Wednesday 08 May 2019 01:42 PM IST : By സ്വന്തം ലേഖകൻ

സ്വന്തം ജീവിതം പറഞ്ഞ്, ബാങ്ക് ഉദ്യോഗസ്ഥരുടെ ഹ്രസ്വ ചിത്രം! ‘ഐ ആം എ ബാങ്കർ’ ശ്രദ്ധേയമാകുന്നു

bank

ബാങ്ക് ഉദ്യോഗസ്ഥരുടെ ജീവിതം പറഞ്ഞ്, ബാങ്ക് ഉദ്യോഗസ്ഥർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ‘ഐ ആം എ ബാങ്കർ’ എന്ന ഈ ഷോർട് ഫിലിമിന്റെ അണിയറ പ്രവർത്തകരൊക്കെ ഇന്ത്യന്‍ ഓവർസീസ് ബാങ്കിലെ ഉദ്യേഗസ്ഥരാണ്. ബാങ്കിന്റെ കണ്ണൂർ, തളാത്ത് ബ്രാഞ്ചിന്റെ മാനേജർ ജിൻസാണ് ചിത്രത്തിന്റെ സംവിധായകൻ.

അധികമാരും അടയാളപ്പെടുത്തിയിട്ടില്ലാത്തതാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ജീവിതം. എന്നാൽ, ഒരു ബാങ്ക് ജീവനക്കാരന്റെ ഔദ്യോഗിക ജീവിതവും അയാളുടെ അനുഭവങ്ങളുമാണ് ‘ഐ ആം എ ബാങ്കറി’ന്റെ കഥാപശ്ചാത്തലം.

സംവിധായകൻ ജിന്‍സിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ഏടാണ് ചിത്രത്തിന്റെ കഥയ്ക്കു പിന്നിൽ.

‘‘ഞാൻ ബാങ്കിന്റെ കാസർഗോഡ് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന കാലത്തുണ്ടായ ഒരു അനുഭവമാണ് ചിത്രത്തിന്റെ വൺലൈൻ ആയത്. വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം അത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്ന ഒരു പെൺകുട്ടിയുടെ ദുരിത ജീവിതവും അതേത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് കഥയ്ക്കു പിന്നിൽ. അതിൽ മറ്റു ചില സമാന സന്ദർഭങ്ങൾ കൂടി ചേർത്ത് തിരക്കഥ തയാറാക്കുകയായിരുന്നു’’. – ജിന്‍സ് പറയുന്നു.

അനുരൂപ്, ദീപു, ജ്യോതി, ജിൻസ്, നിഷ, പ്രേം, രേഖ, ഷാജി, ശ്രീനിവാസ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്ററും, ബാക്ക് ഗ്രൗണ്ട് മ്യുസിഷനുമൊഴികെ നടീ നടൻമാരും മറ്റ് അണിയറ പ്രവർത്തകരും ഐ.ഒ.ബിയിലെ ഉദ്യോഗസ്ഥരാണ്. പ്രേം ആണ് ഛായാഗ്രഹണം.

ബാലു, ഗായത്രി, ശ്രീനിവാസ്, ഷാജി, രാഹുൽ, വിനി, ആഷ, ഗൗരി, പ്രേം, ജ്യോതി, രഞ്ജിത്, അജിത്, നിഷ, ജിന്‍സ്, അനുരൂപ്, രേഖ, സന്തോഷ്, ശ്രീകുമാരി എന്നിവരാണ് അഭിനേതാക്കൾ.

വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ ഏകോപിപ്പിച്ച് ഇത്തരമൊരു സംരംഭം തയാറാക്കുക എന്നത് ചെറിയ ശ്രമമായിരുന്നില്ല. അഭിനേതാക്കളെ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത്, വർക്ക് ഷോപ്പ് നടത്തിയാണ് ക്യാമറയുടെ മുമ്പിലെത്തിച്ചത്. ഒരു വർഷമാണ് ചിത്രം ഒരുക്കാൻ വേണ്ടി വന്നത്. ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെയും ബാങ്കിന്റെയും പിന്തുണ മറക്കാവുന്നതല്ല എന്നും സംവിധായകൻ പറയുന്നു. രണ്ടു ലക്ഷം രൂപയോളം ചിലവാക്കിയാണ് ചിത്രം പൂർത്തിയാക്കിയത്.