിയും ഗോപികയും മോഹൻലാലിന്റെ അനുഗ്രഹം വാങ്ങി. ജനുവരി 28 നാണ് ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം.